മലപ്പുറത്ത് വീട്ടില്‍ നിന്ന് ലഹരി പിടികൂടിയ സംഭവം; ബെംഗളൂരുവിൽ ഒളിവിൽ കഴിഞ്ഞിരുന് പ്രധാന പ്രതി അറസ്റ്റില്‍

കേസില്‍ നേരത്തേ ജാസിറിന്റെ പിതാവും മാതാവും സുഹൃത്തും പിടിയിലായിരുന്നു

മലപ്പുറത്ത് വീട്ടില്‍ നിന്ന് ലഹരി പിടികൂടിയ സംഭവം; ബെംഗളൂരുവിൽ ഒളിവിൽ കഴിഞ്ഞിരുന് പ്രധാന പ്രതി അറസ്റ്റില്‍
dot image

മലപ്പുറം: മലപ്പുറം ചേലേമ്പ്രയില്‍ വീട്ടിൽ നിന്ന് എംഡിഎംഎ പിടികൂടിയ കേസില്‍ പ്രധാന പ്രതി പിടിയില്‍. ചേലമ്പ്ര സ്വദേശിയായ ജാസിര്‍ (31) ആണ് പിടിയിലായത്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് സമീപം വീട്ടില്‍ സൂക്ഷിച്ച എംഡിഎംഎ പിടികൂടിയ കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഒരു കോടിയോളം വിലവരുന്ന 1.16 കിലോഗ്രാം എംഡിഎംഎയായിരുന്നു നാല് മാസം മുമ്പ് പിടിച്ചെടുത്തത്. ബെംഗളൂരുവിലെ ഒളിത്താവളത്തില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. കേസില്‍ നേരത്തേ ജാസിറിന്റെ പിതാവും മാതാവും സുഹൃത്തും പിടിയിലായിരുന്നു.

ഇക്കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു സംഭവം .21 ലക്ഷത്തോളം രൂപയും അഞ്ച് ഇലക്ട്രിക് ത്രാസ്സുകളും വാക്കി ടോക്കി, ഗ്യാസ് ബര്‍ണര്‍ എന്നിവയും വീട്ടിൽ നിന്ന് കണ്ടെടുത്തിരുന്നു. വീട്ടില്‍ സിസിടിവി സ്ഥാപിച്ചിരുന്നതിനാല്‍ എക്സൈസ് സംഘം പരിശോധനയ്ക്ക് എത്തിയത് ഇയാൾ മൊബൈലില്‍ കൂടി തത്സമയം കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇയാൾ കേരളത്തില്‍ നിന്ന് മുങ്ങിയത്. പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. ജാസിറും കുടുംബവും ചേലേമ്പ്ര ഭാഗത്ത് കുറച്ച് കാലങ്ങളായി മയക്കുമരുന്ന് വില്‍പന നടത്തിവരികയായിരുന്നു എന്നാണ് വിവരം.

അതേസമയം കോട്ടയം പൊൻകുന്നത്ത് 250 ഗ്രാം എംഡിഎംഎയുമായി രണ്ട് പേർ പിടിയിലായി. ചങ്ങനാശ്ശേരി സ്വദേശികളാണ് പിടിയിലായത്. ബെംഗളൂരുവിൽ നിന്ന് കാറിൽ പൊൻകുന്നത്ത് എത്തിയതായിരുന്നു ഇവർ. ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക സ്‌ക്വാർഡും പൊന്‍കുന്നം പൊലീസും ചേര്‍ന്നാണ് ഇവരെ പിടികൂടിയത്. 12.5 ലക്ഷം രൂപ വിലയുള്ള എംഡിഎംഎയാണ് പിടികൂടിയതെന്നാണ് വിവരം. കാറിന്റെ ഡോറിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു എംഡിഎംഎ. രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പൊലീസിന്റെ നീക്കം.

Content Highlights: Police arrested the main accused from Bengaluru after the intoxicating substance was seized from his house in Malappuram during an investigation

dot image
To advertise here,contact us
dot image