

ദുബായ് സന്ദർശിക്കാനുളള ടൂറിസ്റ്റ് വിസ നടപടികൾ ലളിതമാക്കി ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്. 48 പ്രവൃത്തി മണിക്കൂറിനകം ഒറ്റത്തവണ പ്രവേശനത്തിനുള്ള ടൂറിസ്റ്റ് വീസ ലഭ്യമാക്കുന്നതാണ് പദ്ധതി.
രാജ്യാന്തര സന്ദർശകർക്ക് ദുബായിലേക്കുള്ള പ്രവേശന നടപടികൾ കൂടുതൽ ലളിതമാക്കുന്നതിന്റെ ഭാഗമായാണ് സിംഗിൾ എൻട്രി വിസ സംവിധാനം നടപ്പിലാക്കുന്നത്. 30 ദിവസത്തെയും 60 ദിവസത്തെയും കാലാവധിയുള്ള ടൂറിസ്റ്റ് വീസകൾ ഇത്തരത്തിൽ ലഭ്യമാണ്. ആവശ്യമായ എല്ലാ രേഖകളും സമർപ്പിച്ചുകഴിഞ്ഞാൽ വീസ കൃത്യസമയത്തിനകം അനുവദിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
അംഗീകൃത ടൂർ ഓപറേറ്റർമാർ വഴി വിസയ്ക്കായി അപേക്ഷിക്കാം. യാത്രികർക്ക് തടസ്സമില്ലാത്ത യാത്രാനുഭവം ഉറപ്പാക്കുന്നതിനായി വളരെ ലളിതവും വേഗത്തിലുള്ളതുമായ നടപടിക്രമങ്ങളാണ് ഇതിനായി ഒരുക്കിയിട്ടുള്ളതെന്ന് ജിഡിആർഎഫ്എ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടിലൂടെ വ്യക്തമാക്കി. അപേക്ഷകന്റെ വ്യക്തിഗത ഫോട്ടോ, നിലവിൽ കാലാവധിയുള്ള പാസ്പോർട്ടിന്റെ പകർപ്പ് എന്നിവയാണ് പ്രധാനമായും സമർപ്പിക്കേണ്ടത്.
ചില പ്രത്യേക രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർ തങ്ങളുടെ സ്വന്തം നാട്ടിലെ ദേശീയ തിരിച്ചറിയൽ കാർഡിന്റെ പകർപ്പുകൂടി സമർപ്പിക്കേണ്ടതുണ്ട്.ഡിജിറ്റൽ സേവനങ്ങൾ വിപുലീകരിച്ചും വീസ നടപടികൾ വേഗത്തിലാക്കിയും ആഗോളതലത്തിൽ മുൻനിര വിനോദസഞ്ചാര കേന്ദ്രമെന്ന ദുബായുടെ പദവി കൂടുതൽ ശക്തമാക്കാനാണ് ദുബായ് ലക്ഷ്യമിടുന്നത്. അപേക്ഷ നൽകുന്നത് മുതൽ രാജ്യത്ത് എത്തുന്നതുവരെയുള്ള സന്ദർശകരുടെ യാത്ര കൂടുതൽ സുഗമമാക്കാൻ പുതിയ സംവിധാനത്തിലൂടെ സാധിക്കും.
Content Highlights: Dubai has eased its tourist visa procedures, making travel more convenient for visitors. The updated system is expected to enhance tourism flow and reduce processing time for applicants.