

ബഹ്‌റൈൻ, കുവൈറ്റ്, ജോർദാൻ തുടങ്ങിയ രാജ്യങ്ങൾക്കെതിരെ ഇറാൻ നടത്തുന്ന തുടർച്ചയായ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ അപലപിച്ച് യുഎഇ. ആക്രമണങ്ങൾ രാജ്യങ്ങളുടെ പരമാധികാരത്തിന്മേലുള്ള നഗ്നമായ ലംഘനമാണെന്നും അവരുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും വലിയൊരു ഭീഷണിയാണെന്നും യുഎഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
ബഹ്‌റൈൻ, കുവൈറ്റ്, ജോർദാൻ എന്നീ രാജ്യങ്ങൾക്ക് യുഎഇ ഐക്യദാർഢ്യം അറിയിച്ചു. ഇവരുടെ സുരക്ഷയും സ്ഥിരതയും കാത്തുസൂക്ഷിക്കുന്നതിനായി സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും യുഎഇ പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
ഇന്ന് പുലർച്ചെയാണ് ബഹ്‌റൈൻ, കുവൈറ്റ്, ജോർദാൻ രാജ്യങ്ങൾക്ക് നേരെ ഇറാന്റെ ആക്രമണം നടന്നത്. യുഎസ് ആക്രമണങ്ങൾക്ക് മറുപടിയായാണ് കുവൈറ്റിലും ബഹ്റൈനിലും ആക്രമണം നടത്തിയതെന്നാണ് ഇറാന്റെ പ്രതികരണം. ബഹ്‌റൈനിലെ ഷെയ്ക്ക് ഇസാ എയര്‍ബേസിലും കുവൈറ്റിലെ അലി അല്‍ സലേം, അഹ്‌മദ് അല്‍- ജാബര്‍ എയര്‍ബേസുകളിലും ഇന്ന് ഡ്രോണ്‍ ആക്രമണം നടത്തിയതായി ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സാണ് അറിയിച്ചത്.
ഹോര്‍മൂസ് കടലിടുക്ക് കടക്കാന്‍ ശ്രമിച്ച രണ്ട് എണ്ണ കണ്ടെയ്‌നറുകളെ ആക്രമിച്ചെന്നും ഇറാന്‍ അവകാശപ്പെട്ടിരുന്നു. അതേസമയം മിസൈല്‍ - ഡ്രോണ്‍ ആക്രമണങ്ങള്‍ നേരിട്ടതായി കുവൈറ്റ് പ്രതികരിച്ചിട്ടുണ്ട്. ബഹ്‌റൈനില്‍ സൈറണ്‍ മുഴങ്ങി. ജനങ്ങളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ ഇരുരാജ്യങ്ങളും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പശ്ചിമേഷ്യന്‍ സമാധാന ശ്രമങ്ങള്‍ക്ക് തിരിച്ചടി നേരിട്ടതിന് പിന്നാലെ എണ്ണവിലയും കുതിച്ചുയര്‍ന്നു. ബാരലിന് രണ്ട് ഡോളറിലധികമാണ് വര്‍ദ്ധിച്ചത്.
Content Highlights: The UAE has strongly condemned Iran’s attack on West Asian countries, calling for restraint and emphasizing regional stability and diplomatic solutions to rising tensions.