

വാഹനം ഓടിക്കുമ്പോൾ വാഹനങ്ങൾക്കിടയിൽ ആവശ്യമായ അകലം പാലിക്കാതിരിക്കുന്നത് ഗുരുതര ട്രാഫിക് നിയമലംഘനമാണെന്നും കടുത്ത ശിക്ഷ ലഭിക്കുമെന്നും ദുബായ് പൊലീസ്. 400 ദിർഹം പിഴയും നാല് ബ്ലാക്ക് പോയിന്റും കൂടാതെ 30 ദിവസത്തേക്ക് വാഹനം പിടിച്ചെടുക്കൽ എന്നീ ശിക്ഷകളാണ് ഈ നിയമലംഘനത്തിന് ലഭിക്കുക.
റോഡപകടങ്ങൾക്ക് പ്രധാന കാരണങ്ങളിലൊന്നാണ് ‘ടെയിൽഗേറ്റിംഗ്’. ഇതുമൂലം അപകടങ്ങൾക്കുള്ള സാധ്യത വർധിക്കുന്നതായും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മുന്നിലുള്ള വാഹനത്തിന് സുരക്ഷിതമായി നിർത്താൻ ആവശ്യമായ സ്ഥലം നൽകാതെ വളരെ അടുത്ത് പിന്തുടരുന്നതാണ് ടെയിൽഗേറ്റിംഗ്. മുൻപിലുള്ള വാഹനം പെട്ടെന്ന് വേഗം കുറയ്ക്കുകയോ ബ്രേക്ക് ഇടുകയോ ചെയ്താൽ പിന്നിലുള്ള വാഹനത്തിന് പ്രതികരിക്കാൻ സമയം ലഭിക്കാത്തതിനാൽ അപകടസാധ്യത ഉയരും. ഇത്തരം ഡ്രൈവിംഗ് രീതി മറ്റ് ഡ്രൈവർമാരിൽ സമ്മർദം സൃഷ്ടിക്കുകയും പെട്ടെന്നുള്ള ലെെൻ മാറ്റങ്ങൾക്കും അപകടകരമായ നീക്കങ്ങൾക്കും കാരണമാകുകയും ചെയ്യുന്നു.
സുരക്ഷിത അകലം എങ്ങനെ ഉറപ്പാക്കുന്നതിനായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) നിർദേശിക്കുന്ന Two-Second Rule പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. റോഡിൽ ഒരു സ്ഥിരമായ അടയാളം, സൈൻബോർഡ്, മരം, റോഡ് മാർക്കിംഗ് എന്നിവ തെരഞ്ഞെടുക്കുക. മുന്നിലുള്ള വാഹനം ആ സ്ഥാനത്തെ മറികടന്നാൽ സെക്കൻഡുകൾ എണ്ണിത്തുടങ്ങുക. നിങ്ങളുടെ വാഹനം രണ്ട് സെക്കൻഡിനുള്ളിൽ അതേ സ്ഥാനത്ത് എത്തുന്നുവെങ്കിൽ സുരക്ഷിത അകലം ഇല്ലെന്നാണ് ഇത് അർഥമാക്കുന്നത്. മഴ, മൂടൽമഞ്ഞ് തുടങ്ങിയ സാഹചര്യങ്ങളിലും ഉയർന്ന വേഗതയിലും ഈ അകലം മൂന്ന് മുതൽ നാല് സെക്കൻഡ് വരെയെങ്കിലും വർധിപ്പിക്കണമെന്ന് അധികൃതർ വ്യക്തമാക്തിയിട്ടുണ്ട്.
ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്താൻ ദുബായ് പൊലീസ് എഐ അധിഷ്ഠിത റഡാർ സംവിധാനങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നു. പ്രധാന റോഡുകളിലും ഹൈവേകളിലുമുള്ള ഈ സ്മാർട്ട് റഡാറുകൾ എമർജൻസി ലെെൻ ഉപയോഗിക്കൽ, സോളിഡ് ലൈൻ മുറിച്ചുകടക്കൽ, പെട്ടന്നുള്ള ലെെൻ മാറ്റങ്ങൾ, ടെയിൽഗേറ്റിംഗ് എന്നിവ ഇത് വഴി കണ്ടെത്താൻ സാധിക്കും. വാഹനങ്ങൾക്കിടയിൽ സുരക്ഷിത അകലം പാലിക്കാത്തവർക്ക് 400 ദിർഹം പിഴ, 4 ബ്ലാക്ക്പോ യിന്റ്, 30 ദിവസത്തേക്ക് വാഹനം പിടിച്ചെടുക്കൽ തുടങ്ങിയ ശിക്ഷകൾ ലഭിക്കും.
റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും അപകടങ്ങൾ കുറയ്ക്കുന്നതിനുമായി സാങ്കേതികമായ നിരീക്ഷണങ്ങൾ കൂടുതൽ ശക്തമാക്കിയിട്ടുണ്ടെന്ന് ദുബായ് പൊലീസ് അറിയിച്ചു.
Content Highlights: Dubai Police have urged motorists to maintain a safe distance between vehicles, warning that violations can result in a Dh400 fine and four black points under UAE traffic regulations.