

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്യിദ് അല്‍ നഹ്യാന്റെ നേതൃത്വപാടവത്തെ പ്രശംസിക്കുന്ന സന്ദേശമയച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. രാജ്യത്തുടനീളം ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്യിദ് അല്‍ നഹ്യാന്‍ സൃഷ്ടിച്ച സുരക്ഷയെയും സ്ഥിരതയെയും ആത്മവിശ്വാസത്തെയും ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പ്രശംസിച്ചു.
'സഹോദരനും സുഹൃത്തും തന്റെ ജീവിതത്തിലെ സഹയാത്രികനും' എന്നാണ് യുഎഇ പ്രസിഡന്റിനെ വൈസ് പ്രസിഡന്റ് സന്ദേശത്തില്‍ വിശേഷിപ്പിക്കുന്നത്. ബുദ്ധിമാനായ നേതാവ്, തത്വചിന്തയുള്ള മനുഷ്യന്‍, ലോകത്തിന്റെ ആദരവ് നേടിയ കാരുണ്യവാനായ വ്യക്തിത്വം എന്നിങ്ങനെയും സന്ദേശത്തില്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്യിദ് അല്‍ നഹ്യാനെ വിശേഷിപ്പിക്കുന്നുണ്ട്. യുഎഇയിലെ വിദ്യാഭ്യാസ മേഖലയ്ക്കും സാമ്പത്തിക വികസനത്തിനും ദേശീയ സ്ഥിരതയ്ക്കും യുവ ജനങ്ങളുടെ ശാക്തീകരണത്തിനും വേണ്ടി ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്യിദ് അല്‍ നഹ്യാന്‍ നല്‍കിയ സംഭാവനകളും സന്ദേശത്തില്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എടുത്തുപറയുന്നുണ്ട്.
യുഎഇയില്‍ കുട്ടികള്‍ സുരക്ഷിതരാണെന്നും സന്ദേശത്തില്‍ പറയുന്നു. ഒരു പെണ്‍കുട്ടി വീട്ടില്‍ നിന്ന് സ്‌കൂളിലേക്ക് പോകുന്നത് താന്‍ സുരക്ഷിതയാണെന്ന ബോധത്തോടെയാണ്. കുട്ടികള്‍ക്ക് ആത്മവിശ്വാസത്തോടെ സ്വപ്‌നം കാണാന്‍ സാധിക്കുന്നു, യുഎഇയില്‍ അവരുടെ ഭാവി തിളങ്ങുമെന്ന് അവര്‍ക്ക് വിശ്വാസമുണ്ട്. ഇത് വരും തലമുറയോടുള്ള രാജ്യത്തിന്റെ ഉത്തരവാദിത്വമാണ് പ്രതിഫലിപ്പിക്കുന്നതെന്നും ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞു. കുട്ടികളിലെ ഈ ചിന്തയാണ് ഷെയ്ഖ് മുഹമ്മദ് ബിന്‍ അല്‍ നഹ്യാന്റെ വലിയ നേട്ടമെന്നും അദ്ദേഹം സന്ദേശത്തില്‍ പറയുന്നു.
രാജ്യത്തിന്റെ സമ്പത്തിനെ പുതിയ സാമ്പത്തിക മേഖലകളിലേക്കും ഭാവി വ്യവസായങ്ങളിലേക്കും പരിവര്‍ത്തനം ചെയ്യുന്നതിലും വരും തലമുറകള്‍ക്കായി ശക്തമായ അടിത്തറ കെട്ടിപ്പടുക്കുന്നതിലും യുഎഇ പ്രസിഡന്റിനെ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പ്രശംസിച്ചു. യുഎഇയിലെ ജനങ്ങള്‍ അദ്ദേഹത്തിനൊപ്പം നില്‍ക്കുമെന്നും വരും തലമുറകള്‍ അദ്ദേഹത്തെ ഓര്‍മിക്കുമെന്നും ചരിത്രം അത് രേഖപ്പെടുത്തുമെന്നും ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം കൂട്ടിച്ചേര്‍ത്തു.
Content Highlights: UAE Vice President, Prime Minister and Dubai Ruler Sheikh Mohammed bin Rashid Al Maktoum has sent a message praising UAE President Sheikh Mohamed bin Zayed Al Nahyan’s leadership and vision