കാത്തിരിപ്പിന് വിരാമം: അബുദാബി ഗുഗൻഹൈം മ്യൂസിയം ഡിസംബർ 11-ന് സന്ദർശകർക്കായി തുറക്കുന്നു

പ്രശസ്ത ആർക്കിടെക്റ്റ് ഫ്രാങ്ക് ഗെഹ്രിയാണ് ഈ മ്യൂസിയം രൂപകൽപ്പന ചെയ്തത്.

കാത്തിരിപ്പിന് വിരാമം: അബുദാബി ഗുഗൻഹൈം മ്യൂസിയം ഡിസംബർ 11-ന് സന്ദർശകർക്കായി തുറക്കുന്നു
dot image

വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ അബുദാബിയിലെ ഗുഗൻഹൈം മ്യൂസിയം സന്ദർശകർക്കായി വാതിൽ തുറക്കുന്നു. ഡിസംബർ 11-ന് മ്യൂസിയം ആദ്യ സന്ദർശകരെ സ്വീകരിക്കുമെന്ന് അബുദാബി സാംസ്കാരിക വിനോദസഞ്ചാര വകുപ്പ് അറിയിച്ചു. സാദിയാത്ത് ദ്വീപിൽ നിർമ്മിച്ചിരിക്കുന്ന ഈ സാംസ്കാരിക അത്ഭുതം അബുദാബിയുടെ കലാമേഖലയ്ക്ക് പുതിയ കരുത്തേകും.

സാദിയാത്ത് ദ്വീപിലെ മ്യൂസിയം ഡിസ്ട്രിക്റ്റിലാണ് ഗുഗൻഹൈം അബുദാബി സ്ഥിതി ചെയ്യുന്നത്. ലൂവർ അബുദാബി, സായിദ് നാഷണൽ മ്യൂസിയം, നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം, ടീംലാബ് ഫിനോമിന എന്നിവയ്ക്ക് തൊട്ടടുത്തായാണ് ഈ കൂറ്റൻ കലാകേന്ദ്രവും ഉയർന്നിരിക്കുന്നത്. പ്രശസ്ത ആർക്കിടെക്റ്റ് ഫ്രാങ്ക് ഗെഹ്രിയാണ് ഈ മ്യൂസിയം രൂപകൽപ്പന ചെയ്തത്.

80,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിൽ പണിതീർത്ത ഈ മ്യൂസിയത്തിൽ 11,600 ചതുരശ്ര മീറ്റർ ഇന്റീരിയർ ഗാലറി സ്പേസും 23,000 ചതുരശ്ര മീറ്റർ ഔട്ട്ഡോർ പ്രദർശന മേഖലയുമുണ്ട്. സെൻട്രൽ ഏട്രിയവുമായി ബന്ധിപ്പിച്ച 30 ഗാലറികളാണ് മ്യൂസിയത്തിനുള്ളിലുള്ളത്. മേൽക്കൂരയിൽ ഉയർന്നുനിൽക്കുന്ന 88 മീറ്റർ വരെ ഉയരമുള്ള കൂറ്റൻ കോണുകളാണ് മ്യൂസിയത്തിന്റെ പ്രധാന ആകർഷണം. കെട്ടിടത്തിനുള്ളിലേക്ക് കാറ്റും തണലും നൽകി ഊർജ്ജ ഉപഭോഗം കുറയ്ക്കാനും ഈ നിർമ്മിതി സഹായിക്കുന്നു.

ന്യൂയോർക്ക്, വെനീസ്, ബിൽബാവോ എന്നിവയ്ക്ക് ശേഷം ഗുഗൻഹൈം നാമത്തിൽ അറിയപ്പെടുന്ന ലോകത്തിലെ നാലാമത്തെ മ്യൂസിയമാണിത്. 2009 മുതൽ ശേഖരിച്ച തനതായ കലാരൂപങ്ങളാണ് ഇവിടെ പ്രദർശിപ്പിക്കുന്നത്. ചരിത്രപരമായ കാലഗണനയ്ക്ക് പകരം അബ്‌സ്ട്രാക്ഷൻ, പോപ്പുലർ കൾച്ചർ, ലാംഗ്വേജ്, സ്‌റ്റോറിടെല്ലിംഗ് തുടങ്ങിയ പ്രത്യേക പ്രമേയങ്ങളെ അടിസ്ഥാനമാക്കിയാണ് മ്യൂസിയത്തിലെ പ്രദർശനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.

സാംസ്കാരിക കൈമാറ്റത്തിനും പഠനത്തിനും സർഗ്ഗാത്മകതയ്ക്കും പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്ന ഈ തുടക്കം അബുദാബിയുടെ ചരിത്രത്തിലെ നിർണ്ണായക നിമിഷമാണെന്ന് അബുദാബി സാംസ്കാരിക വിനോദസഞ്ചാര വകുപ്പ് ചെയർമാൻ മുഹമ്മദ് ഖലീഫ അൽ മുബാറക് പറഞ്ഞു. മ്യൂസിയത്തിന്റെ ഉദ്ഘാടനം ചെയ്യുന്നതോട സാദിയാത്ത് ദ്വീപിനെ ആഗോള സാംസ്കാരിക കേന്ദ്രമാക്കി മാറ്റാനുള്ള അബുദാബിയുടെ ലക്ഷ്യങ്ങൾക്ക് വേഗത കൂടും.

Content Highlights: After years of anticipation, the Guggenheim Abu Dhabi is set to welcome visitors from December 11. The museum is expected to become one of the UAE's leading cultural attractions.

dot image
To advertise here,contact us
dot image