13,000 അടി ഉയരത്തിൽ പറന്ന് ഇന്ത്യയുടെ ത്രിവർണ്ണ പതാക; ആകാശത്ത് ചരിത്രമെഴുതി പ്രവാസി ഇന്ത്യക്കാർ

ഏറെ വെല്ലുവിളികളും റിസ്കും നിറഞ്ഞതായിരുന്നു ഈ ശ്രമമെന്ന് കണ്ണൂർ സ്വദേശിയായ ജംഷീർ തണലോട്ട് പറഞ്ഞു

13,000 അടി ഉയരത്തിൽ പറന്ന് ഇന്ത്യയുടെ ത്രിവർണ്ണ പതാക; ആകാശത്ത് ചരിത്രമെഴുതി പ്രവാസി ഇന്ത്യക്കാർ
dot image

ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് 13,000 അടി ഉയരത്തിൽ ത്രിവർണ്ണ പതാക പറത്തിയെന്ന റെക്കോർഡ് നേട്ടം സ്വന്തമാക്കി യുഎഇയിലെ ഇന്ത്യൻ പ്രവാസികൾ. കണ്ണൂർ സ്വദേശിയായ ജംഷീർ തണലോട്ട്, ഉത്തർപ്രദേശിലെ ഗോരഖ്പൂർ സ്വദേശി അഭിഷേക് റാവത്ത്, ബീഹാറിലെ പട്ന സ്വദേശി ഇഷാ രാജ് എന്നിവരാണ് ഈ സാഹസിക പ്രവർത്തനത്തിന്റെ ഭാ​ഗമായത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി സ്കൈഡൈവർമാർ ഓരോത്തരുടെയും രാജ്യത്തിന്റെ പതാക ഉയരങ്ങളിൽ പറത്തി. ഈ ദൗത്യത്തിന്റെ ഭാ​ഗമായാണ് ഇന്ത്യൻ സ്വദേശികളും ദേശീയ പതാക ആകാശവിതാനങ്ങളിൽ പറത്തിയത്.

ഓഗസ്റ്റ് 7-ന് ലിബിയയിലെ ബെൻഗാസിയിലാണ് ഈ വമ്പൻ ശ്രമം നടന്നത്. എങ്കിലും ഗിന്നസ് വേൾഡ് റെക്കോർഡ്സ് അധികൃതർ കൃത്യമായ തെളിവുകൾ പരിശോധിച്ച് റെക്കോർഡ് ഔദ്യോഗികമായി സ്ഥിരീകരിക്കാൻ ഏതാനും ദിവസങ്ങളെടുത്തു. 38 രാജ്യങ്ങളിൽ നിന്നുള്ള 65 ഓളം പരിചയസമ്പന്നരായ സ്കൈഡൈവർമാർ ഒരേസമയം 35-ഓളം വിവിധ ദേശീയ പതാകകളുമായി ആകാശത്തുനിന്ന് താഴേക്ക് പറന്നിറങ്ങി.

ഏറെ വെല്ലുവിളികളും റിസ്കും നിറഞ്ഞതായിരുന്നു ഈ റെക്കോർഡ് ശ്രമമെന്ന് ദുബായിലെ ഇ-കോമേഴ്സ് സംരംഭകനായ ജംഷീർ തണലോട്ട് പറഞ്ഞു. വലിയ പതാകകൾ കൈകാര്യം ചെയ്യുക, പതാകയുടെ കയറുകൾ പാരഷൂട്ടുമായി കുരുങ്ങിപ്പോകാതെ സൂക്ഷിക്കുക, ഒപ്പമുള്ള മറ്റ് സ്കൈഡൈവർമാരുമായി സുരക്ഷിതമായ അകലം പാലിക്കുക, അതിനുശേഷം റെക്കോർഡ് പരിശോധനയ്ക്കായി ക്യാമറകൾ സ്ഥാപിച്ചിട്ടുള്ള കൃത്യമായ ലാൻഡിംഗ് സോണിൽ തന്നെ ഇറങ്ങുക എന്നിവ വലിയ വെല്ലുവിളികളായിരുന്നുവെന്ന് ജംഷീർ വ്യക്തമാക്കി.

Content Highlights: Indian expatriates marked Independence Day by flying the Indian Tricolour at an altitude of 13,000 feet, creating a memorable moment in the sky and celebrating India's national pride.

dot image
To advertise here,contact us
dot image