

പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമായതോടെ വിമാന സര്‍വീസുകള്‍ താളം തെറ്റുന്നു. ജൂലൈ 29 വരെ ഗള്‍ഫ് വ്യോമാതിര്‍ത്തി ഒഴിവാക്കാന്‍ വിമാനക്കമ്പനികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് നല്‍കി യൂറോപ്യന്‍ യൂണിയന്‍ ഏവിയേഷന്‍ സേഫ്റ്റി ഏജന്‍സി. സൗദിക്ക് നേരെ ഹൂത്തികള്‍ നടത്തിയ മിസൈല്‍-ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് ദുബായ്, ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്നുള്ള നിരവധി സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്.
യുഎഇ, ഖത്തര്‍, ബഹ്റൈന്‍, കുവൈത്ത് എന്നീ ഗള്‍ഫ് രാജ്യങ്ങളുടെ വ്യോമാതിര്‍ത്തി ജൂലൈ 29 വരെ പൂര്‍ണ്ണമായും ഒഴിവാക്കാനാണ് വിമാനക്കമ്പനികള്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ ഏവിയേഷന്‍ സേഫ്റ്റി ഏജന്‍സി നല്‍കിയ അടിയന്തര നിര്‍ദ്ദേശം. പശ്ചിമേഷ്യന്‍ മേഖലയിലെ സിവില്‍ ഏവിയേഷന്‍ രംഗം നേരിടുന്ന ഉയര്‍ന്ന അപകടസാധ്യത മുന്‍നിര്‍ത്തിയാണ് നടപടി. വെടിനിര്‍ത്തല്‍ കരാറുകള്‍ ലംഘിക്കപ്പെട്ടതും വാണിജ്യ കപ്പലുകള്‍ക്ക് നേരെയുള്ള ഇറാന്‍ ആക്രമണങ്ങളുമാണ് വ്യോമപാത അടയ്ക്കാനുള്ള പ്രധാന കാരണം.
സൈനിക പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ സിവില്‍ വിമാനങ്ങള്‍ തെറ്റിദ്ധരിക്കപ്പെടാനും അപകടത്തില്‍പ്പെടാനുമുള്ള സാധ്യത വളരെ കൂടുതലാണെന്ന് ഏജന്‍സി വ്യക്തമാക്കുന്നു. യൂറോപ്യന്‍ എയര്‍ലൈനുകള്‍ക്കും യൂറോപ്പിലേക്ക് സര്‍വീസ് നടത്തുന്ന മറ്റ് വിമാനങ്ങള്‍ക്കും ഈ റൂട്ട് മാറ്റം ബാധകമാണ്.
മറുവശത്ത്, യെമനിലെ ഹൂത്തികള്‍ സൗദിയിലെ അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ നടത്തിയ മിസൈല്‍-ഡ്രോണ്‍ ആക്രമണം യുഎഇയില്‍ നിന്നുള്ള സര്‍വീസുകളെയും നേരിട്ട് ബാധിച്ചു. ദുബായില്‍ നിന്ന് അബഹയിലേക്കുള്ള ഫ്‌ലൈദുബായുടെ രണ്ട് സര്‍വീസുകളും ഷാര്‍ജയില്‍ നിന്നുള്ള എയര്‍ അറേബ്യ സര്‍വീസും റദ്ദാക്കി. അബഹയില്‍ നിന്ന് റിയാദ്, ജിദ്ദ എന്നിവിടങ്ങളിലേക്കുള്ള ആഭ്യന്തര സര്‍വീസുകളും മുടങ്ങിയിട്ടുണ്ട്.
യെമന്‍ തലസ്ഥാനമായ സനായില്‍ സൗദി സഖ്യസേന നടത്തിയ വ്യോമാക്രമണത്തിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് അബഹയ്ക്ക് നേരെ ഹൂത്തികളുടെ തിരിച്ചടിയുണ്ടായത്. വര്‍ഷങ്ങളായി ശമിച്ചിരുന്ന ഹൂത്തി-സൗദി സംഘര്‍ഷം വീണ്ടും കടുത്തതോടെ പശ്ചിമേഷ്യന്‍ വ്യോമപാതയിലൂടെയുള്ള യാത്ര അതീവ സങ്കീര്‍ണ്ണമായിരിക്കുകയാണ്.
Content Highlights: Escalating tensions in West Asia are disrupting international flight operations. The European Union Aviation Safety Agency (EASA) has issued an urgent advisory asking airlines to avoid Gulf airspace until July 29 due to security concerns