

കടുത്ത വേനല്‍ച്ചൂടിന് താല്‍ക്കാലിക ആശ്വാസമേകി യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ മഴ പെയ്തു. അല്‍ ഐന്‍, ഫുജൈറ, ഖോര്‍ഫക്കാന്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് വേനല്‍മഴയും നേരിയ ചാറ്റല്‍മഴയും അനുഭവപ്പെട്ടത്. വെള്ളിയാഴ്ചയും രാജ്യത്തിന്റെ കിഴക്കന്‍, തെക്കന്‍ മേഖലകളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി അറിയിച്ചു. മഴ ലഭിച്ചെങ്കിലും രാജ്യത്തെ താപനില ഉയര്‍ന്ന നിരക്കില്‍ തന്നെ തുടരുമെന്നാണ് പ്രവചനം.
രാജ്യത്തിന്റെ തെക്കന്‍, കിഴക്കന്‍ മേഖലകളില്‍ രൂപപ്പെട്ട അന്തരീക്ഷ അസ്ഥിരതയെ തുടര്‍ന്നാണ് വ്യാഴാഴ്ച മഴ പെയ്തത്. അല്‍ ഐന്റെ തെക്കന്‍ മേഖലയായ അല്‍ ഖുവയില്‍ ശക്തമായ മഴയും, ഫുജൈറയിലും ഷാര്‍ജയുടെ നഗരമായ ഖോര്‍ഫക്കാനിലും നേരിയ ചാറ്റല്‍മഴയും രേഖപ്പെടുത്തി. കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും കാരണമാകുന്ന കൂമ്പാര മേഘങ്ങള്‍ അഥവാ 'കണ്‍വെക്റ്റീവ് ക്ലൗഡ്‌സ്' രൂപപ്പെട്ടതാണ് പെട്ടെന്നുള്ള ഈ കാലാവസ്ഥാ മാറ്റത്തിന് കാരണം.
വെള്ളിയാഴ്ചയും രാജ്യത്ത് ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കും. രാത്രിയിലും ശനിയാഴ്ച പുലര്‍ച്ചെയും അന്തരീക്ഷത്തില്‍ ഈര്‍പ്പം വര്‍ദ്ധിക്കാനും പടിഞ്ഞാറന്‍ തീരദേശങ്ങളില്‍ മൂടല്‍മഞ്ഞിനും സാധ്യതയുണ്ട്. പൊടിപടലങ്ങള്‍ ഉയര്‍ത്താന്‍ സാധ്യതയുള്ള ശക്തമായ കാറ്റും ചിലയിടങ്ങളില്‍ അനുഭവപ്പെടാം. കടല്‍ പൊതുവെ ശാന്തമായിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കുന്നു.
മഴ പെയ്‌തെങ്കിലും രാജ്യത്ത് ചൂടിന് വലിയ കുറവുണ്ടാകില്ല. ഉള്‍നാടന്‍ പ്രദേശമായ ലിവയില്‍ പരമാവധി താപനില 48 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കാം. അല്‍ ഐനില്‍ 46-ഉം, ദുബായ്, ഷാര്‍ജ നഗരങ്ങളില്‍ 44-ഉം, തലസ്ഥാനമായ അബുദാബിയില്‍ 43 ഡിഗ്രി സെല്‍ഷ്യസുമായിരിക്കും പരമാവധി താപനില. അതേസമയം, ഫുജൈറയില്‍ താപനില 36 ഡിഗ്രിയിലേക്ക് ചുരുങ്ങുമെങ്കിലും അന്തരീക്ഷ ഈര്‍പ്പം 85 ശതമാനം വരെ ഉയരാന്‍ സാധ്യതയുണ്ട്.
Content Highlight: Rainfall in several parts of the UAE has brought relief from intense summer heat, improving weather conditions in multiple areas