

യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടി യുഎഇയിലെ ഫുജൈറയിലുള്ള വാദി വുരായ നാഷണൽ പാർക്ക്. എമിറേറ്റ് ഭരണാധികാരിയുടെ ഉത്തരവോടെ തുടങ്ങി രണ്ട് പതിറ്റാണ്ട് നീണ്ട ദൗത്യത്തിനൊടുവിലാണ് ഈ ആഗോള അംഗീകാരം തേടിയെത്തിയത്. അറേബ്യൻ ഉപദ്വീപിലെ ഏറ്റവും പ്രധാനപ്പെട്ട പർവത ശുദ്ധജല ആവാസവ്യവസ്ഥകളിലൊന്നായ വാദി വുരായ, യുഎഇയിൽ നിന്ന് യുനെസ്കോ പട്ടികയിൽ ഇടംപിടിക്കുന്ന മൂന്നാമത്തെ കേന്ദ്രമാണ്.
ഫുജൈറയിൽ നിന്നുള്ള പരിസ്ഥിതി പ്രവർത്തകരുടെയും ഗവേഷകരുടെയും 20 വർഷത്തോളമുള്ള കഠിനാധ്വാനത്തിന്റെയും സമർപ്പണത്തിന്റെയും ഫലമായാണ് വാദി വുരായ ദേശീയോദ്യാനത്തിന് ലോക പൈതൃക പദവി ലഭിച്ചത്. അറേബ്യൻ ഉപദ്വീപിലെ അപൂർവ്വ ജീവജാലങ്ങൾക്കും സസ്യജാലങ്ങൾക്കും തണലൊരുക്കുന്ന വാദി വുരായ, വരണ്ട കാലാവസ്ഥയിലും ശുദ്ധജല വിഭവങ്ങൾ നൽകുന്ന അസാധാരണ ജൈവവൈവിധ്യ കേന്ദ്രമാണ്. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഈ പ്രദേശം ഉൾപ്പെട്ടത് യുഎഇക്കും ഫുജൈറയ്ക്കും ചരിത്രപരമായ നിമിഷമാണെന്ന് ഫുജൈറ പരിസ്ഥിതി അതോറിറ്റി ഡയറക്ടർ ജനറൽ അസില അബ്ദുല്ല അൽ മുഅല്ല പറഞ്ഞു.
യുനെസ്കോയുടെയും ഐയുസിഎന്നിന്റെയും (IUCN) കർശനമായ മാനദണ്ഡങ്ങൾ പാലിച്ചാണ് വാദി വുരായ പട്ടികയിൽ ഇടം നേടിയത്. വർഷങ്ങൾ നീണ്ട ശാസ്ത്രീയ തെളിവുകൾ ശേഖരിക്കലും വിപുലമായ ആസൂത്രണവും ഗവേഷണങ്ങളും ഇതിനായി ആവശ്യമായി വന്നു. ശാസ്ത്രജ്ഞരും തദ്ദേശീയ സമൂഹങ്ങളും സർക്കാർ സ്ഥാപനങ്ങളും ഒരുമിച്ച് പ്രവർത്തിച്ചതിന്റെ ഫലമായാണ് ഈ വലിയ നേട്ടം കൈവരിക്കാൻ സാധിച്ചതെന്നും അസില അബ്ദുല്ല വ്യക്തമാക്കി.
ശാസ്ത്രീയ ഗവേഷണം, നിയമപരമായ സംരക്ഷണം, ദീർഘകാല പാരിസ്ഥിതിക നിരീക്ഷണം എന്നിവ സമന്വയിപ്പിച്ചുള്ള മാനേജ്‌മെന്റ് രീതിയാണ് വാദി വുരായയെ മറ്റ് സംരക്ഷിത പ്രദേശങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. ലോകമെമ്പാടുമുള്ള വരണ്ട പ്രദേശങ്ങളിലെ പർവത ആവാസവ്യവസ്ഥ സംരക്ഷണത്തിന് മാതൃകയാക്കാവുന്ന രീതിയിലാണ് ഈ പാർക്ക് പരിപാലിക്കപ്പെടുന്നത്.
ഈ അംഗീകാരം ഒരു പുതിയ അധ്യായത്തിന്റെ തുടക്കമാണെന്നും ഭാവി തലമുറകൾക്കായി ഇതിന്റെ മികച്ച സാർവത്രിക മൂല്യം സംരക്ഷിക്കുമെന്നും അതോറിറ്റി ഉറപ്പുനൽകുന്നു. പരിസ്ഥിതി പുനഃസ്ഥാപനം, സുസ്ഥിര സന്ദർശക മാനേജ്മെന്റ്, വിപുലമായ അന്താരാഷ്ട്ര ശാസ്ത്ര സഹകരണം എന്നിവയിലൂടെ വാദി വുരായയുടെ സംരക്ഷണം വരുംദിവസങ്ങളിലും കൂടുതൽ ശക്തമായി മുന്നോട്ട് കൊണ്ടുപോകാനാണ് ഫുജൈറ പരിസ്ഥിതി അതോറിറ്റിയുടെ തീരുമാനം.
Content Highlights: Wadi Wurayah National Park in Fujairah has been recognised as a World Heritage Site. The recognition highlights the park's rich biodiversity and strengthens the UAE's position in global environmental conservation.