അനധികൃതമായി പടക്കങ്ങൾ ഉപയോ​ഗിക്കുന്നത് തടയുക ലക്ഷ്യം; ബലിപെരുന്നാളിന് മുമ്പ് ദുബായിൽ കർശന പരിശോധന

ബലിപെരുന്നാൾ അവധിക്കാലം പ്രമാണിച്ച് കടുത്ത സുരക്ഷാ ജാഗ്രത മുന്നറിയിപ്പാണ് ദുബായ് പൊലീസ് നൽകിയിരിക്കുന്നത്

അനധികൃതമായി പടക്കങ്ങൾ ഉപയോ​ഗിക്കുന്നത് തടയുക ലക്ഷ്യം; ബലിപെരുന്നാളിന് മുമ്പ് ദുബായിൽ കർശന പരിശോധന
dot image

ബലിപെരുന്നാളിന് മുന്നോടിയായി ദുബായിൽ പരിശോധനകൾ കർശനമാക്കി അധികൃതർ. പെരുന്നാൾ അവധിക്കാലത്ത് അനധികൃതമായി പടക്കങ്ങൾ ഉപയോഗിച്ചാൽ ഒരു ലക്ഷം ദിർഹം പിഴയും ജയിൽ ശിക്ഷയും ലഭിക്കുമെന്ന് ദുബായ് പൊലീസ് മുന്നറിയിപ്പ് നൽകി. ഒപ്പം, നഗരത്തിലെ ഭക്ഷണശാലകളിലും മറ്റ് സ്ഥാപനങ്ങളിലും ഭക്ഷ്യസുരക്ഷയും ശുചിത്വവും ഉറപ്പാക്കാൻ ദുബായ് മുനിസിപ്പാലിറ്റി 24 മണിക്കൂറും പരിശോധന നടത്തും.

ബലിപെരുന്നാൾ അവധിക്കാലം പ്രമാണിച്ച് കടുത്ത സുരക്ഷാ ജാഗ്രത മുന്നറിയിപ്പാണ് ദുബായ് പൊലീസ് നൽകിയിരിക്കുന്നത്. പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി ലൈസൻസില്ലാതെ പടക്കങ്ങൾ വിൽക്കുകയോ, വാങ്ങുകയോ, ഉപയോഗിക്കുകയോ ചെയ്താൽ ഒരു ലക്ഷം ദിർഹം പിഴയും കുറഞ്ഞത് ഒരു വർഷം തടവും ലഭിക്കുമെന്നാണ് പൊലീസ് നൽകുന്ന കർശന മുന്നറിയിപ്പ്. ഒറ്റനോട്ടത്തിൽ അപകടമില്ലെന്ന് തോന്നുമെങ്കിലും പടക്കങ്ങളുടെ ഉപയോഗം വലിയ അപകടങ്ങളിലേക്കും പൊതുസുരക്ഷാ ഭീഷണിയിലേക്കും നയിക്കുമെന്നതിനാലാണ് നടപടി. യുഎഇ ഫെഡറൽ നിയമപ്രകാരം പടക്കങ്ങളുടെ അനധികൃത നിർമാണവും ഇറക്കുമതിയും വലിയ കുറ്റകൃത്യമായാണ് കണക്കാക്കുന്നത്.

അതിനിടെ, പെരുന്നാൾ കാലത്ത് ഭക്ഷ്യസുരക്ഷയും പൊതുജനാരോഗ്യവും ഉറപ്പാക്കാൻ ദുബായ് മുനിസിപ്പാലിറ്റിയും പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്. കര, കടൽ, വ്യോമ പ്രവേശന കവാടങ്ങളിലും നഗരത്തിലെ ഭക്ഷണശാലകളിലും മുനിസിപ്പാലിറ്റിയുടെ പ്രത്യേക സംഘങ്ങൾ 24 മണിക്കൂറും നിരീക്ഷണം നടത്തും.

ഹോട്ടലുകൾ, ബാർബർ ഷോപ്പുകൾ, സലൂണുകൾ, ഷീഷ കഫേകൾ എന്നിവിടങ്ങളിലേക്കും പരിശോധന വ്യാപിപ്പിച്ചിട്ടുണ്ട്. സ്ത്രീകളുടെ സലൂണുകളിൽ ഉപയോഗിക്കുന്ന മൈലാഞ്ചി ഉൽപ്പന്നങ്ങളിൽ ഹാനികരമായ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ടോ എന്ന് കണ്ടെത്താൻ ലബോറട്ടറി പരിശോധനകളും നടത്തുന്നുണ്ട്. അവധിക്കാലത്തെ തിരക്ക് പരിഗണിച്ച് ലേബർ അക്കോമഡേഷനുകളിലും കമ്മ്യൂണിറ്റി മാർക്കറ്റുകളിലും വരും ദിവസങ്ങളിൽ ഫീൽഡ് പരിശോധനകൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.

Content Highlights: Dubai authorities have intensified inspections ahead of Eid Al Adha to prevent the illegal use and sale of fireworks and ensure public safety.

dot image
To advertise here,contact us
dot image