പുതിയ സമ്മർ സർവീസുകൾ പ്രഖ്യാപിച്ച് എത്തിഹാദ് എയർവേയ്‌സ്; ആദ്യ യാത്രക്കാർക്ക് പ്രത്യേക യാത്രാ കിറ്റ്

മൂന്ന് പുതിയ സ്ഥലങ്ങളിലേക്കാണ് എത്തിഹാദ് സർവീസ് ആരംഭിക്കുന്നത്

പുതിയ സമ്മർ സർവീസുകൾ പ്രഖ്യാപിച്ച് എത്തിഹാദ് എയർവേയ്‌സ്; ആദ്യ യാത്രക്കാർക്ക് പ്രത്യേക യാത്രാ കിറ്റ്
dot image

ആഗോള യാത്രാ ശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായി യൂറോപ്പിലേക്കും ആഫ്രിക്കയിലേക്കും പുതിയ സമ്മർ സർവീസുകൾ ആരംഭിച്ച് എത്തിഹാദ് എയർവേയ്‌സ്. ഈ റൂട്ടുകളിലെ ആദ്യ വിമാനങ്ങളിൽ യാത്ര ചെയ്യുന്നവർക്കായി പരിമിതകാല സ്പെഷ്യൽ ട്രാവൽ കിറ്റും യുഎഇയുടെ ദേശീയ എയർലൈനായ എത്തിഹാദ് അവതരിപ്പിച്ചിട്ടുണ്ട്.

മൂന്ന് പുതിയ സ്ഥലങ്ങളിലേക്കാണ് എത്തിഹാദ് സർവീസ് ആരംഭിക്കുന്നത്. ജൂൺ 11 മുതൽ പോളണ്ടിലെ ക്രാക്കോവിലേക്കും ജൂൺ 12 മുതൽ സ്പെയിനിലെ പൽമ ഡി മല്ലോർക്കയിലേക്കും ജൂൺ 14 മുതൽ ടാൻസാനിയയിലെ സാൻസിബാറിലേക്കും എത്തിഹാദ് എയർവേയ്സിന്റെ വിമാനങ്ങൾ പറന്നുയരും.

പുതിയ റൂട്ടുകൾക്ക് പുറമെ, മുൻവർഷങ്ങളിലെ ജനപ്രിയ സമ്മർ ഡെസ്റ്റിനേഷനുകളിലേക്കുള്ള സർവീസുകളും എത്തിഹാദ് പുനരാരംഭിക്കുന്നുണ്ട്. ജൂൺ 15 മുതൽ മലാഗ, മൈക്കോനോസ് സർവീസുകളും ജൂൺ 16 മുതൽ സാന്റോറിനിയും ജൂൺ 19 മുതൽ നൈസ് സർവീസുകളും സജീവമാകും. ഈജിപ്തിലെ മെഡിറ്ററേനിയൻ തീരത്തുള്ള അൽ അലമീനിലേക്കുള്ള സർവീസുകൾ ജൂലൈ 16 മുതലാണ് പുനരാരംഭിക്കുക.

വേനൽക്കാലത്തെ യാത്രാ ആവശ്യങ്ങൾ മുന്നിൽക്കണ്ടുള്ള എത്തിഹാദിന്റെ വിപുലമായ ബിസിനസ്സ് തന്ത്രത്തിന്റെ ഭാഗമായാണ് ഈ റൂട്ടുകൾ ഒരുക്കിയിരിക്കുന്നത്. ഈ എട്ട് സമ്മർ റൂട്ടുകളിലെയും ആദ്യ സർവീസുകളിൽ യാത്ര ചെയ്യുന്നവർക്ക് സവിശേഷമായി രൂപകൽപ്പന ചെയ്ത 'സമ്മർ എസൻഷ്യൽസ് കിറ്റ്' സമ്മാനമായി ലഭിക്കും. എത്തിഹാദിന്റെ സമ്മർ ഡെസ്റ്റിനേഷനുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ച വാട്ടർപ്രൂഫ് ബാക്ക്പാക്കിലാണ് ഈ കിറ്റ് നൽകുന്നത്.

യാത്രക്കാർക്ക് കൂടുതൽ ഉന്മേഷം നൽകാനും ലക്ഷ്യസ്ഥാനത്ത് എത്തുമ്പോൾത്തന്നെ അവധിക്കാലം ആസ്വദിച്ചു തുടങ്ങാൻ സഹായിക്കാനുമാണ് ഈ പാക്കേജ് തയ്യാറാക്കിയിരിക്കുന്നതെന്ന് എയർലൈൻ അധികൃതർ വ്യക്തമാക്കി. യാത്രക്കാരുടെ സൗകര്യവും ആരോഗ്യവും മുൻനിർത്തി, വേനൽക്കാല യാത്രകൾക്ക് അനുയോജ്യമായ രീതിയിലാണ് എത്തിഹാദ് ഈ കിറ്റ് ഡിസൈൻ ചെയ്തിരിക്കുന്നത്. തീരദേശങ്ങളിലേക്കും നഗരങ്ങളിലേക്കുമുള്ള യാത്രകളെ ഒരുപോലെ കണക്കിലെടുത്താണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

Content Highlights: Etihad Airways has announced new summer services along with special travel kits for first-time passengers, aiming to enhance the overall travel experience during the peak season.

dot image
To advertise here,contact us
dot image