

തിരുവനന്തപുരം: കുറഞ്ഞ അളവില്‍ കഞ്ചാവ് നിയമവിധേയമാക്കണമെന്ന് മുന്‍ മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടിരുന്നു എന്ന് റിട്ട. ഐഎഎസ് ഓഫീസര്‍ ബിജു പ്രഭാകര്‍. 'നാം നമ്മെ കൊളളയടിക്കുമ്പോള്‍' എന്ന തന്റെ പുസ്തകത്തിലാണ് ബിജു പ്രഭാകര്‍ ഇക്കാര്യം പറയുന്നത്. 2018-ല്‍ സാമൂഹിക നീതി വകുപ്പ് സെക്രട്ടറിയായിരുന്നപ്പോള്‍ കുറഞ്ഞ അളവില്‍ കഞ്ചാവ് നിയമവിധേയമാക്കണം എന്നൊരു കുറിപ്പ് മുഖ്യമന്ത്രിക്ക് കൊടുത്തിരുന്നെന്നും അത് നിയമ, ആഭ്യന്തര വകുപ്പുകളുടെ അഭിപ്രായത്തിന് വിട്ടെങ്കിലും കാര്യങ്ങള്‍ മുന്നോട്ടുപോയില്ല എന്നുമാണ് ബിജു പ്രഭാകര്‍ പുസ്തകത്തില്‍ പറയുന്നത്.
'കുറഞ്ഞ അളവില്‍ കഞ്ചാവ് നിയമവിധേയമാക്കണം എന്നൊരു കുറിപ്പ് 2018-ല്‍ സാമൂഹിക നീതി സെക്രട്ടറിയായിരുന്നപ്പോള്‍ മുഖ്യമന്ത്രിക്ക് കൊടുത്തിരുന്നു. അത് നിയമ, ആഭ്യന്തര വകുപ്പുകളുടെ അഭിപ്രായത്തിന് വിട്ടു. പിന്നീട് പല പ്രാവശ്യം ബന്ധപ്പെട്ട സെക്രട്ടറിമാരെ കണ്ടിട്ടും കാര്യങ്ങള്‍ മുന്നോട്ടുനീങ്ങിയില്ല' എന്നാണ് ബിജു പ്രഭാകര്‍ പറയുന്നത്. മദ്യത്തിന്റെ ഉപഭോഗം കുറയ്ക്കുകയാണ് ലക്ഷ്യമെങ്കില്‍ ആദ്യം ചെയ്യേണ്ടത് വീര്യം കുറഞ്ഞ മദ്യം പ്രോത്സാഹിപ്പിക്കുകയാണെന്നും കളള് എന്ന ഉത്തമ പാനീയത്തെ പ്രോത്സാഹിപ്പിക്കുന്ന നയമല്ല നമ്മുടേതെന്നും ബിജു പ്രഭാകര്‍ പുസ്തകത്തില്‍ പറയുന്നുണ്ട്.
'കളളില്‍ ആല്‍ക്കഹോള്‍ 7-9 ശതമാനം മാത്രമാണ്. വൈനില്‍ പോലും 15 ശതമാനം ആല്‍ക്കഹോളുണ്ട്. എന്നിട്ടും കളള് കുടിക്കുന്നവന്‍ എങ്ങനെ ഫിറ്റായി വഴിയില്‍ കിടക്കുന്നു? കാലാകാലങ്ങളായി ചാരായം കലര്‍ത്തിയ കളളാണ് ഷാപ്പുകളില്‍ കിട്ടുന്നത് എന്നത് എല്ലാവര്‍ക്കും അറിയാവുന്ന രഹസ്യം. ചാരായം കലര്‍ത്തുന്നത് താരതമ്യേന ഭേദം. കാരണം വീര്യം കൂട്ടാന്‍ ഡൈപാം തുടങ്ങി അറിയുന്നതും അറിയാത്തതുമായ നിരവധി കെമിക്കലുകളാണ് കളളില്‍ ചേര്‍ത്തുകൊണ്ടിരിക്കുന്നത്. ഔദ്യോഗിക കണക്ക് അനുസരിച്ച് കേരളത്തിലെ കളളുല്‍പ്പാദനം പ്രതിദിനം നാലുലക്ഷം ലിറ്ററാണ്. എന്നാല്‍ 20 ലക്ഷം ലിറ്റര്‍ വരെ കേരളത്തില്‍ ചിലവായെന്നുവരും'- ബിജു പ്രഭാകര്‍ പറയുന്നു.
പത്തുവര്‍ഷം ലോഡ്‌ഷെഡ്ഡിങ് ഉണ്ടായിരുന്നില്ലെന്ന് പറയുന്നത് തെറ്റായ കാര്യമാണെന്നും താന്‍ ഉള്ള സമയത്ത് രഹസ്യമായി ലോഡ്‌ഷെഡ്ഡിങ് നടത്തിയിട്ടുണ്ടെന്നും നേരത്തെ പുസ്തക പ്രകാശന ചടങ്ങിൽ മുൻ കെഎസ്ഇബി ചെയർമാൻ കൂടിയായ ബിജു പ്രഭാകർ വെളിപ്പെടുത്തിയത് വിവാദമായിരുന്നു. വൈദ്യുതി നിയന്ത്രണം എന്നത് പ്രൊഫഷണല്‍ എഞ്ചിനീയര്‍മാര്‍ കൈകാര്യം ചെയ്യേണ്ട കാര്യമാണെന്നും, ജനങ്ങള്‍ അറിയാതെ തന്നെ പവര്‍കട്ട് ചെയ്യാന്‍ സാധിക്കുമെന്നും ബിജു പ്രഭാകർ പറഞ്ഞിരുന്നു. കൂടംകുളത്ത് സമരം ചെയ്തവര്‍ ഇപ്പോള്‍ കേരളത്തിലേക്ക് വൈദ്യുതി വാങ്ങുകയാണെന്നും ബിജു പ്രഭാകർ പറഞ്ഞിരുന്നു.
Content Highlights: 'I had requested the then Chief Minister to legalize cannabis in small quantities': Biju Prabhakar in his book Naam namme kollayadikkumbol