അബുദാബി ഹോട്ടലുകളിൽ ഇനി ‘എമിറാത്തി ആതിഥേയത്വം’; 2027 മുതൽ പുതിയ മാറ്റങ്ങൾ

അതിഥികളുടെ യാത്രയുടെ വിവിധ ഘട്ടങ്ങളെ ഉൾക്കൊള്ളുന്ന 65 മാറ്റങ്ങളാണ് പുതിയ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്

അബുദാബി ഹോട്ടലുകളിൽ ഇനി ‘എമിറാത്തി ആതിഥേയത്വം’; 2027 മുതൽ പുതിയ മാറ്റങ്ങൾ
dot image

പുതിയ മാറ്റങ്ങളുമായി അബുദാബിയിലെ ഹോട്ടലുകൾ മാറുകയാണ്. സന്ദർശകർക്ക് കൂടുതൽ സവിശേഷമായ സാംസ്‌കാരിക അനുഭവം നൽകുന്നതിനായി അബുദാബിയിലെ ഹോട്ടലുകളിലും ഹോട്ടൽ അപ്പാർട്ട്മെന്റുകളിലും ‘എമിറാത്തി ഹോസ്പിറ്റാലിറ്റി സ്റ്റാൻഡേർഡ്സ്’ എന്ന പുതിയ മാനദണ്ഡങ്ങൾ അവതരിപ്പിച്ചു. 2027-ലെ ആദ്യ പാദം മുതൽ ഇവ പൂർണമായും നടപ്പാക്കുമെന്ന് അബുദാബിയിലെ സാംസ്കാരിക ടൂറിസം വകുപ്പ് (DCT Abu Dhabi) അറിയിച്ചു.

അതിഥികളുടെ യാത്രയുടെ വിവിധ ഘട്ടങ്ങളെ ഉൾക്കൊള്ളുന്ന 65 മാറ്റങ്ങളാണ് പുതിയ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അബുദാബി സന്ദർശിക്കുന്നവർക്ക് എമിറാത്തി സംസ്കാരവും പാരമ്പര്യവും അടുത്തറിയാൻ കഴിയുന്ന തരത്തിലാണ് ഇവ രൂപകൽപ്പന ചെയ്തിരിക്കുന്നത്. പുതിയ മാറ്റങ്ങൾ പ്രകാരം അതിഥികൾക്ക് പരമ്പരാഗത അറബിക് കാപ്പിയും ഈന്തപ്പഴവും നൽകണം.

പ്രാദേശികമായി ലഭിക്കുന്ന ചേരുവകൾ ഉപയോഗിച്ച് തയ്യാറാക്കുന്ന എമിറാത്തി വിഭവങ്ങളും ഹോട്ടലുകളിൽ ഉൾപ്പെടുത്തണം. അതോടൊപ്പം യുഎഇയുടെ ചരിത്രവും പൈതൃകവും പ്രതിഫലിപ്പിക്കുന്ന ഘടകങ്ങൾ ഹോട്ടലിൽ നിന്നുള്ള അനുഭവത്തിന്റെ ഭാഗമാക്കണമെന്നും അധികൃതർ നിർദേശിക്കുന്നു. ഹോട്ടലുകളിലെ റിസപ്ഷൻ, ഗസ്റ്റ് സർവീസ് വിഭാഗങ്ങളിലെ ജീവനക്കാർക്ക് യുഎഇയുടെ ചരിത്രം, സംസ്കാരം, പൈതൃകം എന്നിവയെക്കുറിച്ചുള്ള പ്രത്യേക പരിശീലനം നൽകുന്നത് നിർബന്ധമാക്കുമെന്നും അധികൃതർ പറഞ്ഞു.

യുഎഇയുടെ സംസ്കാരത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ആതിഥേയത്വ മേഖലയിലൂടെ അത് സന്ദർശകരിലേക്ക് എത്തിക്കുന്നതിനുമാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് അധികൃതർ പറഞ്ഞു. യുഎഇ നാഷണൽ ഐഡന്റിറ്റി സ്ട്രാറ്റജിയുമായി ഈ സംരംഭം നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നതായി അധികൃതർ വ്യക്തമാക്കി. നാഷണൽ പ്രോജക്ട്സ് ഓഫീസിന്റെയും എമിറാത്തി മനുഷ്യവിഭവശേഷിയുടെയും സമൂഹ്യശാക്തീകരണത്തിനായുള്ള ഫെഡറൽ നാഷണൽ കൗൺസിലിന്റെ നാഷണൽ ഐഡന്റിറ്റി കമ്മിറ്റിയുടെയും സഹകരണത്തോടെയാണ് മാനദണ്ഡങ്ങൾ രൂപീകരിച്ചിരിക്കുന്നത്.

Also Read:

അബുദാബിയുടെ ടൂറിസം സ്ട്രാറ്റജി 2030 ലക്ഷ്യങ്ങൾ കൈവരിക്കുന്നതിലും പുതിയ പദ്ധതി സഹായകമാകുമെന്ന് ഡിസിടി അറിയിച്ചു. ടൂറിസം മേഖല വേഗത്തിൽ വളരുമ്പോഴും അബുദാബിയുടെ സാംസ്‌കാരിക പൈതൃകവും ദേശീയ വ്യക്തിത്വവും സംരക്ഷിച്ച് മുന്നേറുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇതിലൂടെ അബുദാബിയെ ലോകത്തിലെ മുൻനിര വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാക്കി മാറ്റുന്നതിനൊപ്പം സന്ദർശകർക്ക് കൂടുതൽ ആധികാരികമായ എമിറാത്തി അനുഭവം നൽകാനും സാധിക്കുമെന്നാണ് അധികൃതർ വിലയിരുത്തുന്നത്.

Content Highlight: Abu Dhabi has launched Emirati Hospitality Standards for hotels and hotel apartments, with full implementation scheduled for 2027 to enhance guest experiences through Emirati culture, traditions and values

dot image
To advertise here,contact us
dot image