

എമിറാത്തി സംസ്കാരവും മൂല്യങ്ങളും പാരമ്പര്യങ്ങളും ആസ്പദമാക്കി ആനിമേഷൻ പരമ്പര നിർമ്മിക്കാൻ ലക്ഷ്യമിട്ട് ദുബായ് കൾച്ചർ ആൻഡ് ആർട്സ് അതോറിറ്റി ‘സ്റ്റോറീസ് ഓഫ് വുൽഫ’ (Stories of Wulfa) മത്സരത്തിന് തുടക്കമിട്ടു. വിജയിക്കുന്ന പദ്ധതിക്ക് പരമ്പരയുടെ വികസനത്തിനും നിർമ്മാണത്തിനുമായി 20 ലക്ഷം ദിർഹം ധനസഹായം ലഭിക്കും.
യുഎഇയിലെ കുടുംബബന്ധങ്ങൾ, പാരമ്പര്യം, ആതിഥ്യമര്യാദ, ചരിത്ര പുരുഷന്മാർ, നാടോടിക്കഥകൾ എന്നിവ ആസ്പദമാക്കിയുള്ള ഒറിജിനൽ ആനിമേഷൻ ആശയങ്ങൾ വികസിപ്പിക്കുകയാണ് പദ്ധതിയിലിലൂടെ ലക്ഷ്യമിടുന്നതെന്ന് അധികൃതർ പറഞ്ഞു. നവംബർ 15 വരെയാണ് അപേക്ഷകൾ സ്വീകരിക്കുന്നത്. കലാകാരന്മാർ, എഴുത്തുകാർ, ചിത്രകാരന്മാർ, സംവിധായകർ, ഡിസൈനർമാർ, ചലച്ചിത്ര പ്രവർത്തകർ, ആനിമേഷൻ സ്റ്റുഡിയോകൾ, നിർമാണ കമ്പനികൾ, പ്രാദേശിക-അന്തർദേശീയ സൃഷ്ടിപര സംഘങ്ങൾ എന്നിവർക്കെല്ലാം മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കും. മത്സരത്തിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ആനിമേഷൻ പരമ്പരയിൽ ഏകദേശം 20 മിനിറ്റ് ദൈർഘ്യമുള്ള 15 എപ്പിസോഡുകൾ ഉണ്ടായിരിക്കും. ദൈനംദിന ജീവിതം, കുടുംബബന്ധങ്ങൾ, എമിറാത്തി ആതിഥേയത്വം, ഹഗ് അൽ ലൈല, റമദാൻ, ഈദ് അൽ ഫിത്വർ, ഈദ് അൽ അദ്ഹ, മജ്‌ലിസുകൾ, പൈതൃകം, നാടോടിക്കഥകൾ, പരമ്പരാഗത കളികൾ, ചരിത്രപ്രസിദ്ധരായ വ്യക്തികൾ തുടങ്ങിയ വിഷയങ്ങൾ കഥയുടെ പ്രമേയമാക്കാം.
എമിറാത്തി സാംസ്കാരിക പൈതൃകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പ്രാദേശിക പ്രതിഭകൾക്ക് പ്രാദേശിക, അന്തർദേശീയ തലങ്ങളിൽ മത്സരിക്കാൻ കഴിയുന്ന സൃഷ്ടികൾ വികസിപ്പിക്കാനുള്ള അവസരമാണ് ഈ പദ്ധതിയിലൂടെ ഒരുക്കുന്നതെന്നും ദുബായ് കൾച്ചറിന്റെ ആർട്സ്, ഡിസൈൻ ആൻഡ് ലിറ്ററേച്ചർ വിഭാഗം സിഇഒ ഷൈമ റാഷിദ് അൽ സുവൈദി പറഞ്ഞു. കഥപറച്ചിലിന്റെ മികവ്, സാംസ്കാരിക ആധികാരികത, പുതുമ, ദൃശ്യാവിഷ്‌കാരം, കഥാപാത്ര വികസനം, നിർമ്മാണ സജ്ജത, സംപ്രേഷണ സാധ്യത തുടങ്ങിയ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് അപേക്ഷകൾ വിലയിരുത്തുക.
Content Highlight: Dubai Culture has launched the ‘Stories of Wulfa’ competition to develop an animated series inspired by Emirati culture, values and traditions, with the winning project receiving AED 2 million in funding.