

യുഎഇയിലെ ബിസിനസ്സ് സ്ഥാപനങ്ങൾക്കായി മൂല്യവർദ്ധിത നികുതി (VAT) നിയമങ്ങളിൽ നിർണ്ണായക മാറ്റങ്ങൾ പ്രഖ്യാപിച്ച് ധനകാര്യ മന്ത്രാലയം. പണമിടപാടുകൾ, ജീവനക്കാരുടെ താമസ സൗകര്യം, മെഡിക്കൽ ഉത്പ്പന്നങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വ്യവസ്ഥകളിലാണ് പ്രധാന മാറ്റങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. 2026-ലെ 149-ാം നമ്പർ മന്ത്രിസഭാ തീരുമാന പ്രകാരമാണ് നികുതി നടപടിക്രമങ്ങളിലെ ഈ പുതിയ ഭേദഗതി പ്രാബല്യത്തിൽ വന്നത്.
രാജ്യത്തെ നികുതി നടപടികൾ കൂടുതൽ ലളിതമാക്കാനും ബിസിനസ്സ് തർക്കങ്ങൾ കുറയ്ക്കാനും ലക്ഷ്യമിട്ടാണ് ധനകാര്യ മന്ത്രാലയത്തിന്റെ ഈ നീക്കം. സാമ്പത്തിക ക്രമക്കേടുകളും നികുതി വെട്ടിപ്പുകളും തടയുന്നതിന്റെ ഭാഗമായി, നിർദ്ദിഷ്ട പരിധി കവിയുന്ന പണമിടപാടുകളിൽ ഇൻപുട്ട് ടാക്സ് വീണ്ടെടുക്കുന്നതിന് കൂടുതൽ കർശനമായ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ജീവനക്കാരുടെ താമസ സൗകര്യവുമായി ബന്ധപ്പെട്ട ചെലവുകളിലെ ഇൻപുട്ട് ടാക്സ് റിക്കവറി സംബന്ധിച്ച് പുതിയ ഉത്തരവിൽ വ്യക്തത വരുത്തിയിട്ടുണ്ട്. സ്ഥാപനങ്ങളുടെ യഥാർത്ഥ സാമ്പത്തിക പ്രവർത്തനങ്ങളെ പ്രതിഫലിപ്പിക്കുന്ന രീതിയിലാണ് ഇൻപുട്ട് ടാക്സ് ക്രമീകരണങ്ങൾ വിഭാവനം ചെയ്തിരിക്കുന്നത്. ഇതോടൊപ്പം മൂലധന ആസ്തി പദ്ധതികളും സംയുക്ത വിതരണത്തിനുള്ള വാറ്റ് ബാധ്യതയും മന്ത്രാലയം കൃത്യമായി നിർവ്വചിച്ചിട്ടുണ്ട്.
അതേസമയം, സർക്കാർ സ്ഥാപനങ്ങൾക്കും അംഗീകൃത ജീവകാരുണ്യ ട്രസ്റ്റുകൾക്കും നിലവിലുള്ള പഴയ രീതികൾ തന്നെ തുടർന്നുപോകാവുന്നതാണ്. ആരോഗ്യ മേഖലയ്ക്ക് കൂടുതൽ സഹായകരമാകുന്ന രീതിയിൽ ചില മെഡിക്കൽ ഉത്പ്പന്നങ്ങളുടെ വാറ്റ് വ്യവസ്ഥകളിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. അന്താരാഷ്ട്ര തലത്തിലെ മികച്ച നികുതി നയങ്ങളുമായി പ്രാദേശിക നിയമങ്ങളെ സമന്വയിപ്പിച്ച്, കൂടുതൽ സുതാര്യവും കാര്യക്ഷമവുമായ വ്യാപാരാന്തരീക്ഷം രാജ്യത്ത് ഉറപ്പാക്കുകയാണ് ഇതിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്.
Content Highlights: The UAE has announced new VAT rules concerning payment transactions and expenses related to employee accommodation. The updated regulations provide guidance for businesses on how VAT should be treated in these areas and may affect companies managing employee-related expenses and financial transactions