എസ് ശ്രീജിത്തിൻ്റെ സ്ഥാനക്കയറ്റം: ആരോപണം നേരിടുന്നയാൾക്ക് സ്ഥാനക്കയറ്റം നൽകാന്‍ എന്താണ് തിടുക്കം?: ഹൈക്കോടതി

എസ് ശ്രീജിത്തിനെതിരായ രണ്ട് ഹര്‍ജികള്‍ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് സര്‍ക്കാര്‍ തിടുക്കത്തില്‍ തീരുമാനമെടുത്തതെന്നും കോടതി ചൂണ്ടിക്കാട്ടി

എസ് ശ്രീജിത്തിൻ്റെ  സ്ഥാനക്കയറ്റം: ആരോപണം നേരിടുന്നയാൾക്ക് സ്ഥാനക്കയറ്റം നൽകാന്‍ എന്താണ് തിടുക്കം?: ഹൈക്കോടതി
dot image

കൊച്ചി: എഡിജിപി എസ് ശ്രീജിത്തിന് ഡിജിപിയായി സ്ഥാനക്കയറ്റം നൽകാനുള്ള സംസ്ഥാന സര്‍ക്കാർ തീരുമാനത്തെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. ആരോപണം നേരിടുന്നയാള്‍ക്ക് സ്ഥാനക്കയറ്റം നല്‍കാന്‍ എന്താണ് തിടുക്കമെന്ന് ഹൈക്കോടതി ചോദിച്ചു. എഡിജിപി എസ് ശ്രീജിത്തിനെ ഡിജിപിയായി നിയമിക്കുമ്പോള്‍ വിജിലന്‍സ് ക്ലിയറന്‍സ് വേണമെന്നും എന്നാല്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി.

എസ് ശ്രീജിത്തിനെതിരായ രണ്ട് ഹര്‍ജികള്‍ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് സര്‍ക്കാര്‍ തിടുക്കത്തില്‍ തീരുമാനമെടുത്തതെന്നും കോടതി ചൂണ്ടിക്കാട്ടി. അനുമതിയില്ലാതെയുള്ള വിദേശയാത്രാ കേസിലും ബോഡി ബില്‍ഡര്‍മാരുടെ നിയമന കേസിലും എസ് ശ്രീജിത്തിന് വിജിലന്‍സ് ക്ലിയറന്‍സ് ഇതുവരെയും ലഭിച്ചിട്ടില്ല. ഈ രണ്ട് കേസുകളും ഹൈക്കോടതിയുടെ പരിഗണനയില്‍ ഇരിക്കുമ്പോഴാണ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി സര്‍ക്കാര്‍ സ്ഥാനക്കയറ്റം നല്‍കിയതെന്നും ഹൈക്കോടതി വിമര്‍ശിച്ചു. നിര്‍ദേശങ്ങള്‍ പാലിക്കാത്തതില്‍ ഹൈക്കോടതി കടുത്ത അതൃപ്തിയാണ് അറിയിച്ചത്.

എഡിജിപി എസ് ശ്രീജിത്തിനെ ഡിജിപിയാക്കാന്‍ തീരുമാനിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങാനിരിക്കെയാണ് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനമുണ്ടായത്. ഡിജിപി റാങ്കിലുള്ള ഫയര്‍ഫോഴ്സ് മേധാവി നിതിന്‍ അഗര്‍വാള്‍ വിരമിച്ചതിന് പിന്നാലെയാണ് എസ് ശ്രീജിത്തിനെ ഡിജിപി സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്. നിതിന്‍ അഗര്‍വാള്‍ വിരമിച്ച ഒഴിവിലേക്ക് തൊട്ടടുത്ത എഡിജിപിക്കാണ് പ്രൊമോഷന്‍ ലഭിക്കുക. അങ്ങനെയെങ്കില്‍ സുരേഷ് രാജ് പുരോഹിതാണ് ഈ സ്ഥാനത്തേക്ക് വരേണ്ടത്. എന്നാല്‍ അദ്ദേഹം നിലവില്‍ കേന്ദ്ര ഡെപ്യൂട്ടേഷനിലാണുള്ളത്. തൊട്ടുപിന്നില്‍ നില്‍ക്കുന്നത് എം ആര്‍ അജിത്കുമാറാണ്. പക്ഷേ ആലപ്പുഴ രക്ഷാപ്രവര്‍ത്തന കേസുമായി ബന്ധപ്പെട്ട് എം ആര്‍ അജിത്കുമാര്‍ സസ്പെന്‍ഷനിലാണ്. ഈ സാഹചര്യത്തില്‍ അടുത്ത മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ എസ് ശ്രീജിത്തിനെ സര്‍ക്കാര്‍ തെരഞ്ഞെടുത്തത്.

Content Highlights: The Kerala High Court has strongly criticised the state government's decision to appoint ADGP S Sreejith as the DGP.

dot image
To advertise here,contact us
dot image