

സുഡാനിലെ ആഭ്യന്തരയുദ്ധത്തിൽ തങ്ങൾക്ക് യാതൊരുവിധ പങ്കുമില്ലെന്ന് ഐക്യരാഷ്ട്രസഭയിൽ യുഎഇ ദൗത്യസംഘം. സുഡാനിലെ സാഹചര്യങ്ങളെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച യുഎൻ ഇന്റർനാഷണൽ ഫാക്ട് ഫൈൻഡിങ് മിഷന്റെ പുതിയ റിപ്പോർട്ട് പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് യുഎഇ നിലപാട് വ്യക്തമാക്കിയത്.
സുഡാനിൽ സുഡാനീസ് സായുധ സേനയും റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സും നടത്തുന്ന അന്താരാഷ്ട്ര മനുഷ്യാവകാശ ലംഘനങ്ങളെ ദൗത്യസംഘം ശക്തമായി അപലപിച്ചു. തങ്ങൾക്കെതിരെ ഉയരുന്ന ആരോപണങ്ങൾ വസ്തുതകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ മാത്രമായിരിക്കണം വിലയിരുത്തേണ്ടത്. വ്യാജവും സ്ഥിരീകരിക്കാത്തതുമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നിഗമനങ്ങളിൽ എത്തരുത്. അന്വേഷണം നിഷ്പക്ഷവും തെളിവ് അധിഷ്ഠിതവുമായിരിക്കണം. ഇത്തരം അന്വേഷണ ഏജൻസികളുടെ പ്രവർത്തനങ്ങളെ സ്വാഗതം ചെയ്യുന്നു. സുതാര്യമായ രീതിയിലാണ് അന്വേഷണത്തോട് സഹകരിച്ചതെന്ന് യുഎഇ പ്രതികരിച്ചു.
സുഡാനിലേക്ക് പോകുന്ന എല്ലാവിധ ബാഹ്യ സൈനിക സഹായങ്ങളും ഉടനടി അവസാനിപ്പിക്കണമെന്നും യുഎഇ ആവശ്യപ്പെട്ടു. സുഡാനിലെ മുസ്ലിം ബ്രദർഹുഡ് നേതാക്കളും മുൻ ഇന്റലിജൻസ് ഉദ്യോഗസ്ഥരും ഉൾപ്പെടെ 13 പേർക്കും ആറ് കമ്പനികൾക്കും എതിരെ ആയുധക്കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി കേസ് എടുത്ത കാര്യം ദൗത്യസംഘം ചൂണ്ടിക്കാട്ടി. യുഎൻ രക്ഷാസമിതി ഏർപ്പെടുത്തിയ ഉപരോധങ്ങളും ആയുധ ഉപരോധവും പൂർണ്ണമായി പാലിക്കുമെന്നും യുഎഇ കൂട്ടിച്ചേർത്തു.
സുഡാനിൽ ഉടനടി യാതൊരു നിബന്ധനകളുമില്ലാതെ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് യുഎഇ വീണ്ടും ആവശ്യപ്പെട്ടു. പോരാട്ടങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഇരുവിഭാഗങ്ങളെയും തീവ്രവാദ ഗ്രൂപ്പുകളെയും മാറ്റിനിർത്തിക്കൊണ്ട് ജനങ്ങൾ നയിക്കുന്ന സമഗ്രമായ രാഷ്ട്രീയ പരിഹാരത്തിലൂടെ മാത്രമേ സുഡാനിൽ സമാധാനം തിരികെ കൊണ്ടുവരാൻ സാധിക്കൂ എന്നും യുഎഇയുടെ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
സുഡാനിലെ ആഭ്യന്തരയുദ്ധവുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്രസഭയുടെ ഇന്റർനാഷണൽ ഫാക്ട് ഫൈൻഡിങ് മിഷൻ യുഎഇക്കെതിരെ പ്രധാനമായും ഉയർത്തിയത് ഗുരുതരമായ ചില കണ്ടെത്തലുകളാണ്. സുഡാനിൽ കരസേനയ്ക്കെതിരെ പോരാടുന്ന അർദ്ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സിന് യുഎഇയിൽ നിന്നുള്ള വ്യക്തികളും കമ്പനികളും വഴി ആയുധങ്ങളും ഡ്രോണുകളും മറ്റ് സൈനിക സാമഗ്രികളും എത്തിച്ചു നൽകുന്നുണ്ടെന്നാണ് യുഎൻ റിപ്പോർട്ടിൽ ആരോപിക്കുന്നത്.
Content Highlights: The UAE has rejected findings by the United Nations regarding alleged involvement in Sudan's civil war. The country denied having any role in the conflict and dismissed the claims, amid ongoing international discussions over the Sudan crisis.