

അന്തരിച്ച ദുബായ് രാജകുടുംബാംഗം ഷെയ്ഖ് അഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ വിയോഗത്തില്‍ അനുശോചനം നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഷെയ്ഖ് അഹമ്മദിന്റെ വിയോഗത്തില്‍ കടുത്ത ദുഃഖമുണ്ടെന്ന് നരേന്ദ്ര മോദി അറിയിച്ചു. സമൂഹത്തെ സേവിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ വരും തലമുറകളും വിലമതിക്കുമെന്ന് നരേന്ദ്ര മോദി പറഞ്ഞു. ദുബായ് ഭരണാധികാരികളുടെയും അവിടുത്തെ ജനങ്ങളുടെയും ദുഃഖത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
ദുബായ് ഭരണകുടുംബത്തിലെ മുതിര്‍ന്ന അംഗവും ദുബായ് പൊലീസ് ആന്‍ഡ് പബ്ലിക് സെക്യൂരിറ്റി ഡെപ്യൂട്ടി ചീഫുമായിരുന്ന ഷെയ്ഖ് അഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ഇന്ന് രാവിലെയാണ് വിട പറഞ്ഞത്. ദുബായ് മീഡിയ ഓഫീസാണ് മരണവിവരം അറിയിച്ചത്. മരണത്തെ തുടര്‍ന്ന് ദുബായില്‍ ഇന്ന് മുതല്‍ 10 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഈ കാലയളവില്‍ എമിറേറ്റിലുടനീളം ദേശീയ പതാകകള്‍ പകുതി താഴ്ത്തിക്കെട്ടുമെന്നും അധികൃതര്‍ അറിയിച്ചു.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സഹോദരന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ സമൂഹമാധ്യമ അക്കൗണ്ടായ എക്‌സില്‍ പങ്കുവെച്ച സന്ദേശത്തില്‍ സഹോദരന്റെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തുകയും അദ്ദേഹത്തിനായി പ്രാര്‍ഥിക്കുകയും ചെയ്തു.
ദുബായുടെ വികസനത്തില്‍ നിര്‍ണായക പങ്ക് വഹിച്ച വ്യക്തിത്വമാണ് ഷെയ്ഖ് അഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം. ദുബായ് പൊലീസ് ആന്‍ഡ് പബ്ലിക് സെക്യൂരിറ്റിയുടെ ഡെപ്യൂട്ടി ചീഫായും അല്‍ വസല്‍ സ്‌പോര്‍ട്‌സ് ക്ലബ് ചെയര്‍മാനായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. മുന്‍ യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായിരുന്ന അന്തരിച്ച ഷെയ്ഖ് റാഷിദ് ബിന്‍ സയീദ് അല്‍ മക്തൂമിന്റെ നാലാമത്തെയും ഇളയതുമായ മകനാണ് അദ്ദേഹം. യുകെയിലെ റോയല്‍ മിലിട്ടറി അക്കാദമി സാന്‍ഡ്ഹര്‍സ്റ്റില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ ശേഷം ദുബായിലെ സെന്‍ട്രല്‍ മിലിട്ടറി റീജിയനില്‍ ചേര്‍ന്ന അദ്ദേഹം പിന്നീട് അതിന്റെ കമാന്‍ഡറായി. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഈ സൈനിക കേന്ദ്രം യുഎഇയിലെ പ്രധാന സൈനിക സംവിധാനങ്ങളിലൊന്നായി വികസിച്ചു.
ദുബായ് ഇന്റര്‍നാഷണല്‍ മറൈന്‍ ക്ലബ് സ്ഥാപിക്കുന്നതിലും പ്രവര്‍ത്തനം ആരംഭിക്കുന്നതിലും അദ്ദേഹം പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. 1988ല്‍ ക്ലബിന്റെ ആദ്യ ചെയര്‍മാനായി ചുമതലയേറ്റു. മിഡില്‍ ഈസ്റ്റിലും ആഫ്രിക്കയിലും ഇന്റര്‍നാഷണല്‍ മറൈന്‍ സ്‌പോര്‍ട്‌സ് സംഘടനയായ UIM (Union Internationale Motonautique)ല്‍ അംഗമായ ആദ്യ ക്ലബായി ഇത് മാറി. 1989ല്‍ ദുബായിലെ സമുദ്ര കായികരംഗത്തിന്റെ വളര്‍ച്ചയില്‍ വിക്ടറി ടീമിന്റെ രൂപീകരണത്തിന് നല്‍കിയ പിന്തുണയും ശ്രദ്ധേയമായിരുന്നു.
Content Highlights: Prime Minister Narendra Modi condoled the demise of Dubai royal family member Sheikh Ahmed Bin Rashid Al Maktoum, expressing his condolences to the bereaved family.