

കുവൈറ്റിൽ പൗരത്വം പിൻവലിക്കപ്പെട്ട വ്യക്തികൾക്ക് ആശ്വാസമായി സർക്കാരിന്റെ പുതിയ തീരുമാനം. ഇവർക്ക് യാതൊരുവിധ ഫീസുമില്ലാതെ 10 വർഷത്തെ റെസിഡൻസി പെർമിറ്റ് അനുവദിക്കുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. താമസനിയമത്തിന്റെ എക്സിക്യൂട്ടീവ് ചട്ടങ്ങളിൽ കാതലായ ഭേദഗതികൾ വരുത്തി പുറപ്പെടുവിച്ച പുതിയ മന്ത്രിതല തീരുമാനത്തിലാണ് ഈ ചരിത്രപരമായ വ്യവസ്ഥ ഉൾപ്പെടുത്തിയിരിക്കുന്നത്.
പൗരത്വം റദ്ദാക്കപ്പെട്ടവരുടെ നിയമപരമായ പദവിയും താമസസൗകര്യവും ഉറപ്പാക്കുന്നതിനൊപ്പം പ്രവാസി സമൂഹത്തിനും നിക്ഷേപകർക്കും പ്രയോജനപ്പെടുന്ന നിരവധി നിർണ്ണായക മാറ്റങ്ങൾ പുതിയ ഭേദഗതിയിലുണ്ട്. കുവൈത്തി വനിതകളുടെ മക്കൾക്കും വിദേശ നിക്ഷേപകർക്കും രാജ്യത്തിന് പുറത്ത് തങ്ങുന്നതിനുള്ള ആറുമാസ പരിധിയിൽ പ്രത്യേക ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ, സാധാരണ പ്രവാസികൾക്ക് വിദേശത്ത് കഴിയുന്ന കാലയളവിലും റെസിഡൻസി പെർമിറ്റിന് സാധുതയുണ്ടെങ്കിൽ, മുമ്പത്തെപ്പോലെ ആറുമാസത്തിന് ശേഷം വിസ റദ്ദാകാതെ കൂടുതൽ കാലം രാജ്യത്തിന് പുറത്ത് കഴിയാനും അനുമതിയുണ്ട്.
അതേസമയം, ഗാർഹിക തൊഴിലാളികളുടെ കാര്യത്തിൽ വിദേശത്ത് തങ്ങാവുന്ന പരമാവധി കാലാവധി നാല് മാസമാക്കി മന്ത്രാലയം നിജപ്പെടുത്തിയിട്ടുണ്ട്. നാല് മാസത്തിൽ കൂടുതൽ കുവൈറ്റിന് പുറത്ത് തുടരണമെങ്കിൽ റെസിഡൻസ് അഫയേഴ്‌സിന്റെ മുൻകൂർ അനുമതി നിർബന്ധമാണ്. കാലാവധി തികയുന്നതിന് മുമ്പ് ആവശ്യമായ അനുമതി നേടിയില്ലെങ്കിൽ ഇവരുടെ റെസിഡൻസ് പെർമിറ്റ് സ്വയം റദ്ദാക്കപ്പെടും.
Content Highlights: Kuwait has introduced a major amendment to its residency law, allowing people who have lost their Kuwaiti citizenship to obtain a residency permit valid for up to 10 years. The change provides a longer-term residency option for those affected by citizenship status changes.