സുരക്ഷാ മാനദണ്ഡങ്ങളിൽ വിട്ടുവീഴ്ചയില്ല; ദുബായിൽ 13,000-ത്തിലധികം ഇ-സ്കൂട്ടറുകൾ പിടിച്ചെടുത്ത് പൊലീസ്

വേഗത പരിധി മണിക്കൂറിൽ 60 കിലോമീറ്ററിൽ കൂടുതലുള്ള റോഡുകളിൽ ഇ-സ്കൂട്ടറുകൾ ഓടിക്കുന്നത് പ്രധാന നിയമലംഘനമായി പൊലീസ് ചൂണ്ടിക്കാട്ടുന്നു

സുരക്ഷാ മാനദണ്ഡങ്ങളിൽ വിട്ടുവീഴ്ചയില്ല; ദുബായിൽ 13,000-ത്തിലധികം ഇ-സ്കൂട്ടറുകൾ പിടിച്ചെടുത്ത് പൊലീസ്
dot image

ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിന് പതിമൂവായിരത്തിലധികം ഇലക്ട്രിക് സ്കൂട്ടറുകൾ പിടിച്ചെടുത്ത് ദുബായ് പൊലീസ്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയും അപകടകരമായ രീതിയിലും സ്കൂട്ടർ ഓടിച്ചതിനാണ് നടപടി. ട്രാഫിക് നിർദ്ദേശങ്ങൾ ലംഘിച്ചാൽ കർശന നടപടിയുണ്ടാകുമെന്ന് ദുബായ് പൊലീസ് മുന്നറിയിപ്പ് നൽകി.

റോഡ് സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കിയ പ്രത്യേക ട്രാഫിക് ക്യാമ്പയിനിലാണ് 13,657 ഇ-സ്കൂട്ടറുകൾ ദുബായ് പോലീസ് കസ്റ്റഡിയിലെടുത്തത്. 2026-ലെ ആദ്യ എട്ടു മാസങ്ങളിലെ കണക്കാണിത്. അപകടകരമായ റൈഡിംഗ് നിയന്ത്രിക്കുന്നതിനും സ്‌കൂട്ടർ, റോഡ് ഉപയോക്താക്കളെ അപകടങ്ങളിൽ നിന്നും സംരക്ഷിക്കുന്നതിനുമാണ് പ്രത്യേക ട്രാഫിക് കാമ്പെയ്‌ൻ ലക്ഷ്യമിടുന്നത്.

വേഗത പരിധി മണിക്കൂറിൽ 60 കിലോമീറ്ററിൽ കൂടുതലുള്ള റോഡുകളിൽ ഇ-സ്കൂട്ടറുകൾ ഓടിക്കുന്നത് പ്രധാന നിയമലംഘനമായി പൊലീസ് ചൂണ്ടിക്കാട്ടുന്നു. പ്രത്യേകം സജ്ജമാക്കിയ ട്രാക്കുകൾ ലഭ്യമായിരിക്കെയാണ് പലരും അപകടകരമായ രീതിയിൽ പ്രധാന റോഡുകളിലേക്ക് പ്രവേശിക്കുന്നത്. ഇത് വലിയ തോതിൽ അപകടങ്ങൾക്ക് ഇടയാക്കിയിരുന്നു.

വൺവേ തെറ്റിച്ചുള്ള ഡ്രൈവിംഗ്, നടപ്പാതകളിലൂടെയും ഇടുങ്ങിയ വഴികളിലൂടെയും സഞ്ചരിക്കൽ, അനുമതിയില്ലാത്ത സ്ഥലങ്ങളിലൂടെയുള്ള യാത്ര എന്നിവയ്ക്കെതിരെയും കർശന നടപടിയുണ്ടാകും. യാത്രക്കാർ നിർബന്ധമായും അംഗീകൃത ഹെൽമറ്റും റെഫ്ലക്ടീവ് വെസ്റ്റും ധരിക്കണമെന്ന് പോലീസ് നിർദ്ദേശിക്കുന്നു. കൂടാതെ ഇ-സ്കൂട്ടറുകളിൽ മുന്നിൽ വെളുത്ത ലൈറ്റും പിന്നിൽ ചുവന്ന ലൈറ്റും വർക്കിംഗ് ബ്രേക്കുകളും ഉറപ്പാക്കണം. ട്രാഫിക് നിർദ്ദേശങ്ങൾ ലംഘിച്ചാൽ കർശന നടപടിയുണ്ടാകും.

യാത്രക്കാരുടെയും കാൽനടയാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി പരിശോധന ശക്തമായി തുടരുമെന്ന് ദുബായ് പൊലീസ് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ട്രാഫിക് ഡയറക്ടർ ബ്രിഗേഡിയർ ജുമാ സലേം ബിൻ സുവൈദാൻ വ്യക്തമാക്കി.

Content Highlights: Dubai Police have seized over 13,000 e-scooters as part of efforts to enforce safety standards and traffic regulations. Authorities stressed that there will be no compromise on public safety measures.

dot image
To advertise here,contact us
dot image