'ഞാൻ നേരിട്ട ചതികളുടെ സത്യം ഈ ചാറ്റുകൾ പറയും': സാബു ജേക്കബുമായുള്ള ചാറ്റിൻ്റെ സ്ക്രീൻഷോട്ട് പങ്കുവെച്ച് അഖിൽ

കൊട്ടാരക്കരയില്‍ സ്വതന്ത്രനായി മത്സരിക്കണം എന്ന ചിന്തയാണ് തന്നെ ട്വന്റി 20 എന്ന പാര്‍ട്ടിയിലേക്ക് അടുപ്പിച്ചതെന്നും സീറ്റ് നല്‍കാതെ പാര്‍ട്ടി തന്നെ ചതിച്ചെന്നും അഖില്‍ മാരാര്‍ ആരോപിച്ചു

'ഞാൻ നേരിട്ട ചതികളുടെ സത്യം ഈ ചാറ്റുകൾ പറയും': സാബു ജേക്കബുമായുള്ള ചാറ്റിൻ്റെ സ്ക്രീൻഷോട്ട് പങ്കുവെച്ച് അഖിൽ
dot image

കൊച്ചി: ട്വന്റി 20 പാര്‍ട്ടി വിട്ടതിന് പിന്നാലെ പാര്‍ട്ടി അധ്യക്ഷന്‍ സാബു എം ജേക്കബിനെതിരായ വിമര്‍ശനങ്ങളില്‍ കൂടുതല്‍ ചാറ്റുകള്‍ പുറത്തുവിട്ട് അഖില്‍ മാരാര്‍. ഈ ചാറ്റുകള്‍ താന്‍ നേരിട്ട ചതികളുടെ സത്യം പറയും എന്ന തലക്കെട്ടോടെ ഫേസ്ബുക്കിലാണ് സ്‌ക്രീന്‍ഷോട്ടുകള്‍ പങ്കുവെച്ചിരിക്കുന്നത്. പറ്റിയ തെറ്റ് തിരുത്തണം എന്ന ചിന്തയാണ് തന്റെ പോസ്റ്റിന് പിന്നിലെന്നും അഖില്‍ മാരാര്‍ പറയുന്നു. കൊട്ടാരക്കരയില്‍ സ്വതന്ത്രനായി മത്സരിക്കണം എന്ന ചിന്തയാണ് തന്നെ ട്വന്റി 20 എന്ന പാര്‍ട്ടിയിലേക്ക് അടുപ്പിച്ചതെന്നും സീറ്റ് നല്‍കാതെ പാര്‍ട്ടി തന്നെ ചതിച്ചെന്നും അഖില്‍ മാരാര്‍ ആരോപിച്ചു. തൃപ്പൂണിത്തുറ സീറ്റ് ട്വന്റി 20യ്ക്ക് നല്‍കി ബിജെപി തന്നോട് മാന്യത കാണിച്ചപ്പോള്‍ അവിടെയും സാബു ജേക്കബ് തന്നെ ചതിച്ചെന്നും യാതൊരു രാഷ്ട്രീയ ബോധവുമില്ലാത്ത കുറേ പേര്‍ക്ക് സീറ്റ് നല്‍കി എന്‍ഡിഎയ്ക്ക് മൊത്തത്തില്‍ നാണക്കേടുണ്ടാക്കിയെന്നും അഖില്‍ മാരാര്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഇല്ലാത്ത ഒരേയൊരു എന്‍ഡിഎ സ്ഥാനാര്‍ത്ഥി താന്‍ ആയിരുന്നെന്നും ഒരു കൗണ്‍സിലര്‍ പോലും ഇല്ലാത്ത ഒരു മണ്ഡലത്തില്‍ സോഷ്യല്‍ മീഡിയ വഴി താനുണ്ടാക്കിയ ഓളം മാത്രമേയുളളുവെന്നും അഖില്‍ പറഞ്ഞു. 'തെരഞ്ഞെടുപ്പിന് ശേഷം പല പ്രാവശ്യം വിളിച്ചിട്ട് ഫോണ്‍ എടുത്തില്ല. മെസേജ് അയച്ചിട്ട് മറുപടിയില്ല. ഒരു രാഷ്ട്രീയ പ്രവര്‍ത്തനവും അവര്‍ക്കില്ല. ഇഷ്ടപെട്ടവരുടെ ഇടയില്‍ നിന്നും രാഷ്ട്രീയം മൂലം ലഭിക്കുന്ന വെറുപ്പും സമൂഹത്തില്‍ പല ഇടങ്ങളില്‍ നിന്നും എന്‍ഡിഎയുടെ ഭാഗമായതിന്റെ പേരില്‍ ഒഴിവാക്കപ്പെടുന്നതുമൊക്കെ അറിയിച്ചിട്ടും സാബു ജേക്കബിന് ഒരു മറുപടിയുമില്ല. 40 കോടി രൂപ തെരഞ്ഞെടുപ്പ് ഫണ്ടായി സാബു ജേക്കബിന് നല്‍കിയതായി ബിജെപിയിലെ ചില മുതിര്‍ന്ന നേതാക്കള്‍ വഴി അറിഞ്ഞു. അതിന്റെ പഴി ഞാന്‍ കേള്‍ക്കണോ' അഖില്‍ മാരാര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെ ചോദിച്ചു.

ബിജെപിയില്‍ നിന്നും വലിയ ഫണ്ട് സാബു ജേക്കബിന് ലഭിച്ചിട്ടുണ്ടെന്നും വ്യക്തിപരമായ നേട്ടത്തിനാണ് അത് ഉപയോഗിക്കുന്നതെന്നും അഖില്‍ മാരാര്‍ ആരോപിച്ചിരുന്നു. പാര്‍ട്ടിയില്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം ഇല്ല. സഹകരിച്ച് മുന്നോട്ടുപോകാന്‍ ആകില്ല. യുഡിഎഫ് വാഗ്ദാനം ചെയ്ത കൊട്ടാരക്കരയിലെ സീറ്റ് നഷ്ടപ്പെട്ടതോടെ സ്വതന്ത്രമായി മത്സരിക്കാനായിരുന്നു തന്റെ തീരുമാനം. ഇതിനെ പിന്തുണച്ച് സാബു ജേക്കബ് വരികയായിരുന്നു. അതിന് മുമ്പ് പണം വാഗ്ദാനം ചെയ്ത് എന്‍ഡിഎ ഏജന്‍സികള്‍ ബന്ധപ്പെട്ടിരുന്നു. ഇതിനിടെയാണ് സാബു ജേക്കബ് പിന്തുണയറിയിച്ചെത്തിയത്. അങ്ങനെയാണ് ട്വന്റി 20യില്‍ ചേര്‍ന്നത്. പിന്നീടാണ് കോണ്‍ഗ്രസ് നേതാവായ ആര്‍ രശ്മി പാര്‍ട്ടി വിട്ടത്. രശ്മി വന്നതാണോ വരുത്തിച്ചതാണോ എന്നും തനിക്ക് സംശയം ഉണ്ട്. പിന്നീടാണ് തൃപ്പൂണിത്തുറ സീറ്റ് നല്‍കാമെന്ന് വാഗ്ദാനം ചെയ്തതെന്നും അഖില്‍ മാരാര്‍ റിപ്പോർട്ടറിനോട് സംസാരിക്കവെ പറഞ്ഞു.

Content Highlights: Akhil Marar shares WhatsApp chat screenshots involving Sabu M Jacob, claiming they reveal the truth about the betrayals he faced; sparks political debate.

dot image
To advertise here,contact us
dot image