

യുഎഇയിൽ നിന്നുള്ള വിമാന യാത്രക്കാർക്കായി പവർ ബാങ്ക് ഉപയോഗത്തിൽ കർശന നിയന്ത്രണങ്ങളുമായി പ്രമുഖ വിമാനക്കമ്പനികൾ. വ്യോമയാന സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി എമിറേറ്റ്‌സ്, ഇത്തിഹാദ് എയർവേയ്‌സ്, ഫ്ലൈദുബായ്, എയർ അറേബ്യ തുടങ്ങിയ കമ്പനികളാണ് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്. അടുത്തിടെ ചൈനയിലെ വിമാനത്താവളത്തിൽ വിമാനത്തിനുള്ളിലിരുന്ന പവർ ബാങ്കിന് തീപിടിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നടപടി.
ചൈന ഈസ്റ്റേൺ എയർലൈൻസ് വിമാനത്തിനുള്ളിൽ ബാഗിലിരുന്ന പവർ ബാങ്കിന് തീപിടിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് വ്യോമയാന സുരക്ഷാ നിയമങ്ങൾ കൂടുതൽ കർശനമാക്കിയത്. പവർ ബാങ്കുകളിലെ ലിഥിയം-അയൺ അല്ലെങ്കിൽ ലിഥിയം-പോളിമർ ബാറ്ററികൾക്ക് കേടുപാടുകൾ സംഭവിക്കുകയോ അമിതമായി ചൂടാവുകയോ ചെയ്താൽ 'തെർമൽ റൺഎവേ' വഴി തീപിടുത്തമുണ്ടാകാൻ സാധ്യതയുണ്ട്. ക്യാബിനുള്ളിൽ അപകടമുണ്ടായാൽ ജീവനക്കാർക്ക് ഉടനടി തീ അണയ്ക്കാൻ സാധിക്കും എന്നതിനാലാണ് ഇവ ഹാൻഡ് ബാഗേജിൽ മാത്രം അനുവദിക്കുന്നത്.
എമിറേറ്റ്‌സ്, ഇത്തിഹാദ് എയർവേയ്‌സ് എന്നീ വിമാനക്കമ്പനികൾ മണിക്കൂറിൽ 100 വാട്ട് വരെ ശേഷിയുള്ള ഒരു പവർ ബാങ്ക് മാത്രമാണ് അനുമതി നൽകുന്നത്. വിമാനത്തിനുള്ളിൽ വെച്ച് ഫോണോ മറ്റ് ഉപകരണങ്ങളോ ചാർജ് ചെയ്യാനോ വിമാനത്തിലെ യുഎസ്ബി പോർട്ടുകൾ ഉപയോഗിച്ച് പവർ ബാങ്ക് റീചാർജ് ചെയ്യാനോ പാടില്ല. ഇവ ഓവർഹെഡ് ലഗേജ് ബോക്സിലോ ചെക്ക്ഡ് ബാഗേജിലോ വെയ്ക്കാൻ പാടില്ലെന്നും അടിയന്തര സാഹചര്യത്തിൽ പെട്ടെന്ന് എടുക്കാൻ പാകത്തിൽ സീറ്റ് പോക്കറ്റിലോ സീറ്റിനടിയിലെ ബാഗിലോ സൂക്ഷിക്കണമെന്നും നിർദ്ദേശമുണ്ട്.
ഫ്ലൈദുബായിൽ മണിക്കൂറിൽ 100 വാട്ട് വരെയുള്ള ഒരു പവർ ബാങ്ക് ഹാൻഡ് ബാഗേജിൽ അനുവദിക്കും. മണിക്കൂറിൽ 160 വാട്ടിൽ കൂടുതലോ എട്ട് ഗ്രാമിൽ കൂടുതൽ ലിഥിയം അടങ്ങിയതോ ആയ ബാറ്ററികൾ പൂർണ്ണമായും നിരോധിച്ചു. എയർ അറേബ്യയും മണിക്കൂറിൽ 100 വാട്ട് കവിയാത്ത പവർ ബാങ്കുകൾ സ്വിച്ച് ഓഫ് ചെയ്ത നിലയിൽ സീറ്റ് പോക്കറ്റിലോ സീറ്റിനടിയിലോ സൂക്ഷിക്കണമെന്ന നിയമം കർശനമാക്കി. എയർ അറേബ്യയിലും വിമാനത്തിനുള്ളിൽ ചാർജിങ് അനുവദിക്കില്ല.
വലിയ ചെക്ക്ഡ് ലഗേജുകളിൽ പവർ ബാങ്ക് വെയ്ക്കുന്നത് നിയമവിരുദ്ധമാണ്. വിമാന യാത്രയ്ക്ക് മുമ്പായി പവർ ബാങ്കുകൾ ഹാൻഡ് ബാഗേജിൽ തന്നെയാണെന്ന് ഉറപ്പാക്കണമെന്നും യാത്രയിലുടനീളം ഇവ സ്വിച്ച് ഓഫ് ചെയ്ത് കൈയെത്തുന്ന ദൂരത്തിൽ സൂക്ഷിക്കണമെന്നും വിമാനക്കമ്പനികൾ അഭ്യർത്ഥിച്ചു.
Content Highlights: UAE airlines have announced tighter regulations on power bank usage during flights. Travellers should follow the updated rules to ensure a smooth and safe journey.