ബലിപെരുന്നാളിന് തിരക്ക് നിയന്ത്രിക്കുക ലക്ഷ്യം; മാര്‍ഗനിര്‍ദ്ദേശങ്ങളുമായി യുഎഇയിലെ വിമാനക്കമ്പനികള്‍

ബലിപെരുന്നാള്‍ അവധിയും സ്‌കൂള്‍ വേനലവധിയും ഒരുമിച്ചെത്തുന്നതോടെ യുഎഇയിലെ വിമാനത്താവളങ്ങളില്‍ വരും വരും ദിവസങ്ങളില്‍ വലിയ തിരക്കാണ് പ്രതീക്ഷിക്കുന്നത്

ബലിപെരുന്നാളിന് തിരക്ക് നിയന്ത്രിക്കുക ലക്ഷ്യം; മാര്‍ഗനിര്‍ദ്ദേശങ്ങളുമായി യുഎഇയിലെ വിമാനക്കമ്പനികള്‍
dot image

ബലിപെരുന്നാള്‍ അവധിദിനങ്ങളില്‍ തിരക്ക് നിയന്ത്രിക്കാന്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി യുഎഇയിലെ വിമാനക്കമ്പനികള്‍. എമിറേറ്റ്സ് എയര്‍ലൈന്‍സ്, ഇത്തിഹാദ് എയര്‍വെയ്സ്, ഫ്ളൈ ദുബായ് അടക്കമുള്ള വിമാനക്കമ്പനികളാണ് യാത്രാക്കാര്‍ക്കായി മാര്‍​ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയത്. തിരക്കൊഴിവാക്കാന്‍ യാത്രക്കാര്‍ വിമാനത്താവളങ്ങളില്‍ നേരത്തെ എത്തണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.

ബലിപെരുന്നാള്‍ അവധിയും സ്‌കൂള്‍ വേനലവധിയും ഒരുമിച്ചെത്തുന്നതോടെ യുഎഇയിലെ വിമാനത്താവളങ്ങളില്‍ വരും വരും ദിവസങ്ങളില്‍ വലിയ തിരക്കാണ് പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യത്തിലാണ് രാജ്യത്തെ വിവിധ വിമാന കമ്പനികള്‍ യാത്രക്കര്‍ക്കായി പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. തിരക്ക് ഒഴിവാക്കാനും സുരക്ഷിതമായി യാത്ര ചെയ്യാനും യാത്രക്കാര്‍ വിമാനത്താവളങ്ങളില്‍ നിശ്ചയിച്ച സമയത്തിലും നേരത്തെ എത്തണമെന്ന് നിര്‍ദ്ദേശത്തില്‍ പറയുന്നു.

ഓണ്‍ലൈന്‍, ഹോം ചെക്ക്-ഇന്‍ സൗകര്യങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തണമെന്നും എമിറേറ്റ്‌സ്, ഇത്തിഹാദ് എയര്‍വേയ്സ്, ഫ്ലൈ ദുബായ് എന്നീ വിമാനക്കമ്പനികള്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ വ്യക്തമാക്കുന്നു. ദുബായ് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ വിമാനം പുറപ്പെടുന്നതിന് കുറഞ്ഞത് മൂന്ന് മണിക്കൂര്‍ മുന്‍പെങ്കിലും റിപ്പോര്‍ട്ട് ചെയ്യണമെന്ന് എമിറേറ്റ്സ് വ്യക്തമാക്കി. വിമാനം പുറപ്പെടുന്നതിന് 60 മിനിറ്റ് മുമ്പെങ്കിലും ബോര്‍ഡിംഗ് ഗേറ്റില്‍ എത്തിച്ചേരേണ്ടതുണ്ട്. തിരക്കുള്ള സമയങ്ങളില്‍ ഇമിഗ്രേഷന്‍, സെക്യൂരിറ്റി പരിശോധനകള്‍ക്ക് സാധാരണയേക്കാള്‍ കൂടുതല്‍ സമയമെടുക്കും.

വിമാനത്താവളത്തിലേക്കുള്ള റോഡുകളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ദുബായ് മെട്രോയോ മറ്റ് പൊതുഗതാഗത സംവിധാനങ്ങളോ ഉപയോഗിക്കണമെന്നും എമിറേറ്റ്‌സ് നിര്‍ദ്ദേശിച്ചു. യാത്രാക്കാര്‍ മൂന്ന് മണിക്കൂര്‍ മുമ്പ് വിമാനത്താവളത്തില്‍ എത്തണമെന്ന് എത്തിഹാദ് എയര്‍വെയ്‌സും യാത്രക്കാരോട് ആവശ്യപ്പെട്ടു. എന്നാല്‍ കുറഞ്ഞത് നാല് മണിക്കൂര്‍ മുന്‍പെങ്കിലും വിമാനത്താവളത്തില്‍ എത്തിച്ചേരണമൊന്നാണ് ഫ്ളൈ ദുബായുടെ നിര്‍ദ്ദേശം. വിമാനം പുറപ്പെടുന്നതിന് 60 മിനിറ്റ് മുന്‍പ് ചെക്ക്-ഇന്‍ കൗണ്ടറുകള്‍ അടയ്ക്കുമെന്നും ഫ്‌ളൈ ദുബായ് അധികൃതര്‍ വ്യക്തമാക്കി.

Content Highlights: Airlines in the UAE have released travel advisories and operational guidelines to handle the increased passenger flow during Eid al-Adha holidays. Authorities and airlines are focusing on crowd management, timely check-ins, and smoother airport procedures for travelers.

dot image
To advertise here,contact us
dot image