റെഡ് നോട്ടീസിന് പിന്നാലെ പിടിവീണു; ഇന്ത്യ തിരയുന്ന പ്രമുഖ മയക്കുമരുന്ന് കടത്തുകാരനെ കൈമാറി യുഎഇ

എൻസിബി ഉദ്യോഗസ്ഥരെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അഭിനന്ദിച്ചു

റെഡ് നോട്ടീസിന് പിന്നാലെ പിടിവീണു; ഇന്ത്യ തിരയുന്ന പ്രമുഖ മയക്കുമരുന്ന് കടത്തുകാരനെ കൈമാറി യുഎഇ
dot image

യുഎഇയിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രമുഖ ലഹരിമരുന്ന് മാഫിയ തലവനെ ഇന്ത്യയിലേക്ക് നാടുകടത്തി. മയക്കുമരുന്ന് കേസുകളിൽ തിരയപ്പെട്ടിരുന്ന കുപ്രസിദ്ധ കുറ്റവാളി വിരേന്ദർ സിങ് ബസോയയെയാണ് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ യുഎഇ അധികൃതരുടെ സഹായത്തോടെ ഇന്ത്യയിലെത്തിച്ചത്.

2024 ഫെബ്രുവരിയിൽ പൂനെയിൽ നിന്ന് 1,837 കിലോഗ്രാം മെഫെഡ്രോൺ പിടിച്ചെടുത്ത കേസിലും ഒക്ടോബറിൽ ദില്ലിയിൽ നിന്ന് പിടിച്ചെടുത്ത 1,300 കിലോഗ്രാമിലധികം വരുന്ന മെഫെഡ്രോൺ, കൊക്കെയ്ൻ, ഹൈഡ്രോപോണിക് വീഡ് കേസുകളിലും പ്രധാന പ്രതിയാണ് ബസോയ. പൂനെ കേസിന് പിന്നാലെ ദുബായിലേക്ക് കടന്ന ഇയാൾക്കെതിരെ 2025 നവംബറിലാണ് ഇന്റർപോൾ റെഡ് നോട്ടീസ് പുറപ്പെടുവിച്ചത്. 2009-ൽ DRI എടുത്ത കെറ്റമൈൻ കടത്ത് കേസിൽ മുൻപ് ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്ന് എൻസിബി ഡെപ്യൂട്ടി ഡയറക്ടർ ജനറൽ നീരജ് കുമാർ ഗുപ്ത സ്ഥിരീകരിച്ചു.

എൻസിബി ഉദ്യോഗസ്ഥരെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അഭിനന്ദിച്ചു. കേന്ദ്ര സർക്കാരിന്റെ 'സീറോ ടോളറൻസ്' നയത്തിലെ വലിയൊരു നാഴികക്കല്ലാണ് വിരേന്ദർ സിങ് ബസോയുടെ കൈമാറ്റം. ലഹരിക്കടത്തുകാർ ലോകത്തിന്റെ ഏത് കോണിൽ ഒളിച്ചാലും ഇന്ത്യൻ നിയമത്തിന്റെ പിടിയിൽ നിന്ന് രക്ഷപ്പെടാനാകില്ലെന്ന് നമ്മുടെ ഏജൻസികൾ വീണ്ടും തെളിയിച്ചിരിക്കുകയാണെന്നും അമിത് ഷാ എക്‌സിൽ കുറിച്ചു.

സാമ്പത്തിക-ക്രിമിനൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് യു.എ.ഇയിലേക്ക് കടക്കുന്ന പ്രതികളെ ഇന്ത്യയിലെത്തിക്കുന്നതിൽ ഇരു രാജ്യങ്ങളും തമ്മിൽ വലിയ സഹകരണമാണ് നിലനിൽക്കുന്നത്. കൊൽക്കത്ത ആസ്ഥാനമായ കമ്പനിയുടെ വൻ ബാങ്കിംഗ് തട്ടിപ്പ് കേസിൽ പ്രതിയായ കമലേഷ് പരേഖിനെയും, സാമ്പത്തിക തട്ടിപ്പ്, വ്യാജ പാസ്‌പോർട്ട് കേസുകളിൽ പ്രതിയായ ആലോക് കുമാറിനെയും മുൻപ് ഇന്റർപോളിന്റെയും യുഎഇ അധികൃതരുടെയും സഹായത്തോടെ ഇന്ത്യയിലെത്തിച്ചിരുന്നു.

ഇന്ത്യൻ എക്സ്ട്രാഡിഷൻ അപേക്ഷകൾ വേഗത്തിൽ പരിഗണിച്ച് കുറ്റവാളികളെ കൈമാറുന്നതിൽ യുഎഇ കാണിക്കുന്ന പിന്തുണ സമാനതകളില്ലാത്തതാണെന്ന് കേന്ദ്ര ഏജൻസികൾ വ്യക്തമാക്കുന്നു. ബസോയയെ ദില്ലി റൗസ് അവന്യു കോടതിയിൽ ഹാജരാക്കി. കൂടുതൽ ചോദ്യം ചെയ്യലിനായി ബസോയയെ കസ്റ്റഡിയിൽ വാങ്ങാനാണ് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ നീക്കം. ലഹരി മാഫിയകൾക്കെതിരെയും വിദേശത്ത് ഒളിവിൽ കഴിയുന്ന കുറ്റവാളികൾക്കെതിരെയും അന്താരാഷ്ട്ര അന്വേഷണ ഏജൻസികളുമായി ചേർന്ന് പരിശോധനകൾ കൂടുതൽ ശക്തമാക്കാനാണ് സുരക്ഷാ ഏജൻസികളുടെ തീരുമാനം.

Content Highlights: The UAE has handed over a drug trafficking suspect wanted by Indian authorities after an Interpol Red Notice was issued. The move highlights cooperation between the two countries in law enforcement matters.

dot image
To advertise here,contact us
dot image