

സൂര്യകുമാർ യാദവിന്റെ ഇന്ത്യൻ ടി20 നായകസ്ഥാനം തെറിക്കുമെന്ന് ഉറപ്പായതോടെ ആരാകും അടുത്ത നായകൻ എന്ന ചർച്ചകൾ സജീവമാവുകയാണ്. മലയാളി താരം സാംഞ്ഞു സാംസൺ, ശ്രേയസ് അയ്യർ, രജത് പാട്ടിദാർ എന്നിങ്ങനെ നിരവധി പേരുകൾ ഉയർന്ന കേൾക്കുന്നുണ്ടെങ്കിലും ഇന്ത്യൻ മുൻ താരം സഞ്ജയ് മഞ്ജരേക്കറിന് നിർദേശിക്കാനുള്ളത് മറ്റ് രണ്ട് പേരുകളാണ്. ജസ്പ്രീത് ബുമ്ര, ശുഭ്മാൻ ഗിൽ എന്നി പേരുകളാണ് മഞ്ജരേക്കർ തന്‍റെ സോഷ്യൽ മീഡിയ ഹാൻഡിലിലൂടെ നിർദേശിച്ചിരിക്കുന്നത്. പല പേരുകൾ ഉയർന്ന കേൾക്കുന്നു എന്നതിലപ്പുറം ആരെന്നതിൽ ഇതുവരെ അന്തിമതീരുമാനം ആയിട്ടില്ല.
'അടുത്ത ടി20 ലോകകപ്പിന് ഇനിയും ഒരുപാട് നാളുകളുണ്ട്. അതിനാൽ സൂര്യകുമാർ യാദവിനെ നായകസ്ഥാനത്ത് തുടരാൻ അനുവദിക്കുന്നത് യുക്തിസഹമല്ല. ക്യാപ്റ്റൻ സ്ഥാനത്തേക്കുള്ള എന്‍റെ ആദ്യ ചോയ്‌സ് ബൗളർ ജസ്പ്രീത് ബുംറയാണ്. അദ്ദേഹത്തിന്‍റെ പരിക്കുകളെക്കുറിച്ചും വർക്ക്‌ലോഡ് മാനേജ്‌മെന്‍റിനെക്കുറിച്ചും നമ്മൾ ഒരുപാട് ആകുലപ്പെടേണ്ടതില്ല. കാരണം, ഇത് ടി20 ഫോർമാറ്റാണ്. ബുംറയ്ക്ക് ഇവിടെ കൂടുതൽ നന്നായി കാര്യങ്ങൾ ചെയ്യാനാകും. ഇന്ത്യയെ നയിക്കാൻ ബുംറയ്ക്ക് സന്തോഷമേയുള്ളൂ എന്ന് ഞാൻ വിശ്വസിക്കുന്നു. ഒപ്പം മുംബൈ ഇന്ത്യൻസും തങ്ങളുടെ ഭാവി ക്യാപ്റ്റനായി അദ്ദേഹത്തെയാണ് കാണുന്നത്', മഞ്ജരേക്കര്‍ വ്യക്തമാക്കി.
വിദേശ പിച്ചുകളിൽ മികച്ച ബാറ്റിംഗ് അടിത്തറയുള്ള ശുഭ്മൻ ഗില്ലാണ് മഞ്ജരേക്കർ മുന്നോട്ട് വച്ച മറ്റൊരു പേര്. '2026 ഇന്ത്യൻ പ്രീമിയർ ലീഗിൽ റൺസ് കണ്ടെത്തിയ രീതികൊണ്ടും നായകനെന്ന നിലയിലും ഗിൽ മറ്റുള്ളവരേക്കാളും ഒരുപടി മുന്നിലെത്തിക്കഴിഞ്ഞു. ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിന്റെ നായകനായ ഗിൽ, ടീമിനെ ഫൈനലിൽ എത്തിച്ച് തന്‍റെ ക്യാപ്റ്റൻസി മികവും തെളിയിച്ചു.', മഞ്ജരേക്കര്‍ പറഞ്ഞു. നായകൻ സൂര്യകുമാർ യാദവിന്‍റെ മോശം ഫോമും ഫിറ്റ്‌നസ് പ്രശ്നങ്ങളും കണക്കിലെടുത്താണ് സെലക്ടർമാർ താരത്തെ മാറ്റി പുതിയ നായകനെ തിരിയാൻ തീരുമാനമെടുത്തത്.
Content highlight: Sanjay Manjrekar suggests Shubman Gill or Jasprit Bumrah as replacement for Suryakumar Yadav