

രാജ്യാന്തര സുരക്ഷാ റാങ്കിംഗിൽ ലോക രാജ്യങ്ങളെ മുഴുവൻ പിന്നിലാക്കി യുഎഇ എമിറേറ്റുകൾക്ക് വൻ നേട്ടം. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരമായി യുഎഇയിലെ അജ്മാനെ തിരഞ്ഞെടുത്തു. പ്രമുഖ അന്താരാഷ്ട്ര ഡാറ്റാ പോർട്ടലായ 'നംബിയോ' പുറത്തുവിട്ട 2026-ലെ മിഡ്-ഇയർ റിപ്പോർട്ടിലാണ് അജ്മാൻ അഭിമാനകരമായ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്.
താമസക്കാരുടെ സുരക്ഷിതത്വബോധവും കുറ്റകൃത്യങ്ങളുടെ കുറഞ്ഞ നിരക്കും മുൻനിർത്തി തയ്യാറാക്കിയ ഈ പട്ടികയിൽ ആദ്യ നാല് സ്ഥാനങ്ങളും യുഎഇയിലെ എമിറേറ്റുകൾ തന്നെയാണ് തൂത്തുവാരിയത്. അജ്മാന് തൊട്ടുപിന്നാലെ തലസ്ഥാന നഗരിയായ അബുദാബി രണ്ടാം സ്ഥാനവും റാസൽഖൈമ മൂന്നാം സ്ഥാനവും ഷാർജ നാലാം സ്ഥാനവും കരസ്ഥമാക്കി.
ആഗോളതലത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികളും പ്രവാസികളും എത്തുന്ന ദുബായ് നഗരവും സുരക്ഷയുടെ കാര്യത്തിൽ ഏറെ മുന്നിലാണ്. ലോകത്തെ മികച്ച സുരക്ഷിത നഗരങ്ങളുടെ പട്ടികയിൽ ആറാം സ്ഥാനമാണ് ദുബായ് സ്വന്തമാക്കിയത്. മികച്ച ക്രമസമാധാന പാലനവും അത്യാധുനിക സുരക്ഷാ സംവിധാനങ്ങളും പൊതുജനങ്ങളോടുള്ള പൊലീസിന്റെ കരുതലും തന്നെയാണ് യുഎഇ നഗരങ്ങളെ ലോകത്തിന്റെ നെറുകയിൽ എത്തിച്ചത്.
വിദേശികൾക്കും പ്രവാസി കുടുംബങ്ങൾക്കും ഭയമില്ലാതെ ജീവിക്കാനും ബിസിനസ്സ് ചെയ്യാനും ഏറ്റവും അനുയോജ്യമായ സുരക്ഷിത കേന്ദ്രം യുഎഇ തന്നെയെന്ന് വീണ്ടും തെളിയിക്കുന്നതാണ് ഈ പുതിയ ആഗോള റാങ്കിംഗ് റിപ്പോർട്ട്. നഗര സുരക്ഷയിൽ കൈവരിച്ച ഈ വലിയ നേട്ടം യുഎഇയുടെ ടൂറിസം, നിക്ഷേപ മേഖലകൾക്ക് വരും ദിവസങ്ങളിൽ കൂടുതൽ കരുത്ത് പകരും.
Content Highlights: Ajman has been ranked the world's safest city, highlighting the UAE's strong performance in global safety rankings. Other UAE emirates also earned top positions, reflecting the country's continued focus on public safety, security, and quality of life.