

യുഎഇ ദേശീയ പാസഞ്ചർ റെയിൽ ശൃംഖലയുടെ പുതിയ ഘട്ടത്തിന് തുടക്കമിട്ടുകൊണ്ട് ദുബായിലെ ആദ്യ ഇത്തിഹാദ് റെയിൽ പാസഞ്ചർ സ്റ്റേഷനായ 'അൽ യലായീസ്' സെപ്റ്റംബർ 30-ന് പ്രവർത്തനം ആരംഭിക്കുന്നു. ജുമേറ ഗോൾഫ് എസ്റ്റേറ്റിന് സമീപം, ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലാണ് ഈ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. ജനുവരിയിൽ തുടക്കമിട്ട അബുദാബി - ഫുജൈറ സർവീസിന് പിന്നാലെയാണ് ദുബായിലേക്കും ട്രെയിൻ സർവീസ് എത്തുന്നത്. സെപ്റ്റംബർ 30 മുതൽ ഷാർജയിലെ അൽ ദൈദിലേക്കും സർവീസ് വ്യാപിപ്പിക്കും.
പുതിയ സർവീസ് നിലവിൽ വരുന്നതോടെ ദുബായിലെ അൽ യലായീസിൽ നിന്ന് അബുദാബിയിലെ മുഹമ്മദ് ബിൻ സായിദ് സിറ്റിയിലേക്ക് വെറും 57 മിനിറ്റ് കൊണ്ട് യാത്ര ചെയ്യാൻ സാധിക്കും. ദക്ഷിണ ദുബായിലെ പ്രമുഖ റസിഡൻഷ്യൽ, വാണിജ്യ മേഖലകളായ അൽ ഫുർജാൻ, ദുബായ് ഇൻവെസ്റ്റ്‌മെന്റ് പാർക്ക്, ഗ്രീൻ കമ്മ്യൂണിറ്റി, ദുബായ് പ്രൊഡക്ഷൻ സിറ്റി, എക്‌സ്‌പോ സിറ്റി, ദുബായ് സൗത്ത് എന്നിവർക്ക് ഈ സ്റ്റേഷൻ ഏറെ ഉപകാരപ്പെടും. അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ഇവിടെ നിന്ന് റോഡ് മാർഗ്ഗം അരമണിക്കൂർ യാത്ര മാത്രമേയുള്ളൂ.
ഇത്തിഹാദ് റെയിലിനെ ദുബായ് മെട്രോയുമായി ബന്ധിപ്പിക്കുന്നു എന്നതാണ് അൽ യലായീസ് സ്റ്റേഷന്റെ ഏറ്റവും വലിയ പ്രത്യേകത. മെട്രോ റെഡ് ലൈനിലെ ജുമേറ ഗോൾഫ് എസ്റ്റേറ്റ് സ്റ്റേഷനുമായി ഇത്തിഹാദ് റെയിൽ സ്റ്റേഷനെ കാൽനടപ്പാലം വഴി ബന്ധിപ്പിക്കും. ഇത് യാത്രക്കാർക്ക് മെട്രോയിലേക്കും മറ്റ് പൊതുഗതാഗത സംവിധാനങ്ങളിലേക്കും എളുപ്പത്തിൽ മാറാൻ സഹായിക്കും. തുടക്കത്തിൽ ദുബായിൽ ഒരു സ്റ്റേഷൻ മാത്രമാണുള്ളതെങ്കിലും ഭാവിയിൽ മേദാൻ, അൽ മക്തൂം എയർപോർട്ട്, അൽ ജദ്ദാഫ് എന്നിവിടങ്ങളിലായി കൂടുതൽ സ്റ്റേഷനുകൾ തുറക്കാൻ പദ്ധതിയുണ്ട്. കൂടാതെ 2030-ഓടെ അബുദാബിയെയും ദുബായെയും 30 മിനിറ്റിൽ ബന്ധിപ്പിക്കുന്ന ഹൈ-സ്പീഡ് റെയിൽ സർവീസും യാഥാർത്ഥ്യമാകും.
ആദ്യഘട്ട ഓഫർ പ്രകാരം പ്രീമിയം ക്ലാസിന് 120 ദിർഹവും കംഫർട്ട് ക്ലാസിന് 55 ദിർഹവുമാണ് പ്രാരംഭ നിരക്ക്. രണ്ട് മുതൽ 17 വയസ്സ് വരെയുള്ള കുട്ടികൾക്ക് 50 ശതമാനവും 60 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്ക് 20 ശതമാനവും ഇളവ് ലഭിക്കും. രണ്ട് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യമാണ്. ടിക്കറ്റുകൾ ഇത്തിഹാദ് റെയിൽ മൊബൈൽ ആപ്പ് അല്ലെങ്കിൽ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ബുക്ക് ചെയ്യാം.
Content Highlights: Etihad Rail is moving closer to connecting with a station in Dubai, expanding the UAE’s railway network. The development is expected to improve connectivity and transform passenger travel across the country.