UAEയിൽ വാഹനങ്ങളിലെ ഡാഷ്‌ക്യാമിലെ ദൃശ്യങ്ങൾ ഉപയോഗിച്ച് ട്രാഫിക് പിഴ ചോദ്യം ചെയ്യാം; ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

ട്രാഫിക് അപകടങ്ങളിലോ പിഴ സംബന്ധമായ തർക്കങ്ങളിലോ ഡാഷ്‌ക്യാം ദൃശ്യങ്ങൾ തെളിവായി ഉപയോഗിക്കാൻ സാധിക്കും

UAEയിൽ വാഹനങ്ങളിലെ ഡാഷ്‌ക്യാമിലെ ദൃശ്യങ്ങൾ ഉപയോഗിച്ച് ട്രാഫിക് പിഴ ചോദ്യം ചെയ്യാം; ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
dot image

യുഎഇയിൽ വാഹനങ്ങളിൽ സ്ഥാപിക്കുന്ന ഡാഷ്‌ക്യാമിൽ രേഖപ്പെടുത്തിയ ദൃശ്യങ്ങൾ ഉപയോഗിച്ച് ട്രാഫിക് പിഴ ചോദ്യം ചെയ്യാൻ സാധിക്കുമെന്ന് ദുബായ് പൊലീസ്. എന്നാലിത് സ്വകാര്യതാ നിയമങ്ങൾ ലംഘിക്കാതിരിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്.

ഡാഷ്‌ക്യാം ഉപയോഗിക്കുന്നത് യുഎഇയിൽ നിയമവിരുദ്ധമല്ല. അപകടങ്ങൾ, ട്രാഫിക് നിയമലംഘനങ്ങൾ, റോഡിലെ സംഭവങ്ങൾ എന്നിവയുടെ തെളിവുകൾ ശേഖരിക്കാൻ ഇത് സഹായകരമാണെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ട്രാഫിക് അപകടങ്ങളിലോ പിഴ സംബന്ധമായ തർക്കങ്ങളിലോ ഡാഷ്‌ക്യാം ദൃശ്യങ്ങൾ തെളിവായി ഉപയോഗിക്കാൻ സാധിക്കും.

എന്നാൽ വീഡിയോ വ്യക്തവും സംഭവത്തെ കൃത്യമായി കാണിക്കുന്നതുമായിരിക്കണം. അധികൃതർ ദൃശ്യങ്ങളുടെ ആധികാരികത പരിശോധിച്ച ശേഷം മാത്രമേ ഇത് തെളിവായി അംഗീകരിക്കുകയുള്ളു. ഡാഷ്‌ക്യാമിൽ രേഖപ്പെടുത്തിയ ദൃശ്യങ്ങൾ പൊലീസ് അന്വേഷണങ്ങൾക്കും ഇൻഷുറൻസ് ക്ലെയിം നടപടികൾക്കും സഹായകരമാണെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഡാഷ്‌ക്യാം ഉപയോഗിക്കുമ്പോൾ മറ്റുള്ളവരുടെ സ്വകാര്യത ലംഘിക്കാതിരിക്കേണ്ടതും ശ്രദ്ധിക്കണം. വ്യക്തികളുടെ അനുമതിയില്ലാതെ ചിത്രീകരിച്ച ദൃശ്യങ്ങളോ വീഡിയോകളോ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെക്കുന്നത് ഗുരുതര നിയമപ്രശ്നങ്ങൾക്ക് ഇടയാക്കുകയും ചെയ്യും.

യുഎഇ സൈബർ ക്രൈം നിയമം, ശിക്ഷാനിയമം, പകർപ്പവകാശ നിയമം എന്നിവ പ്രകാരം സ്വകാര്യത ലംഘനത്തിന് തടവും കനത്ത പിഴയും ലഭിക്കാനും സാധ്യതയുണ്ട്. അതിനാൽ ഡാഷ്‌ക്യാം പ്രധാനമായും റോഡും വാഹന ഗതാഗത സാഹചര്യങ്ങളും രേഖപ്പെടുത്തുന്നതിനായി മാത്രം ഉപയോഗിക്കണമെന്ന് അധികൃതർ നിർദേശിക്കുന്നത്. ട്രാഫിക് നിയമലംഘനങ്ങളിൽ തെറ്റായി പിഴ ചുമത്തിയെന്ന് തോന്നുന്നുവെങ്കിൽ അതിന് തെളിവുണ്ടെങ്കിൽ വാഹന ഉടമയ്ക്ക് അപ്പീൽ നൽകാൻ സാധിക്കും. വിശ്വാസവും അതിന് തെളിവുമുണ്ടെങ്കിൽ വാഹന ഉടമകൾക്ക് അപ്പീൽ നൽകാം.

അബുദാബിയിലാണെങ്കിൽ പൊലീസിന്റെ e-complaint portal വഴി പരാതി നൽകാം. ട്രാഫിക് വകുപ്പ് പരാതി പരിശോധിച്ച് ആവശ്യമായാൽ കൂടുതൽ വിവരങ്ങൾ തേടുകയും പിഴ തെറ്റായി ചുമത്തിയതാണെന്ന് കണ്ടെത്തിയാൽ അത് റദ്ദാക്കുകയും ചെയ്യും. ദുബായിലാണെങ്കിൽ ദുബായ് അൽ ബർഷയിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ആസ്ഥാനത്തോ സമീപത്തെ പൊലീസ് സ്റ്റേഷനിലോ നേരിട്ട് പരാതി നൽകാം. ദുബായ് പബ്ലിക് പ്രോസിക്യൂഷൻ വെബ്സൈറ്റ് വഴിയും ഓൺലൈനായും എതിർപ്പ് രേഖപ്പെടുത്താം. ഷാർജ, അജ്‌മാൻ, റാസൽ ഖൈമ, ഉമ്മ് അൽ ഖുവൈൻ, ഫുജൈറ എന്നീ മറ്റ് എമിറേറ്റ്സുകളിലാണെങ്കിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ MOI മൊബൈൽ ആപ്പ് വഴിയും പരാതി നൽകാം. ഡാഷ്‌ക്യാം ദൃശ്യങ്ങൾ ശരിയായ രീതിയിൽ ഉപയോഗിച്ചാൽ ട്രാഫിക് തർക്കങ്ങൾ വേഗത്തിൽ പരിഹരിക്കാനും തെറ്റായ പിഴകളിൽ നിന്ന് രക്ഷപ്പെടാനും സഹായിക്കും എന്നും അധികൃതർ അറിയിച്ചു.

Content Highlights: Motorists in the UAE may use dashcam recordings as supporting evidence when disputing traffic fines or reporting road incidents, provided the footage complies with applicable privacy and legal requirements.

dot image
To advertise here,contact us
dot image