വേനൽക്കാല യാത്രാത്തിരക്ക്: വിമാന യാത്രക്കാർക്ക് അടിയന്തര നിർദ്ദേശങ്ങളുമായി എമിറേറ്റ്സ്

തിരക്ക് ഒഴിവാക്കാനായി യാത്രക്കാർ സാധാരണയേക്കാൾ നേരത്തെ വിമാനത്താവളത്തിൽ എത്തണമെന്ന് എമിറേറ്റ്സ് അഭ്യർത്ഥിച്ചു.

വേനൽക്കാല യാത്രാത്തിരക്ക്: വിമാന യാത്രക്കാർക്ക് അടിയന്തര നിർദ്ദേശങ്ങളുമായി എമിറേറ്റ്സ്
dot image

വേനൽക്കാല അവധിയോടനുബന്ധിച്ചുള്ള യാത്രാത്തിരക്ക് പരിഗണിച്ച് വിമാന യാത്രക്കാർക്ക് നിർദ്ദേശങ്ങളുമായി എമിറേറ്റ്സ് എയർലൈൻ. ജൂലൈ മൂന്ന് മുതൽ അഞ്ച് വരെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 3 വഴി വലിയ തിരക്ക് അനുഭവപ്പെടുമെന്ന് എയർലൈൻ മുന്നറിയിപ്പ് നൽകുന്നു. തിരക്ക് ഒഴിവാക്കാനായി യാത്രക്കാർ സാധാരണയേക്കാൾ നേരത്തെ വിമാനത്താവളത്തിൽ എത്തണമെന്ന് എമിറേറ്റ്സ് അഭ്യർത്ഥിച്ചു.

വേനൽക്കാല അവധിക്ക് നാട്ടിലേക്ക് പോകുന്ന പ്രവാസികളും വിനോദസഞ്ചാരികളും ഉൾപ്പെടെയുള്ളവരുടെ വൻ ഒഴുക്കാണ് ഈ വാരാന്ത്യം മുതൽ ദുബായ് വിമാനത്താവളത്തിൽ പ്രതീക്ഷിക്കുന്നത്. വിമാനത്താവളത്തിലേക്കുള്ള റോഡുകളിലെ ഗതാഗതക്കുരുക്ക്, പാർക്കിംഗ്, ഇമിഗ്രേഷൻ, സെക്യൂരിറ്റി പരിശോധനകൾ എന്നിവയ്ക്കുള്ള സമയം കൂടി കണക്കിലെടുത്ത് യാത്രക്കാർ മുൻകൂട്ടി ഇറങ്ങണം. വിമാനം പുറപ്പെടുന്നതിന് മൂന്ന് മണിക്കൂർ മുൻപെങ്കിലും വിമാനത്താവളത്തിൽ എത്തണമെന്നും 90 മിനിറ്റ് മുൻപ് ഇമിഗ്രേഷനും ഒരു മണിക്കൂർ മുൻപ് ബോർഡിംഗ് ഗേറ്റിലും റിപ്പോർട്ട് ചെയ്യണമെന്നും എമിറേറ്റ്സ് നിർദ്ദേശിക്കുന്നു.

വിമാനത്താവളത്തിലെ കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിനായി ഡിജിറ്റൽ സംവിധാനങ്ങൾ പരമാവധി പ്രയോജനപ്പെടുത്താൻ എയർലൈൻ നിർദ്ദേശിക്കുന്നുണ്ട്. യാത്രയ്ക്ക് 48 മണിക്കൂർ മുൻപ് തന്നെ ഓൺലൈനായോ മൊബൈൽ ആപ്പ് വഴിയോ ചെക്ക്-ഇൻ ചെയ്യാം. ദുബായിൽ നിന്നുള്ള യാത്രക്കാർക്ക് 24 മണിക്കൂർ മുൻപും (അമേരിക്കയിലേക്കുള്ളവർക്ക് 12 മണിക്കൂർ മുൻപും) ലഗേജ് ഡ്രോപ്പ് ചെയ്യാം. ഇതുകൂടാതെ ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ, അജ്മാൻ സെൻട്രൽ ബസ് ടെർമിനൽ എന്നിവിടങ്ങളിലെ സിറ്റി ചെക്ക്-ഇൻ കൗണ്ടറുകളും ഉപയോഗപ്പെടുത്താവുന്നതാണ്. ഫസ്റ്റ് ക്ലാസ് യാത്രക്കാർക്കും സ്കൈവേർഡ്സ് പ്ലാറ്റിനം അംഗങ്ങൾക്കും ഹോം ചെക്ക്-ഇൻ സൗകര്യവും ലഭ്യമാണ്.

റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ടെർമിനൽ 3-ലേക്ക് പോകാൻ ദുബായ് മെട്രോ പരമാവധി ഉപയോഗിക്കണമെന്നും എമിറേറ്റ്സ് ശുപാർശ ചെയ്യുന്നു. സെക്യൂരിറ്റി പരിശോധനകളിൽ താമസം ഒഴിവാക്കാൻ ബാഗേജ് നിയമങ്ങൾ കർശനമായി പാലിക്കണം. പവർ ബാങ്കുകൾ, ഇ-സിഗരറ്റുകൾ, പോർട്ടബിൾ ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ ഹാൻഡ് ലഗേജിൽ മാത്രമേ അനുവദിക്കൂ. സ്മാർട്ട് ബാഗുകളുടെ ബാറ്ററികൾ ഊരിമാറ്റാൻ കഴിയുന്നവ ആയിരിക്കണം. ഭിന്നശേഷിക്കാരായ യാത്രക്കാർക്കായി പ്രയോറിറ്റി ചെക്ക്-ഇൻ, ഇമിഗ്രേഷൻ, സൗജന്യ പാർക്കിംഗ് ഉൾപ്പെടെയുള്ള പ്രത്യേക സഹായങ്ങൾ വിമാനത്താവളത്തിൽ ഒരുക്കിയിട്ടുണ്ടെന്നും എമിറേറ്റ്സ് അറിയിച്ചു.

Content Highlights: Emirates has advised passengers to plan ahead and arrive early at the airport due to increased travel demand during the summer holiday season. The airline also urged travellers to complete online check-in and follow airport procedures to ensure a smooth journey.

dot image
To advertise here,contact us
dot image