

ദുബായില്‍ ബലിപെരുന്നാളിന് അനധികൃതമായി വെടിക്കെട്ട് നടത്തിയാല്‍ ഒരു ലക്ഷം ദിര്‍ഹം പിഴയും തടവും നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി ദുബായ് പൊലീസ്. വെടിക്കോപ്പുകളുടെ അനധികൃത വില്‍പ്പനയും ഗുരുതര നിയമലംഘനമാണെന്ന് മുന്നറിയിപ്പില്‍ പറയുന്നു. വെടിക്കെട്ട് ആസ്വാദ്യകരമാണെങ്കിലും ഒരു നിമിഷത്തെ അശ്രദ്ധ പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി മാറുമെന്നും പൊലീസ് ഓര്‍മിപ്പിച്ചു.
ബലിപ്പെരുന്നാള്‍ അവധി ആഘോഷങ്ങള്‍ക്കായി താമസക്കാര്‍ തയ്യാറെടുക്കുന്നതിനിടെയാണ് മുന്നറിയിപ്പുമായി പൊലീസ് രംഗത്ത് എത്തിയത്. അനധികൃതമായി വെടിക്കെട്ട് നടത്തിയാല്‍ വലിയ ശിക്ഷാ നടപടികള്‍ നേരിടേണ്ടി വരുമെന്ന് ദുബായ് പൊലീസ് ഓര്‍മിപ്പിച്ചു. ഒരു ലക്ഷം ദിര്‍ഹം പിഴയും തടവുശിക്ഷയുമാണ് നിയമലംഘകരെ കാത്തിരിക്കുന്നത്. ചെറിയ അശ്രദ്ധ പലപ്പോഴും പലപ്പോഴും വലിയ അപകടങ്ങള്‍ കാരണമാകും. ജീവനും സ്വത്തിനും ഭീഷണിയാകാനുള്ള സാഹചര്യങ്ങളും മുന്നില്‍ കാണണം. പൊതുജന സുരക്ഷ ഉറപ്പാക്കാന്‍ നിയമങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും പൊലീസ് ഓര്‍മിപ്പിച്ചു.
അനധികൃത പടക്കവില്‍പ്പനയും ഗുരുതര നിയമലംഘനമാണെന്നും ദുബായ് പൊലീസിന്റെ മുന്നറിയിപ്പില്‍ പറയുന്നു. ലൈസന്‍സില്ലാതെ പടക്കങ്ങള്‍ വില്‍ക്കുന്നതും ഇറക്കുമതി ചെയ്യുന്നതിനും കയറ്റുമതി ചെയ്യുന്നതിനും രാജ്യത്ത് അനുമതിയില്ല. 2019 ലെ ഫെഡറല്‍ ഡിക്രി നിയമ പ്രകാരം രാജ്യത്തേയ്ക്ക് അനധികൃതമായി വെടിക്കോപ്പുകള്‍ കൊണ്ടുവരുന്നവര്‍ക്ക് ഒരു വര്‍ഷത്തില്‍ കുറയാത്ത തടവും 100,000 ദിര്‍ഹത്തില്‍ കുറയാത്ത പിഴയുമാണ് ശിക്ഷ. നിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ വരും ദിവസങ്ങളില്‍ പരിശോധനയും ശക്തമാക്കും.
Content Highlights: Dubai Police has issued a strict warning against unauthorized fireworks during Eid al-Adha celebrations. Authorities stated that violators could face fines reaching 100,000 dirhams as part of efforts to ensure public safety and prevent accidents.