ജീവനക്കാർക്ക് സന്തോഷവാർത്ത; വേനൽക്കാലത്ത് ജോലി സമയം കുറച്ച് അജ്മാൻ സർക്കാർ!

ജീവനക്കാർക്ക് ജോലിയിലും വ്യക്തിജീവിതത്തിലും ഒരേപോലെ ശ്രദ്ധ കേന്ദ്രീകരിക്കാൻ അവസരമൊരുക്കുകയാണ് ഈ പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്

ജീവനക്കാർക്ക് സന്തോഷവാർത്ത; വേനൽക്കാലത്ത് ജോലി സമയം കുറച്ച് അജ്മാൻ സർക്കാർ!
dot image

വേനൽക്കാലത്ത് ജീവനക്കാരുടെ ക്ഷേമവും കുടുംബ ബന്ധങ്ങളും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ജോലി സമയം കുറച്ച് അജ്മാൻ സർക്കാർ. ജൂൺ 29 മുതൽ ഓഗസ്റ്റ് 28 വരെ നീണ്ടുനിൽക്കുന്ന അവർ സമ്മർ, ബാലൻസ്ഡ് എന്ന പ്രത്യേക പദ്ധതിയുടെ ഭാഗമായാണ് നടപടി. യുഎഇ പ്രഖ്യാപിച്ച 'ഇയർ ഓഫ് ദി ഫാമിലി' എന്ന പ്രമേയത്തോട് അനുബന്ധിച്ചാണ് ഈ പുതിയ പരിഷ്കാരം.

അജ്മാൻ ഹ്യൂമൻ റിസോഴ്‌സ് ഡിപ്പാർട്ട്‌മെന്റ് പുറത്തിറക്കിയ പുതിയ സർക്കുലർ പ്രകാരം സർക്കാർ ജീവനക്കാരുടെ ഔദ്യോഗിക ജോലി സമയം പ്രതിദിനം ഏഴ് മണിക്കൂറായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഇതനുസരിച്ച് തിങ്കൾ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ രാവിലെ 7:30 മുതൽ ഉച്ചയ്ക്ക് 2:30 വരെയായിരിക്കും പുതിയ പ്രവൃത്തി സമയം. വെള്ളിയാഴ്ചകളിൽ രാവിലെ 7:30 മുതൽ ഉച്ചയ്ക്ക് 12 മണി വരെ മാത്രമായിരിക്കും ഓഫീസുകൾ പ്രവർത്തിക്കുക.

ജീവനക്കാർക്ക് ജോലിയിലും വ്യക്തിജീവിതത്തിലും ഒരേപോലെ ശ്രദ്ധ കേന്ദ്രീകരിക്കാൻ അവസരമൊരുക്കുകയാണ് ഈ പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. ഔദ്യോഗിക പ്രവൃത്തി സമയത്തിൽ കുറവ് വരാത്ത രീതിയിൽ ജീവനക്കാർക്ക് അനുയോജ്യമായ ഫ്ലെക്സിബിൾ വർക്കിംഗ് ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ അതത് സർക്കാർ സ്ഥാപനങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ട്.

ഷിഫ്റ്റ് അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് പൊതുജനങ്ങൾക്കുള്ള സേവനങ്ങൾ തടസ്സപ്പെടാത്ത രീതിയിൽ, സ്വന്തം പ്രവർത്തന ആവശ്യങ്ങൾക്ക് അനുസൃതമായി ജോലി സമയം നിശ്ചയിക്കാവുന്നതാണ്. പൊതുസേവനങ്ങളുടെ കാര്യക്ഷമത ഒട്ടും ചോർന്നുപോകാതെ തന്നെ, ജീവനക്കാർക്ക് കൂടുതൽ ആരോഗ്യകരവും സമാധാനപരവുമായ ഒരു തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കാൻ ഈ വേനൽക്കാല പരിഷ്കാരം സഹായിക്കുമെന്ന് അജ്മാൻ സർക്കാർ വ്യക്തമാക്കി.

Content Highlights:The Ajman government has introduced relaxed summer working hours for its employees as part of its seasonal workplace policy. The initiative is intended to improve employee welfare, support work-life balance, and help staff cope with high summer temperatures.

dot image
To advertise here,contact us
dot image