

ന്യൂഡല്‍ഹി: കനത്ത മഴയെ തുടര്‍ന്ന് ഡൽഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളില്‍ വെള്ളം കയറി. വെള്ളിയാഴ്ച പെയ്ത കനത്ത മഴയിൽ പലയിടത്തും വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടിട്ടുണ്ട്. കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് ഉച്ചയ്ക്ക് 3.30നും 4.30നും ഇടയില്‍ ഡല്‍ഹി വിമാനത്താവളത്തില്‍ സര്‍വീസ് നടത്തുന്ന ഒമ്പത് വിമാനങ്ങള്‍ വഴിതിരിച്ച് വിട്ടു. നാല് വിമാനങ്ങള്‍ ജയ്പൂരിലേക്കും മറ്റ് നാലെണ്ണം ലഖ്‌നൗവിലേക്കും വഴിതിരിച്ച് വിട്ടപ്പോള്‍ ഒരെണ്ണം അഹമ്മദാബാദിലേക്കാണ് വഴിതിരിച്ച് വിട്ടത്. ശനിയാഴ്ചയും കനത്ത മഴയും ഇടിമിന്നലും ഉണ്ടാകാനുള്ള സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രദേശത്ത് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വിമാനത്താവളത്തിലേക്കുള്ള അപ്രോച്ച് റോഡിലും വെള്ളം കയറിയ നിലയിലാണ്.
മുട്ടറ്റം നിറഞ്ഞ വെള്ളത്തില്‍ വിമാനത്താവളത്തിലൂടെ യാത്രികര്‍ ട്രോളി ബാഗുകളുമായി നടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പ്രതികൂല കാലാവസ്ഥ സര്‍വീസുകളെ ബാധിക്കാമെന്ന മുന്നറിയിപ്പ് എയര്‍ ഇന്ത്യയും പുറപ്പെടുവിച്ചിട്ടുണ്ട്. യുപിയിലെ നോയിഡ, ഗാസിയാബാദ് എന്നിവടങ്ങളില്‍ കനത്ത മഴയെ തുടര്‍ന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.
നിലവില്‍ വെള്ളം നീക്കം ചെയ്യുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. മഴതുടരുന്ന സാഹചര്യത്തില്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സാധാരണനിലയിലെത്താന്‍ താമസമുണ്ടാകും. പടിഞ്ഞാറന്‍ ഡല്‍ഹിയിലും ശക്തമായ മഴയാണ് പെയ്യുന്നത്. ഗാന്ധി മാര്‍ക്കറ്റ്, സാഗര്‍പൂര്‍ എന്നിവിടങ്ങളില്‍ വെള്ളക്കെട്ട് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. റസിഡന്‍ഷ്യല്‍ കോളനികളിലെ റോഡുകളിലും സമാനസ്ഥിതിയായതിനാല്‍ ആളുകള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യമാണ്. ആര്‍ട്ടീരിയല്‍ റോഡുകളില്‍ വെള്ളക്കെട്ടുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ മഴ കനക്കുന്ന സാഹചര്യത്തില്‍ ഈ റോഡുകളിലും വെള്ളക്കെട്ടിനും ഗതാഗത കുരുക്കിനും സാധ്യതയുണ്ടെന്നാണ് നിഗമനം.
Content Highlights: Heavy rainfall caused waterlogging at Delhi airport, affecting flight operations. Nine flights were diverted within one hour due to the disruption