

ദുലീപ് ട്രോഫി ഫൈനലിൽ ഈസ്റ്റ് സോണിന്‍റെ കൂറ്റൻ സ്കോർ പിന്തുടരുകയാണ് സൗത്ത് സോൺ. ഈസ്റ്റ് സോൺ ഉയർത്തിയ 708 റൺസെന്ന ഹിമാലയൻ സ്കോറിന് മറുപടിയുമായി ഇറങ്ങിയ സൗത്ത് സോൺ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 209 റൺസാണ് നേടിയിട്ടുള്ളത്. ഇതിനിടയിൽ നടന്ന സംഭവമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
സൗത്ത് സോൺ ബാറ്റിങിനിടെ ക്യാപ്റ്റൻ ഇഷാൻ കിഷനോട് ഡിആർഎസ് എടുക്കാൻ സൂര്യവംശി നിർബന്ധിക്കുകയും അതുകേട്ട് ഇഷാൻ പ്രവർത്തിക്കുകയും താരത്തിന്റെ തീരുമാനം ശരിയായി വന്നതുമാണ് ശ്രദ്ധേയമായത്.
മൂന്നാം ദിനത്തിൽ സൗത്ത് ഓപ്പണർ റിക്കി ഭുയിയെ തുടക്കത്തിൽ തന്നെ ഈസ്റ്റ് സോണിനു പുറത്താക്കാൻ സാധിച്ചത് വൈഭവ് സൂര്യവംശി ഡിആർഎസിനു നിർബന്ധിച്ചതോടെയാണ്. ഇതിന്റെ വിഡിയോ വൈറലായി മാറുകയും ചെയ്തു.
ഒരു കോട്ട് ബിഹൈൻഡ് അപ്പീലിലാണ് ഡിആർഎസ് എടുക്കാൻ സൂര്യവംശി ഇഷാനെ പ്രേരിപ്പിച്ചത്. ലെഗ് സൈഡിലൂടെ കടന്നു പോയ പന്തിൽ റിക്കി ഭുയിയുടെ ബാറ്റിൽ നേരിയ തോതിൽ ടച്ച് ചെയ്താണ് പോയത്. പന്ത് ഈസ്റ്റ് സോൺ വിക്കറ്റ് കീപ്പർ കുമാർ കുശാഗ്ര കൈയിൽ ഒതുക്കുകയും ചെയ്തു. താരം അപ്പീൽ ചെയ്തെങ്കിലും അംപയർ ഔട്ട് വിളിച്ചില്ല. മുകേഷ് കുമാറിന്റെ പന്തിലാണ് ഈ എഡ്ജിൽ തട്ടിയുള്ള ക്യാച്ച് വന്നത്.
പന്ത് ബാറ്റിൽ ടച്ച് ചെയ്തില്ലെന്നാണ് ഓൺ ഫീൽഡ് അംപയർ വിധിച്ചത്. ഈ നിർണായക ഘട്ടത്തിലാണ് സൂര്യവംശി ക്യാപ്റ്റനോട് ഡിആർഎസ് എടുക്കാൻ ആവശ്യപ്പെട്ടത്. 'ഡിആർഎസ് എടുക്കു, എടുക്കു'- എന്ന് സൂര്യവംശി പറയുന്നത് വ്യക്തമായി സ്റ്റംപ് മൈക്കിലൂടെ കേൾക്കാമായിരുന്നു.
പിന്നാലെ ഇഷാൻ ഡിആർഎസ് ആവശ്യപ്പെട്ടു. അൾട്രാ എഡ്ജ് പരിശോധനയിൽ ബാറ്റും പന്തും തമ്മിൽ ടച്ചുള്ളതായി തെളിഞ്ഞു. റിക്കി ഭുയി ഔട്ടാണെന്നു അംപയർമാർ ആദ്യ നോട്ടൗട്ട് തീരുമാനം മാറ്റി വിളിക്കുകയും ചെയ്തു. ഇതോടെ വൈഭവിന്റെ ഇടപെടലും പ്രശംസിക്കപ്പെട്ടു.
Content Highlights:vaibhav suryavanshi drs call gets ishan kishan out