പാസ്‌പോർട്ട് പ്രതിസന്ധിക്ക് ശാശ്വത പരിഹാരം വേണം; ഫീസ് വർദ്ധനവ് പിൻവലിക്കണമെന്ന് ദുബായ് കെഎംസിസി

നിലവിലുള്ള സേവന സംവിധാനങ്ങൾ കൂടുതൽ ലളിതവും വേഗത്തിലുള്ളതും ജനസൗഹൃദപരവുമാക്കാൻ നയതന്ത്ര കാര്യാലയങ്ങൾ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കെഎംസിസി ആവശ്യപ്പെട്ടു.

പാസ്‌പോർട്ട് പ്രതിസന്ധിക്ക് ശാശ്വത പരിഹാരം വേണം; ഫീസ് വർദ്ധനവ് പിൻവലിക്കണമെന്ന് ദുബായ് കെഎംസിസി
dot image

യുഎഇയിലെ ഇന്ത്യൻ പ്രവാസികൾ നേരിടുന്ന പാസ്‌പോർട്ട് സേവനങ്ങളിലെ കാലതാമസത്തിന് ശാശ്വത പരിഹാരം കാണണമെന്നും അടുത്തിടെ വർദ്ധിപ്പിച്ച പാസ്‌പോർട്ട് ഫീസ് പിൻവലിക്കണമെന്നും ദുബായ് കെഎംസിസി കാസർഗോഡ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് സലാം കന്യാപ്പാടി, ജനറൽ സെക്രട്ടറി ഹനീഫ് ടി.ആർ, ട്രഷറർ ഡോ. ഇസ്മായിൽ എന്നിവരാണ് പ്രസ്താവനയിലൂടെ ഇന്ത്യൻ ഭരണകൂടത്തോട് ഈ ആവശ്യം ഉന്നയിച്ചത്.

പാസ്‌പോർട്ട് പുതുക്കുന്നതിനായി അപ്പോയിൻമെന്റ് ലഭിക്കുന്നതിലെ വലിയ താമസം പ്രവാസികളെ ബുദ്ധിമുട്ടിക്കുന്നുണ്ട്. ഇതിന് പുറമെ അപേക്ഷ സമർപ്പിക്കുന്നതിനും പാസ്‌പോർട്ട് കൈപ്പറ്റുന്നതിനും നേരിട്ട് സേവന കേന്ദ്രങ്ങളിൽ എത്തേണ്ടി വരുന്നതും നടപടികൾ പൂർത്തിയായ ശേഷവും പാസ്‌പോർട്ട് കൈയിൽ കിട്ടാൻ വൈകുന്നതും പ്രവാസികൾക്ക് ഇരട്ടി പ്രഹരമാകുന്നതായി കമ്മിറ്റി ചൂണ്ടിക്കാട്ടി.

അടിയന്തര യാത്രകൾ, ജോലി ആവശ്യങ്ങൾ, കുടുംബപരമായ മറ്റ് അത്യാവശ്യങ്ങൾ എന്നിവയുള്ള നിരവധി പ്രവാസികളെയാണ് പാസ്‌പോർട്ട് ലഭിക്കുന്നതിലെ ഈ താമസം പ്രതികൂലമായി ബാധിക്കുന്നത്. അതിനാൽ നിലവിലുള്ള സേവന സംവിധാനങ്ങൾ കൂടുതൽ ലളിതവും വേഗത്തിലുള്ളതും ജനസൗഹൃദപരവുമാക്കാൻ നയതന്ത്ര കാര്യാലയങ്ങൾ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കെഎംസിസി ആവശ്യപ്പെട്ടു.

യുഎഇയിലെ ഇന്ത്യൻ പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഇന്ത്യൻ കോൺസുലേറ്റും എംബസിയും ശക്തമായ ഇടപെടലുകൾ നടത്തുന്നുണ്ടെന്നത് സ്വാഗതാർഹമാണ്. എങ്കിലും പ്രതിദിനം വർദ്ധിച്ചുവരുന്ന അപേക്ഷകളുടെ എണ്ണം പരിഗണിച്ച് കൂടുതൽ സൗകര്യങ്ങളും കൂടുതൽ കാര്യക്ഷമമായ സംവിധാനങ്ങളും ഒരുക്കേണ്ടത് അനിവാര്യമാണെന്ന് ഭാരവാഹികൾ അഭിപ്രായപ്പെട്ടു.

സാധാരണക്കാരായ പ്രവാസികൾക്ക് അധിക സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്ന തരത്തിലാണ് പുതിയ ഫീസ് വർദ്ധനവ് വന്നിട്ടുള്ളത്. ഇത് അടിയന്തരമായി പുനഃപരിശോധിച്ച് പിൻവലിക്കണമെന്നും പാസ്‌പോർട്ട് സേവനങ്ങൾ കൃത്യമായ സമയപരിധിക്കുള്ളിൽ ലഭ്യമാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ദുബായ് കെഎംസിസി കാസർഗോഡ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

Content Highlights: Dubai KMCC has demanded a lasting solution to the ongoing passport service crisis affecting Indian expatriates. The organization also urged the authorities to roll back the recent increase in passport and visa service fees, citing the financial burden on expatriates.

dot image
To advertise here,contact us
dot image