യാത്രാസമയം പകുതിയിലേറെ കുറയും; ദുബായിൽ ബസുകൾക്കും ടാക്സികൾക്കുമായി കൂടുതൽ പ്രത്യേക പാതകൾ

പൊതുഗതാഗത സംവിധാനങ്ങൾ വേഗതയേറിയതും ആകർഷകവുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആർടിഎ പുതിയ പദ്ധതി നടപ്പാക്കുന്നത്

യാത്രാസമയം പകുതിയിലേറെ കുറയും; ദുബായിൽ ബസുകൾക്കും ടാക്സികൾക്കുമായി കൂടുതൽ പ്രത്യേക പാതകൾ
dot image

പൊതുഗതാഗത മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്കൊരുങ്ങി ദുബായ്. നഗരത്തിലെ യാത്രാസമയം ഗണ്യമായി കുറയ്ക്കുന്നതിനായി കൂടുതൽ സ്ഥലങ്ങളിലേക്ക് പ്രത്യേക ബസ്, ടാക്സി പാതകൾ വികസിപ്പിക്കുന്നു. 14.5 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പദ്ധതിയുടെ മുപ്പത് ശതമാനം ജോലികളും റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി പൂർത്തിയാക്കി.

സ്വകാര്യ വാഹനങ്ങൾക്ക് പകരം പൊതുഗതാഗത സംവിധാനങ്ങൾ വേഗതയേറിയതും ആകർഷകവുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആർടിഎ പുതിയ പദ്ധതി നടപ്പാക്കുന്നത്. നഗരത്തിലെ ആറ് പ്രധാന റോഡുകളിലാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്. ഇതിലൂടെ ദുബായിലെ ആകെ ബസ് ലെയിൻ ശൃംഖല 20.6 കിലോമീറ്ററായി ഉയരും. നിലവിൽ ഇത് വെറും 6.1 കിലോമീറ്റർ മാത്രമാണ്.

ഷെയ്ഖ് സബാഹ് സ്ട്രീറ്റ്, ഡിസംബർ 2 സ്ട്രീറ്റ് എന്നിവടങ്ങളിൽ പുതിയ പാതകൾ വരും. അൽ സത്വ, അൽ നഹ്ദ, ഒമർ ബിൻ അൽ ഖത്താബ്, നായിഫ് സ്ട്രീറ്റ് എന്നിവയാണ് മറ്റ് റൂട്ടുകൾ. പുതിയ പാതകൾ വരുന്നതോടെ ബസ് യാത്രാ സമയം ഗണ്യമായി കുറയും. തിരക്കേറിയ സമയങ്ങളിൽ 24 മുതൽ 59 ശതമാനം വരെ സമയം ലാഭിക്കാം. നായിഫ് സ്ട്രീറ്റിൽ യാത്രാ സമയം 59 ശതമാനം കുറയും. അൽ സത്വ സ്ട്രീറ്റിൽ 54 ശതമാനം സമയം ലാഭിക്കാൻ സാധിക്കും. ബസുകളുടെ കൃത്യനിഷ്ഠയിൽ 56 ശതമാനം വരെ പുരോഗതിയുണ്ടാകും.

ഈ പദ്ധതി ദുബായിയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളെ പിന്തുണയ്ക്കുമെന്ന് ആർടിഎ ഡയറക്ടർ ജനറൽ മതർ അൽ തായർ വ്യക്തമാക്കി. ചില റൂട്ടുകളിൽ ബസ് യാത്രക്കാരുടെ എണ്ണം 30 ശതമാനം വരെ വർദ്ധിച്ചേക്കാം. ഗതാഗതക്കുരുക്ക് ലഘൂകരിക്കാൻ ഈ പദ്ധതി സഹായിക്കും. അതോടൊപ്പം അന്തരീക്ഷ മലിനീകരണം കുറയ്ക്കാനും ഇത് സഹായകരമാകും.

Content Highlights: Dubai authorities have announced the expansion of exclusive lanes for buses and taxis as part of efforts to improve mobility and reduce congestion. The new corridors are expected to cut travel times by more than half on key routes while boosting the efficiency of the public transport network.

dot image
To advertise here,contact us
dot image