ഷാര്‍ജയില്‍ സര്‍ക്കാര്‍ വകുപ്പുകളില്‍ ഇനി പാര്‍ട്ട് ടൈം തൊഴിലവസരങ്ങള്‍; പദ്ധതിക്ക് അംഗീകാരം

സര്‍ക്കാര്‍ വകുപ്പുകളില്‍ ആയിരം പാര്‍ട്ട് ടൈം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്

ഷാര്‍ജയില്‍ സര്‍ക്കാര്‍ വകുപ്പുകളില്‍ ഇനി പാര്‍ട്ട് ടൈം തൊഴിലവസരങ്ങള്‍; പദ്ധതിക്ക് അംഗീകാരം
dot image

ഷാര്‍ജയില്‍ സര്‍ക്കാര്‍ വകുപ്പുകളില്‍ ഇനി പാര്‍ട്ട് ടൈം തൊഴിലവസരങ്ങള്‍. പദ്ധതിക്ക് യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി അംഗീകാരം നല്‍കി. സര്‍ക്കാര്‍ വകുപ്പുകളില്‍ ആയിരം പാര്‍ട്ട് ടൈം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. മുതിര്‍ന്ന പൗരന്മാര്‍, വീട്ടമ്മമാര്‍, വിരമിച്ചവര്‍ എന്നിവര്‍ക്ക് ജോലി ചെയ്യുന്നതിനൊപ്പം കുടുംബകാര്യങ്ങള്‍ കൂടി സുഗമമായി കൊണ്ടുപോകാന്‍ സഹായിക്കുന്ന രീതിയിലാണ് പദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

ആഴ്ചയില്‍ മൂന്ന് ദിവസം ജോലി ചെയ്യുകയോ ദിവസത്തില്‍ നിശ്ചിത മണിക്കൂറുകള്‍ മാത്രം ജോലി ചെയ്യുകയോ ചെയ്യുന്ന രീതിയില്‍ ജീവനക്കാര്‍ക്ക് സൗകര്യപ്രദമായ ഓപ്ഷന്‍ തെരഞ്ഞെടുക്കാന്‍ സാധിക്കും. പാർട്ട് ടൈം തൊഴിലവസരങ്ങൾക്ക് പുറമേ ഷാര്‍ജ സര്‍ക്കാര്‍ വകുപ്പുകളില്‍ 1,200 എമിറാത്തികളെ നിയമിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഷാര്‍ജ റേഡിയോ ആന്‍ഡ് ടെലിവിഷനില്‍ സംപ്രേഷണം ചെയ്ത 'ദ ഡയറക്ട് ലൈന്‍' പരിപാടിയിൽ ഷാര്‍ജ ഹ്യൂമന്‍ റിസോഴ്സസ് ഡിപ്പാര്‍ട്‌മെന്റ് ചെയര്‍മാന്‍ അബ്ദുള്ള ഇബ്രാഹിം അല്‍ സാബിയയാണ് പ്രഖ്യാപനം നടത്തിയത്.

വിരമിച്ചവരുടെ പരിചയസമ്പത്തും കഴിവുകളും സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പ്രയോജനപ്പെടുത്തുന്നതിനും കുടുംബപരമായ സാഹചര്യങ്ങള്‍ കാരണം മുഴുവന്‍ സമയ ജോലി സാധ്യമല്ലാത്തവര്‍ക്ക് തൊഴില്‍ അവസരം നല്‍കുന്നതിനും പദ്ധതി സഹായിക്കുമെന്നാണ് അധികൃതര്‍ വിലയിരുത്തുന്നത്. വിരമിച്ചവരുടെ സേവന പരിചയം സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കൂടുതല്‍ പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ച് നേരത്തെ ചര്‍ച്ചകള്‍ നടന്നിരുന്നു. ജനുവരിയില്‍ നടന്ന ഷാര്‍ജ കണ്‍സള്‍ട്ടേറ്റീവ് കൗണ്‍സില്‍ യോഗത്തിലും സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഇപ്പോഴും പ്രവര്‍ത്തിക്കാന്‍ കഴിയുന്ന വിരമിച്ചവരുടെ പരിചയവും അറിവും ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ച് ജീവനക്കാര്‍ നിര്‍ദ്ദേശം മുന്നോട്ടുവച്ചിരുന്നു.

Also Read:

അടുത്തിടെ ഷാര്‍ജ ഭരണാധികാരിയായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി രാജ്യത്തെ പൗരന്മാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനായി നിരവധി നടപടികള്‍ക്ക് അംഗീകാരം നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി ഷാര്‍ജ സര്‍ക്കാര്‍ ജീവനക്കാര്‍, സര്‍ക്കാര്‍ ജോലിയില്‍ നിന്നും വിരമിച്ചവര്‍, സ്വകാര്യ മേഖലയില്‍ നിന്നും വിരമിച്ചവര്‍, സാമൂഹിക സഹായം ലഭിക്കുന്ന കുടുംബങ്ങള്‍ എന്നിവര്‍ക്കുള്ള മിനിമം പ്രതിമാസ ജീവിത നിലവാര പരിധി (monthly living standard) 20,000 ദിര്‍ഹമായി ഉയര്‍ത്തിയിരുന്നു. ഫെഡറല്‍ പെന്‍ഷന്‍ നിയമങ്ങള്‍ക്ക് കീഴില്‍ പാര്‍ട്ട് ടൈം ജോലി ചെയ്യുന്ന എമിറാത്തികള്‍ക്കുള്ള പെന്‍ഷന്‍ പരിരക്ഷയും യുഎഇ അടുത്തിടെ വിപുലീകരിച്ചിട്ടുണ്ട്. ആഴ്ചയില്‍ 8 മുതല്‍ 32 മണിക്കൂര്‍ വരെ അല്ലെങ്കില്‍ ഒന്ന് മുതല്‍ നാല് ദിവസം വരെ ജോലി ചെയ്യുന്നവരെയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Content Highlight: Sharjah has approved a new part-time employment system in government departments, offering flexible work options for eligible citizens including elderly people, wives and retirees.

dot image
To advertise here,contact us
dot image