

അബുദാബി ബിഗ് ടിക്കറ്റിന്റെ ജൂണ്‍ മാസത്തിലെ അവസാന പ്രതിവാര ഇ- നറുക്കെടുപ്പിലും ഭാഗ്യം മലയാളികള്‍ക്ക്. രണ്ട് മലയാളികള്‍ ഉള്‍പ്പെടെ നാല് ഇന്ത്യക്കാരെയാണ് ഇത്തവണ ഭാഗ്യം തുണച്ചത്. ഒരു ലക്ഷം ദിര്‍ഹത്തിന്റെ സമ്മാനത്തുക നാല് ഇന്ത്യക്കാരും പങ്കിട്ടു. ഓരോരുത്തര്‍ക്കും 25000 ദിര്‍ഹം, അതായത് ആറര ലക്ഷത്തിലേറെ രൂപ സമ്മാനമായി ലഭിക്കും.
കഴിഞ്ഞ 24 വര്‍ഷമായി ഒമാനില്‍ ബിസിനസ് ചെയ്യുന്ന കമലുദ്ദീന്‍ അന്‍വര്‍ഷ(45)യാണ് ബിഗ് ടിക്കറ്റിലൂടെ ഭാഗ്യം തേടിയെത്തിയ ഒരു മലയാളി. രണ്ട് വര്‍ഷമായി നിരന്തരം ബിഗ് ടിക്കറ്റെടുക്കുന്നയാളാണ് കലുദ്ദീന്‍ അന്‍വര്‍ഷ. സമ്മാനം ലഭിച്ചെന്ന ഫോണ്‍ കോള്‍ വന്നപ്പോള്‍ അതിയായ സന്തോഷം തോന്നിയെന്ന് അന്‍വര്‍ഷ പറഞ്ഞു. ഈ പണം കടം വീട്ടാന്‍ ഉപയോഗിക്കുമെന്ന് അന്‍വര്‍ഷ പറഞ്ഞു. ഇനിയും ബിഗ് ടിക്കറ്റില്‍ ഭാഗ്യം പരീക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സുജിത് സുകുമാരനാണ് സമ്മാനത്തിന് അര്‍ഹനായ മറ്റൊരു മലയാളി. അപ്രതീക്ഷിതമായി ലഭിച്ച ഈ വിജയത്തില്‍ ഏറെ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ദുബായിലുള്ള സുഹൃത്തുക്കള്‍ വഴിയും സമൂഹമാധ്യമങ്ങള്‍ വഴിയും ബിഗ് ടിക്കറ്റിനെ കുറിച്ച് അറിഞ്ഞ് കഴിഞ്ഞ രണ്ട് വര്‍ഷമായി ബിഗ് ടിക്കറ്റെടുക്കുന്ന ഹൈദരാബാദ് സ്വദേശി നരേഷ് തങ്കലപെല്ലിയാണ് സമ്മാനത്തിന് അര്‍ഹനായ മറ്റൊരു ഇന്ത്യക്കാരന്‍. കര്‍ണാടക സ്വദേശിയായ അബൂബക്കര്‍ സിദ്ധിഖാണ് മറ്റൊരു ഇന്ത്യക്കാരന്‍. മൂന്ന് വര്‍ഷമായി സഹപ്രവര്‍ത്തകര്‍ക്കൊപ്പം ടിക്കറ്റ് എടുത്ത സിദ്ധിഖ് ആദ്യമായി സ്വന്തം പേരില്‍ ടിക്കറ്റെടുത്തപ്പോഴാണ് സമ്മാനത്തിന് അര്‍ഹനായത്.
അബുദാബി ബിഗ് ടിക്കറ്റിന്റെ ജൂണ്‍ മാസത്തിലെ മൂന്നാമത് ഇ- നറുക്കെടുപ്പിലും നാല് ഇന്ത്യക്കാര്‍ക്കാണ് സമ്മാനം ലഭിച്ചത്. വിജയികളില്‍ മൂന്ന് പേര്‍ മലയാളികളായിരുന്നു. ഗള്‍ഫ് പ്രവാസികളായ ഇവര്‍ അബുദാബി, ബഹ്‌റൈന്‍, സൗദി അറേബ്യ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവരായിരുന്നു.
Content Highlights: Malayalis have won in the final weekly e-draw of Abu Dhabi Big Ticket for June