

രാജ്യത്തുടനീളം ട്രാഫിക് പരിശോധനകൾ ശക്തമാക്കി കുവൈറ്റ് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ്. വിവിധ ഗവർണറേറ്റുകളിൽ നടത്തിയ വ്യാപക പരിശോധനകളിൽ ഒരു ആഴ്ചയ്ക്കുള്ളിൽ മാത്രം 29,060 ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തി. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി വരും ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്ന് സുരക്ഷാ വിഭാഗം അറിയിച്ചു.
ഗുരുതരമായ നിയമലംഘനങ്ങൾ നടത്തിയ 21 പേരെ ട്രാഫിക് പൊലീസ് സ്റ്റേഷനുകളിൽ തടങ്കലിലാക്കി. ഡ്രൈവിംഗ് ലൈസൻസില്ലാതെ വാഹനമോടിച്ച ഒമ്പത് പ്രായപൂർത്തിയാകാത്തവരെ ജുവനൈൽ പ്രോസിക്യൂഷന് കൈമാറുകയും ചെയ്തിട്ടുണ്ട്. കൂടാതെ 341 കാറുകളും നാല് മോട്ടോർ സൈക്കിളുകളും പൊലീസ് പിടിച്ചെടുത്തു. ഈ കാലയളവിൽ 859 റോഡപകടങ്ങളിലാണ് പട്രോളിംഗ് സംഘങ്ങൾ സ്ഥലത്തെത്തി അടിയന്തര നടപടികൾ സ്വീകരിച്ചത്. ഇതിൽ 141 അപകടങ്ങളിൽ ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. ആകെ 2,249 ട്രാഫിക് പരാതികളിലാണ് പൊലീസ് ഇടപെട്ടത്.
പരിശോധനകൾക്കിടയിൽ മറ്റ് നിരവധി കുറ്റകൃത്യങ്ങളും ട്രാഫിക് വിഭാഗം കണ്ടെത്തിയിട്ടുണ്ട്. മയക്കുമരുന്ന് കൈവശം വെച്ചതിന് ഒരാളെയും, ലഹരി ഉപയോഗിച്ച് അപകടകരമായി വാഹനമോടിച്ചതിന് അഞ്ച് പേരെയും അറസ്റ്റ് ചെയ്ത് ഡ്രഗ് കൺട്രോൾ വിഭാഗത്തിന് കൈമാറി. ഇതോടൊപ്പം സാധുവായ താമസരേഖകളില്ലാത്ത 63 പേരും തിരിച്ചറിയൽ രേഖകൾ ഇല്ലാത്ത നാല് പേരും പിടിയിലായി. വിവിധ കേസുകളിൽ വാറണ്ടുള്ള 52 വ്യക്തികളെയും തിരഞ്ഞു കൊണ്ടിരുന്ന 20 വാഹനങ്ങളെയും കസ്റ്റഡിയിലെടുത്ത് മേൽനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്.
Content Highlights: Kuwait authorities have intensified traffic law enforcement, with more than 29,000 people reportedly detained for various traffic violations within a week as part of efforts to improve road safety and compliance.