

ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം നല്‍കി അഭിഭാഷക ദമ്പതികള്‍. തിരുവല്ലിക്കേണിയിലെ ഡോക്ടര്‍ നടേശന്‍ റോഡില്‍ താമസിക്കുന്ന അഭിഭാഷകന്‍ ഇ ഗോകുലകൃഷ്ണനും ജി ജയന്തിയുമാണ് ചെന്നൈ ട്രിപ്ലിക്കേനിലെ വീട് സിപിഐഎമ്മിന് ഇഷ്ടദാനം നല്‍കിയത്. ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ചായിരുന്നു ചടങ്ങ് നടന്നത്.
സെന്‍ട്രല്‍ ചെന്നൈ ജില്ലാ കമ്മിറ്റി ഓഫീസില്‍വെച്ച് നടന്ന ചടങ്ങില്‍ രജിസ്‌ട്രേഷന്‍ രേഖ സിപിഐഎം സംസ്ഥാന സെക്രട്ടറി പി ഷണ്‍മുഖത്തിന് കൈമാറി. 2400 ചതുരശ്രയടി വിസ്തീര്‍ണം വരുന്ന കെട്ടിടത്തിന്റെ 700 ചതുരശ്രയടിയാണ് പാര്‍ട്ടിക്ക് നല്‍കിയിരിക്കുന്നത്. രജിസ്‌ട്രേഷന് ചെലവായ പത്ത് ലക്ഷം രൂപയും ഗോകുലകൃഷ്ണന്‍ നല്‍കി. ജനകീയ പ്രസ്ഥാനത്തിന് വേണ്ടി സ്വത്ത് ദാനം ചെയ്ത ദമ്പതികളുടെ പ്രവൃത്തി നിസ്വാര്‍ത്ഥ രാഷ്ട്രീയത്തിന്റെ മികച്ച ഉദാഹരണമാണെന്ന് പി ഷണ്‍മുഖം പറഞ്ഞു. അധ്വാനിക്കുന്ന ജനവിഭാഗത്തിന് വേണ്ടി സ്വത്ത് വിനിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സിഐടിയുവിലെ സജീവ പ്രവര്‍ത്തകനായ ഓട്ടോ തൊഴിലാളി അയനാവരം സ്വദേശി കെ പ്രഭാകരനുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഗോകുലകൃഷ്ണന്‍ കുടുംബ സ്വത്തുമായി ബന്ധപ്പെട്ട് അദ്ദേഹത്തോട് സംസാരിച്ചിരുന്നു. സ്വത്ത് ഏതെങ്കിലും നന്മപ്രവൃത്തിക്കായി വിനിയോഗിക്കണം എന്നതായിരുന്നു ഗോകുലകൃഷ്ണന്റെയും ജയന്തിയുടെയും ആഗ്രഹം. അതാണ് സിപിഐഎമ്മില്‍ എത്തിനിന്നത്.
Content Highlights- An advocate couple in Chennai has reportedly gifted a house valued at around Rs 3 crore to the CPI(M). The property was donated to the party through a gift arrangement, according to reports