

യുഎഇയിൽ ശക്തമായ പൊടിക്കാറ്റ് റോഡുകളിൽ കാഴ്ചപരിധി കുറയാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെങ്കിലും ശനിയാഴ്ച രാത്രിയോടെ തീരദേശ മേഖലകളിൽ അന്തരീക്ഷത്തിൽ ഈർപ്പത്തിന്റെ അളവ് വർദ്ധിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
യുഎഇയിൽ മണിക്കൂറിൽ 15 മുതൽ 30 കിലോമീറ്റർ വേഗതയിൽ തെക്കുപടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ കാറ്റിന് സാധ്യതയുണ്ട്. ഇത് ചില സമയങ്ങളിൽ 50 കിലോമീറ്റർ വരെ വേഗത കൈവരിച്ചേക്കാം. ശക്തമായ കാറ്റ് കാരണം മണൽക്കാറ്റും പൊടിക്കാറ്റും രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ റോഡുകളിലെ കാഴ്ചപരിധി കുറയും. ഡ്രൈവർമാർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. അറേബ്യൻ ഗൾഫിൽ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ടെങ്കിലും ഒമാൻ കടൽ ശാന്തമായിരിക്കും.
രാജ്യത്താകെ താപനില 25 ഡിഗ്രി സെൽഷ്യസിനും 43 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും. അബുദാബിയിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസും ദുബായിൽ 39 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്താൻ സാധ്യതയുണ്ട്. അൽ ഐൻ, അൽ ഖുവ, ഗൈസൂറ എന്നീ പ്രദേശങ്ങളിലാണ് ശനിയാഴ്ച ഏറ്റവും ഉയർന്ന താപനിലയായ 43 ഡിഗ്രി സെൽഷ്യസ് പ്രവചിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.15-ന് ഫുജൈറയിലാണ് രാജ്യത്തെ ഏറ്റവും ഉയർന്ന താപനിലയായ 47.6 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയത്.
Content Highlights: Authorities in the UAE have warned of strong dust storms that may lead to poor visibility across several areas. Drivers are urged to be careful on the roads, while residents are advised to follow weather updates and safety guidelines.