

വാഷിങ്ടണ്‍/തെഹ്‌റാന്‍: യുഎസില്‍ നവംബറില്‍ നടക്കാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിന് പിന്നാലെ ഇറാനുമായുള്ള യുദ്ധം അവസാനിക്കും എന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. റിപ്പബ്ലിക്കന്‍ നാഷണല്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനായി ഡാലസിലേക്ക് പുറപ്പെടും മുമ്പ് മാധ്യമപ്രവര്‍ത്തകരോടായിരുന്നു ട്രംപിന്റെ പ്രതികരണം. തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ ഇറാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും യുഎസിന്റെ സാമ്പത്തിക ഉപരോധത്തിന് മുന്നില്‍ അവര്‍ക്ക് പിടിച്ച് നില്‍ക്കാന്‍ കഴിയില്ലെന്നും ട്രംപ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. തെരഞ്ഞെടുപ്പിന് ശേഷം എണ്ണവില കുറയുമെന്നും ട്രംപ് പറഞ്ഞിട്ടുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ചര്‍ച്ചകള്‍ക്ക് സാധ്യതയുണ്ടെങ്കിലും അതിനല്ല യുഎസ് മുന്‍ഗണന നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
'തെരഞ്ഞെടുപ്പിന് ശേഷം യുദ്ധം പെട്ടെന്ന് തന്നെ അവസാനിക്കുമെന്നാണ് ഞാന്‍ ചിന്തിക്കുന്നത്. അവര്‍ക്ക് ഇനി ദീര്‍ഘകാലം പിടിച്ചുനില്‍ക്കാന്‍ സാധിക്കില്ല. അസ്വസ്ഥരായ അവര്‍ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുണ്ട്', ട്രംപ് പറഞ്ഞു. ഇറാന്‍ - യുഎസ് സംഘര്‍ഷം ഏഴാം മാസത്തിലേക്ക് കടക്കുമ്പോഴാണ് ട്രംപിന്റെ പ്രതികരണം.
അതേസമയം പശ്ചിമേഷ്യന്‍ സംഘര്‍ഷം വീണ്ടും രൂക്ഷമായ സാഹചര്യത്തില്‍ എണ്ണവില വീണ്ടും ഉയര്‍ന്നിട്ടുണ്ട്. ജൂലായ്ക്ക് ശേഷം വീണ്ടും എണ്ണ വില ബാരലിന് നൂറ് ഡോളര്‍ പിന്നിട്ടു. കഴിഞ്ഞ ദിവസം ഇറാന്റെ അഞ്ച് എണ്ണ കപ്പലുകള്‍ യുഎസ് തകര്‍ത്തിരുന്നു. ഇതിന് പിന്നാലെ ഹോര്‍മൂസ് കടലിടുക്കില്‍ പത്ത് കപ്പലുകളെ ആക്രമിച്ചതായി ഇറാനും അറിയിച്ചു. ഇതിനിടയില്‍ ഇറാനിലെ ഹോര്‍മോസ്ഗന്‍ പ്രവിശ്യയിലെ ഖ്വേഷം ദ്വീപിലും സമീപത്തെ തീരദേശ പ്രദേശങ്ങളായ സിറിഖ്, മിനാബ് എന്നിവിടങ്ങളിലും സ്‌ഫോടനങ്ങള്‍ നടന്നതായി ഇറാന്റെ ഔദ്യോഗിക മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇറാന്റെ ആണവ അടിസ്ഥാന സൗകര്യങ്ങള്‍ ദുര്‍ബലപ്പെടുത്താന്‍ അമേരിക്ക ഇനിയും ആക്രമണങ്ങള്‍ നടത്തുമെന്ന യുഎസ് ഊര്‍ജ്ജ സെക്രട്ടറി ക്രിസ് റൈറ്റിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം വന്നിരിക്കുന്നത്. 2025 ജൂണില്‍ 12 ദിവസത്തോളം നീണ്ടുനിന്ന ഇറാന്‍ - ഇസ്രയേല്‍ സംഘര്‍ഷത്തില്‍ അമേരിക്ക, മൂന്ന് ഇറാനിയന്‍ ആണവ കേന്ദ്രങ്ങളെ ആക്രമിച്ച് തകര്‍ത്തിരുന്നു. ഇറാന്റെ ആണവ പദ്ധതിയെ തന്നെ ഈ ആക്രമണം നാമാവശേഷമാക്കിയെന്നാണ് അന്ന് ട്രംപ് അഭിപ്രായപ്പെട്ടത്.
Content Highlights: US President Donald Trump said that the conflict would end soon after the US midterm elections