പയ്യന്നൂരിലെ ചികിത്സാ പിഴവ്: കുട്ടിയുടെ വീട്ടിലെത്തി ബാലാവകാശ കമ്മീഷൻ, ഗുരുതര അനാസ്ഥ സംഭവിച്ചതായി വിലയിരുത്തൽ

പൊലീസിനോട് ബാലാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്

പയ്യന്നൂരിലെ ചികിത്സാ പിഴവ്: കുട്ടിയുടെ വീട്ടിലെത്തി ബാലാവകാശ കമ്മീഷൻ, ഗുരുതര അനാസ്ഥ സംഭവിച്ചതായി വിലയിരുത്തൽ
dot image

കണ്ണൂര്‍: പയ്യന്നൂരിലെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ മരിച്ച ഒന്നര വയസുകാരന്റെ വീട്ടിലെത്തി ബാലാവകാശ കമ്മീഷന്‍. കുട്ടികളുടെ രക്ഷിതാക്കളുടെ മൊഴി ബാലാവകാശ കമ്മീഷന്‍ രേഖപ്പെടുത്തി. ഗുരുതര അനാസ്ഥയും വീഴ്ചയും സംഭവിച്ചതായാണ് ബാലാവകാശ കമ്മീഷന്റെ പ്രാഥമിക വിലയിരുത്തല്‍. സംഭവത്തില്‍ പൊലീസിനോട് ബാലാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി.

അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥനുമായി അടുത്ത ദിവസം തന്നെ കൂടിക്കാഴ്ച നടത്തുമെന്ന് ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ കെ വി മനോജ് കുമാര്‍ പറഞ്ഞു. ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഓണ്‍ലൈനായി വിളിച്ച് ചേര്‍ക്കും. എന്തൊക്കെ നടപടികള്‍ സ്വീകരിച്ചു എന്ന കാര്യം കമ്മീഷന്‍ പരിശോധിക്കും. ആശുപത്രിയുടെ ഭാഗത്തുനിന്ന് അശ്രദ്ധ സംഭവിച്ചതായാണ് കുട്ടിയുടെ മാതാപിതാക്കളോട് സംസാരിച്ചതില്‍ നിന്ന് മനസിലാകുന്നത്. ആശുപത്രിയുടെ ഭാഗത്തുനിന്ന് അലംഭാവം സംഭവിച്ചിട്ടുണ്ടെന്നും ബാലാവകാശ കമ്മീഷന്‍ ചൂണ്ടിക്കാട്ടി.

ഇക്കഴിഞ്ഞ പത്താം തീയതിയായിരുന്നു ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഒന്നര വയസുകാരന്‍ മരിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അഞ്ച് ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു കുഞ്ഞിന്റെ മരണം. ഇതിന് പിന്നാലെ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കുടുംബം പരാതി നല്‍കി. ഉത്തരവാദികളായ മുഴുവന്‍ ഡോക്ടര്‍മാര്‍ക്കെതിരെയും നടപടി വേണമെന്നായിരുന്നു ബന്ധുക്കളുടെ ആവശ്യം. അനസ്‌തേഷ്യ നല്‍കിയ സമയത്ത് തന്നെ കുഞ്ഞിന് ഹൃദയാഘാതം ഉണ്ടായെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞതെന്നും കുടുംബം പറഞ്ഞിരുന്നു.

ജൂലൈ അഞ്ചാം തീയതിയായിരുന്നു സംഭവം. വീട്ടില്‍ കളിച്ചുകൊണ്ടിരിക്കെ വീണ് കുഞ്ഞിന്റെ ചുണ്ടിന് പരിക്കേല്‍ക്കുകയായിരുന്നു. ആദ്യം മാതമംഗലത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലായിരുന്നു കുഞ്ഞിനെ എത്തിച്ചത്. പ്രഥമശുശ്രൂഷ നല്‍കിയ ശേഷം പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. സ്റ്റിച്ച് ഇടാന്‍ വേണ്ടി ഡോക്ടര്‍മാര്‍ കുഞ്ഞിന് അനസ്‌തേഷ്യ നല്‍കി. ഇതോടെ കുഞ്ഞിന് ബോധം നഷ്ടമായി. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി കുഞ്ഞിനെ കണ്ണൂരിലെ ബേബി മെമ്മോറിയല്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കള്‍ പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അനസ്‌തേഷ്യ ഡോക്ടര്‍ ഡോ. അഞ്ജലി പൊതുവാളിനെതിരെ പൊലീസ് കേസെടുത്തിരുന്നു.

Content Highlights- The Child Rights Commission visited the family of a child involved in a treatment error case in Payyannur. The commission assessed that serious negligence had occurred in the incident.

dot image
To advertise here,contact us
dot image