വെറും 177 കോടി; ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം ലഭിക്കുന്ന ഐടി മേധാവിയായി HCLTech സിഇഒ സി.വിജയകുമാര്‍

2026 സാമ്പത്തിക വര്‍ഷത്തില്‍ അദ്ദേഹത്തിന്റെ ആകെ പ്രതിഫലം 67 ശതമാനം ഉയര്‍ന്ന് 1.83 കോടി ഡോളറായി

വെറും 177 കോടി; ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം ലഭിക്കുന്ന ഐടി മേധാവിയായി HCLTech സിഇഒ സി.വിജയകുമാര്‍
dot image

ഇന്ത്യയിലെ ഐടി കമ്പനികളിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭിക്കുന്ന ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എന്ന സ്ഥാനം നിലനിര്‍ത്തി എച്ച്‌സിഎല്‍ ടെക്ക് സിഇഒ സി വിജയകുമാര്‍. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് വിജയകുമാര്‍ സ്ഥാനം നിലനിര്‍ത്തുന്നത്. കമ്പനിയുടെ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം, 2026 സാമ്പത്തിക വര്‍ഷത്തില്‍ അദ്ദേഹത്തിന്റെ ആകെ പ്രതിഫലം 67 ശതമാനം ഉയര്‍ന്ന് 1.83 കോടി ഡോളറായി.

ഇന്ത്യയിലെ 315 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഐടി സേവന മേഖലയില്‍ മുന്‍നിരയിലുള്ള മറ്റ് കമ്പനികളുടെ സിഇഒമാരുമായി താരതമ്യം ചെയ്യുമ്പോള്‍ വിജയകുമാറിന്റെ പ്രതിഫലം വലിയ അന്തരം സൃഷ്ടിച്ചു. ഇന്‍ഫോസിസ് സിഇഒ സലില്‍ പരേഖ് 82.5 കോടി, ടിസിഎസ് സിഇഒ കെ. കൃതിവാസന്‍ 28 കോടി, വിപ്രോ സിഇഒ ശ്രീനി പല്ലിയ ഏകദേശം 49.2 കോടി എന്നിങ്ങനെയാണ് പ്രതിഫലം.

വിജയകുമാറിന്റെ പ്രതിഫലം ഇന്‍ഫോസിസ് സിഇഒയുടെതിനെക്കാള്‍ ഇരട്ടിയിലധികവും, ടിസിഎസ് സിഇഒയുടെതിനെക്കാള്‍ ആറിരട്ടിയിലധികവും, വിപ്രോ സിഇഒയുടെതിനെക്കാള്‍ മൂന്നര ഇരട്ടിയിലധികവുമാണ്.

വിജയകുമാറിന്റെ പ്രതിഫലം

  • അടിസ്ഥാന ശമ്പളം: 240 ലക്ഷം ഡോളര്‍
  • പ്രകടനവുമായി ബന്ധപ്പെടുത്തിയ ബോണസ്: 200 ലക്ഷം ഡോളര്‍
  • ദീര്‍ഘകാല ഇന്‍സെന്റീവ് ക്യാഷ് ഘടകം: 390 ലക്ഷം ഡോളര്‍
  • പ്രയോജനപ്പെടുത്തിയ നിയന്ത്രിത ഓഹരി യൂണിറ്റുകളുടെ മൂല്യം: 940 ലക്ഷം ഡോളര്‍
  • മറ്റ് ആനുകൂല്യങ്ങള്‍: 30 ലക്ഷം ഡോളര്‍

എച്ച്‌സിഎല്‍ ടെക്ക് 2026 സാമ്പത്തിക വര്‍ഷത്തില്‍ സ്ഥിര കറന്‍സി അടിസ്ഥാനത്തില്‍ വരുമാനത്തില്‍ 3.9% വളര്‍ച്ച രേഖപ്പെടുത്തി. ഡോളര്‍ അടിസ്ഥാനത്തില്‍ വരുമാനം 6% ഉയര്‍ന്ന് 14.6 ബില്യണ്‍ ഡോളറായി. വാര്‍ഷിക ശമ്പള വര്‍ധനവിനെക്കാള്‍, മാറ്റിവച്ച ഇന്‍സെന്റീവ് തുകകളാണ് വിജയകുമാറിന്റെ പ്രതിഫലം കുത്തനെ ഉയരാന്‍ കാരണമെന്ന് എച്ച്‌സിഎല്‍ ടെക്ക് വ്യക്തമാക്കി.

2026 സാമ്പത്തിക വര്‍ഷത്തില്‍ നല്‍കിയ 200 ലക്ഷം ഡോളറിന്റെ പ്രകടന ബോണസ് 2025 സാമ്പത്തിക വര്‍ഷത്തെ പ്രകടനവുമായി ബന്ധപ്പെട്ടതാണ്. കൂടാതെ 2024, 2025 പ്രകടനവുമായി ബന്ധപ്പെട്ട ദീര്‍ഘകാല ഇന്‍സെന്റീവുകള്‍ ഈ വര്‍ഷം ലഭിച്ചതും മൊത്തം പ്രതിഫലം ഉയരാന്‍ കാരണമായി.

ജീവനക്കാരുടെ പ്രതിഫലവുമായി താരതമ്യം

അമേരിക്കയില്‍ താമസിക്കുന്ന വിജയകുമാറിന്റെ പ്രതിഫലം എച്ച്‌സിഎല്‍ അമേരിക്ക എന്ന എച്ച്‌സിഎല്‍ ടെക്കിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനം വഴിയാണ് നല്‍കുന്നത്. നിയമപരമായ വെളിപ്പെടുത്തലുകള്‍ക്കായി കമ്പനി അമേരിക്ക-ഇന്ത്യ വാങ്ങല്‍ ശേഷി അടിസ്ഥാനമാക്കി പ്രതിഫലം രൂപയിലേക്ക് മാറ്റിയാണ് കണക്കാക്കിയത്.

എച്ച്‌സിഎല്‍ ടെക്ക് റിപ്പോര്‍ട്ടനുസരിച്ച്, വിജയകുമാറിന്റെ പ്രതിഫലം ആഗോള ജീവനക്കാരുടെ ശരാശരി പ്രതിഫലത്തിന്റെ 291.9 മടങ്ങാണ്. 2026ല്‍ കമ്പനിയിലെ ജീവനക്കാരുടെ ശരാശരി പ്രതിഫലം 5.4% ഉയര്‍ന്നു. മാനേജീരിയല്‍ വിഭാഗത്തിന് പുറത്തുള്ള ജീവനക്കാരുടെ ശരാശരി ശമ്പള വര്‍ധന 2.9% ആയിരുന്നു.

Content Highlights: HCLTech CEO C Vijayakumar remained India’s highest-paid IT executive in FY26, earning around ₹177 crore—more than double the pay of Infosys CEO Salil Parekh

dot image
To advertise here,contact us
dot image