

ലോകത്തിലെ ഏറ്റവും മികച്ച നിക്ഷേപ സൗഹൃദ നഗരമായും ജീവിതനിലവാരമുള്ള കേന്ദ്രമായും അബുദാബിയെ മാറ്റിയെടുക്കാനുള്ള പുതിയ ബ്രാൻഡിങ് തന്ത്രങ്ങളുമായി യുഎഇ ഭരണകൂടം. ഇതിന്റെ ഭാഗമായി ചരിത്രത്തിലാദ്യമായി സംഘടിപ്പിക്കുന്ന 'ലിവബിലിറ്റി ആൻഡ് ഇൻവെസ്റ്റ്മെന്റ് എക്സിബിഷൻ' (LIVEX 2026) ഈ വർഷം സെപ്റ്റംബറിൽ നടക്കും. സാദിയാത് ദ്വീപിലെ സായിദ് നാഷണൽ മ്യൂസിയത്തിൽ നടന്ന വാർത്താസമ്മേളനത്തിൽ എട്ട് പ്രമുഖ സർക്കാർ വകുപ്പ് തലവന്മാരാണ് ഈ വൻകിട ആഗോള പ്ലാറ്റ്‌ഫോം പ്രഖ്യാപിച്ചത്.
അബുദാബി ഡിപ്പാർട്ട്‌മെന്റ് ഓഫ് മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർട്ടിന്റെ നേരിട്ടുള്ള നേതൃത്വത്തിലാണ് 'ലൈവെക്സ് 2026' ഒരുങ്ങുന്നത്. വരുംവർഷങ്ങളിലെ നഗര വികസനവും ആധുനിക ജീവിതസൗകര്യങ്ങളും വൻകിട നിക്ഷേപസാധ്യതകളും ലോകത്തിന് മുന്നിൽ തുറന്നുകാട്ടുകയാണ് ഈ പ്രദർശനത്തിലൂടെ ലക്ഷ്യമിടുന്നത്. സെപ്റ്റംബർ 29 മുതൽ ഒക്ടോബർ ഒന്ന് വരെ അബുദാബി അഡ്നെക് സെന്ററിലാണ് ഈ മെഗാ പ്രദർശനം നടക്കുക.
മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മേള ബിസിനസ്സ്, സാങ്കേതിക വിദ്യ, പാരമ്പര്യം, ആരോഗ്യം, ആഡംബരം, വിനോദം തുടങ്ങി എട്ട് പ്രത്യേക മേഖലകളായിട്ടായിരിക്കും ക്രമീകരിക്കുക. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖരെ അബുദാബിയിലേക്ക് ആകർഷിക്കാൻ പോന്ന വിപുലമായ തയ്യാറെടുപ്പുകളാണ് പുരോഗമിക്കുന്നത്. 50-ലധികം രാജ്യങ്ങളിൽ നിന്നായി 20,000-ത്തിലേറെ സന്ദർശകർ എത്തും. 45-ലേറെ പ്രാദേശിക-അന്താരാഷ്ട്ര പ്രദർശകർ തങ്ങളുടെ പദ്ധതികൾ അവതരിപ്പിക്കും. ലോകപ്രശസ്തരായ 50 വിദഗ്ദ്ധ പ്രഭാഷകരും 30 പ്രമുഖ സെലിബ്രിറ്റികളും ഇൻഫ്ലുവൻസർമാരും മേളയുടെ ഭാഗമാകും.
വൻകിട സർക്കാർ പദ്ധതികളുടെ പ്രഖ്യാപനവും മേളയിൽ ഉണ്ടാകും. അബുദാബി സർക്കാർ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ടൂറിസം, സംസ്‌കാരം, ആരോഗ്യം, വിദ്യാഭ്യാസം, കമ്മ്യൂണിറ്റി ലിവിങ് തുടങ്ങിയ സമഗ്ര മേഖലകളെ ആഗോളതലത്തിൽ അവതരിപ്പിക്കാനുള്ള മികച്ച വേദിയാണിതെന്ന് ഡിഎംടി ചെയർമാൻ മുഹമ്മദ് അലി അൽ ഷൊറഫ വ്യക്തമാക്കി.
പ്രദർശന വേളയിൽ അബുദാബിയുടെ മുഖച്ഛായ മാറ്റുന്ന വൻകിട സർക്കാർ പദ്ധതികളും പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയുള്ള നിരവധി പുതിയ നിക്ഷേപാവസരങ്ങളും പ്രഖ്യാപിക്കും. പ്രവാസികൾക്കും അന്താരാഷ്ട്ര ബിസിനസ്സ് ഗ്രൂപ്പുകൾക്കും സുരക്ഷിതമായി നിക്ഷേപം നടത്താനും മധ്യപൂർവേഷ്യയിൽ ബിസിനസ്സ് വളർത്താനും അനുയോജ്യമായ ഏറ്റവും മികച്ച ആഗോള ഹബ്ബായി അബുദാബിയെ അടയാളപ്പെടുത്താൻ 'ലൈവെക്സ്' മേളയ്ക്ക് സാധിക്കുമെന്നാണ് വിലയിരുത്തൽ.
Content Highlights: Abu Dhabi will host a major investment exhibition in September, bringing together global investors, businesses, and industry leaders. The event aims to attract foreign investment, showcase business opportunities, and reinforce the emirate's status as a leading international business hub.