

യുണൈറ്റഡ് അറബ് എമിറേറ്റ്സും പാപുവ ന്യൂ ഗിനിയയും തമ്മിലുള്ള പരസ്പര വിസ രഹിത യാത്രാ കരാർ ഔദ്യോഗികമായി നിലവിൽ വന്നിരിക്കുകയാണ്. ഇതോടെ യുഎഇ പൗരന്മാർക്ക് ആഗോളതലത്തിൽ പുതിയൊരു രാജ്യത്തേയ്ക്ക് കൂടി വിസയില്ലാതെ യാത്ര ചെയ്യാം. ഈ കരാർ പ്രകാരം യുഎഇ, പാപുവ ന്യൂ ഗിനിയ എന്നീ രാജ്യങ്ങളിലെ പാസ്‌പോർട്ട് ഉടമകൾക്ക് വിസയില്ലാതെ ഇരുരാജ്യങ്ങളും സന്ദർശിക്കാവുന്നതാണ്. പരമാവധി 90 ദിവസം വരെ വിസയില്ലാതെ താമസിക്കാൻ കരാർ അനുമതി നൽകുന്നു. എന്നാൽ പാസ്‌പോർട്ടിന് കുറഞ്ഞത് ആറ് മാസത്തെ കാലാവധി ഉണ്ടായിരിക്കണം.
ഒരു മാസം മുമ്പ് ദുബായിൽ നടന്ന വേൾഡ് ഗവൺമെന്റ്സ് ഉച്ചകോടിയിൽ യുഎഇ സഹമന്ത്രി നൂറ അൽ കാബിയും പാപുവ ന്യൂ ഗിനിയ പ്രധാനമന്ത്രി ജെയിംസ് മരാപെയും പങ്കെടുത്ത ചടങ്ങിലാണ് ഈ കരാർ ഒപ്പുവെച്ചത്. ധാരണാപത്രത്തിന്റെ കാലാവധി കഴിഞ്ഞ് 30 ദിവസങ്ങൾക്ക് ശേഷമാണ് ഈ യാത്രാ ആനുകൂല്യം പ്രാബല്യത്തിൽ വന്നത്.
ഈ കരാർ നിലവിൽ വന്നതോടെ 'പാസ്‌പോർട്ട് ഇൻഡെക്സി'ലെ മൊബിലിറ്റി സ്കോറിൽ യുഎഇയും പാപുവ ന്യൂ ഗിനിയയും ഓരോ പോയിന്റുകൾ കൂടി കൂട്ടിച്ചേർത്തു. കഴിഞ്ഞ മാസം ലോകത്തെ ഏറ്റവും മികച്ച പാസ്പോർട്ടുള്ള രാജ്യങ്ങളുടെ പട്ടികയിൽ യുഎഇയ്ക്ക് 182 പോയിന്റാണുള്ളത്. ഈ പട്ടികയിൽ 2018 മുതൽ പാസ്‌പോർട്ട് കരുത്തിന്റെ കാര്യത്തിൽ യുഎഇ ഈ ഒന്നാം സ്ഥാനം നിലനിർത്തുന്നുണ്ട്. അതേസമയം, പാപുവ ന്യൂ ഗിനിയയുടെ പാസ്‌പോർട്ട് 87 മൊബിലിറ്റി സ്കോറുമായി 117-ാം സ്ഥാനത്താണ്. 2021-ൽ ഇത് 71 മാത്രമായിരുന്നു എന്നതിനാൽ നിലവിലെ സ്കോർ വലിയൊരു മുന്നേറ്റമാണ്.
Content Highlights: A new agreement has come into effect allowing UAE citizens to travel to another country without a visa, expanding visa-free access and strengthening bilateral relations.