

കമ്പ്യൂട്ടർ, മൊബൈൽ ഉൾപ്പടെയുള്ള ഇലക്ടോണിക് ഉപകരണങ്ങളുടെ അമിത ഉപയോഗം കുട്ടികളുടെ മസ്തിഷ്‌ക വളർച്ചയെയും ഭാഷാ ശേഷിയെയും സാരമായി ബാധിക്കുമെന്ന മുന്നറിയിപ്പുമായി യുഎഇയിലെ ആരോഗ്യ വിദഗ്ദ്ധർ. രണ്ട് വയസ്സിൽ താഴെയുള്ള കുട്ടികളിലെ സ്മാർട്ട്‌ഫോൺ, ടാബ്‌ലെറ്റ് ഉപയോഗങ്ങൾ ദീർഘകാല ആരോഗ്യ പ്രശ്നങ്ങൾക്കും ജീവിതനിലവാരത്തിലെ തകർച്ചയ്ക്കും കാരണമാകുമെന്ന് 'ദി 1001 ക്രിട്ടിക്കൽ ഡേയ്‌സ് ഫൗണ്ടേഷൻ' നടത്തിയ പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. മുതിർന്ന കുട്ടികളിലെയും കൗമാരക്കാരിലെയും സോഷ്യൽ മീഡിയ ഉപയോഗത്തെക്കുറിച്ച് ചർച്ചകൾ സജീവമാണെങ്കിലും കൊച്ചുകുട്ടികളുടെ കാര്യത്തിൽ ഇത്തരം അപകടസാധ്യതകൾ ശ്രദ്ധിക്കപ്പെടാതെ പോവുകയാണെന്ന് ഡോക്ടർമാർ വ്യക്തമാക്കുന്നു.
സ്‌ക്രീനിൽ സമയം ചെലവഴിക്കുന്നതിനേക്കാൾ ഉപരിയായി, ആ സമയം കൊണ്ട് കുട്ടിക്ക് നഷ്ടപ്പെടുന്നത് എന്താണ് എന്നതാണ് പ്രധാന വിഷയമെന്ന് വിദഗ്ദ്ധൻ ചൂണ്ടിക്കാട്ടുകയാണ്. ജീവിതത്തിന്റെ ആദ്യ ഘട്ടങ്ങളിൽ മാതാപിതാക്കളുമായുള്ള നേരിട്ടുള്ള സംസാരം, കഥ പറയൽ, കളിചിരികൾ എന്നിവയിലൂടെയാണ് കുട്ടികളിൽ ഭാഷ, ശ്രദ്ധ, വൈകാരിക നിയന്ത്രണം എന്നിവ വികസിക്കുന്നത്. എന്നാൽ സ്‌ക്രീനുകൾ ഒരു വശത്തുനിന്നു മാത്രം വിവരങ്ങൾ നൽകുന്നവയായതിനാൽ കുട്ടിയുടെ പ്രതികരണങ്ങളോട് പ്രതികരിക്കാൻ അവയ്ക്ക് കഴിയില്ല. ഇത് കുട്ടികളുടെ സ്വാഭാവിക മസ്തിഷ്‌ക വികാസത്തെ പ്രതികൂലമായി ബാധിക്കും.
യുഎഇയിലെ ഉയർന്ന ജോലിഭാരവും ചൂടുള്ള കാലാവസ്ഥയും കാരണം പലപ്പോഴും കുട്ടികളെ ശാന്തരാക്കാൻ മാതാപിതാക്കൾ ഫോണുകളെ ആശ്രയിക്കാറുണ്ട്. എന്നാൽ, പെട്ടെന്ന് ഒരു ദിവസം കൊണ്ട് ഫോൺ പൂർണ്ണമായി എടുത്തുമാറ്റാതെ ക്രമേണ അത് കുറച്ചുകൊണ്ട് വരികയാണ് ചെയ്യേണ്ടതെന്ന് ദുബായ് ഇന്റർനാഷണൽ മോഡേൺ ഹോസ്പിറ്റലിലെ ഡോ. മമത ബോത്ര അഭിപ്രായപ്പെടുന്നു. ഫോണിന് പകരം പുസ്തകങ്ങൾ വായിച്ചു നൽകുക, ചിത്രങ്ങൾ വരയ്ക്കുക, മണ്ണിലും പുറത്തും കളിക്കാൻ അനുവദിക്കുക, വീട്ടുജോലികളിൽ പങ്കാളികളാക്കുക എന്നിവയിലൂടെ കുട്ടികളുടെ ശ്രദ്ധ തിരിക്കാം.
ഒരു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് യാതൊരു കാരണവശാലും സ്‌ക്രീനുകൾ നൽകരുതെന്നും രണ്ട് മുതൽ നാല് വയസ്സ് വരെയുള്ള കുട്ടികൾക്ക് ദിവസത്തിൽ പരമാവധി ഒരു മണിക്കൂറിൽ കൂടുതൽ സ്‌ക്രീൻ സമയം നൽകരുതെന്നും ലോക ആരോഗ്യ സംഘടന നിർദ്ദേശിക്കുന്നു. ഭക്ഷണ സമയത്തും കിടപ്പുമുറികളിലും ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പും കുട്ടികൾക്ക് ഫോൺ നൽകരുത്. ഇതിനായി മാതാപിതാക്കളും സ്വന്തം ഫോൺ ഉപയോഗം കുറച്ച് കുട്ടികൾക്കായി സമയം മാറ്റിവെക്കണമെന്ന് ആരോഗ്യ വിദഗ്ദ്ധർ ഓർമ്മിപ്പിക്കുന്നു.
Content Highlights: Health experts in the UAE have raised concerns over excessive screen use among children and advised parents to closely monitor their digital habits. Experts highlighted the possible impact on children's health and emphasized the need for balanced screen time and healthy routines.