

ബഹ്റൈനില്‍ പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളെ തുടര്‍ന്ന് പ്രതിസന്ധിയിലായ ചെറുകിട-ഇടത്തരം സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനായി പ്രത്യേക സാമ്പത്തിക സഹായ പാക്കേജ് പ്രഖ്യാപിച്ചു. നേരിട്ടുള്ള ധനസഹായം, പ്രവര്‍ത്തനച്ചെലവുകള്‍ക്കുള്ള ഗ്രാന്റ്, കുറഞ്ഞ പലിശനിരക്കിലുള്ള വായ്പാ സൗകര്യം എന്നിവ ഉള്‍പ്പെടുന്നതാണ് ലേബര്‍ ഫണ്ട് തംകീന്‍ ബോര്‍ഡ് പ്രഖ്യാപിച്ച പാക്കേജ്. സ്വകാര്യ മേഖലയെ ശക്തിപ്പെടുത്തുകയും സ്വദേശികളുടെ തൊഴില്‍ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍പ്പ് പിന്നാലെ വലിയ പ്രതിസന്ധിയാണ് രാജ്യത്തെ വ്യവസായ മേഖല നേരിടുന്നത്. ഈ സഹചര്യത്തിലാണ് ചെറുകിട, ഇടത്തരം സംഭങ്ങളെ പിന്തുണയ്ക്കുന്നതിനായി നിരവധി ഇളവുകള്‍ ഉള്‍പ്പെടുത്തിയുള്ള പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസ് മന്ത്രിയും തംകീന്‍ ബോര്‍ഡ് ചെയര്‍മാനുമായ ഷെയ്ഖ് ഈസ ബിന്‍ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. ഭരണാധികാരി ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ എന്നിവരുടെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായാണ് പദ്ധതി ആവിഷക്കരിച്ചിരിക്കുന്നത്.
രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ സ്വകാര്യ മേഖലയുടെയും ചെറുകിട സംരംഭങ്ങളുടെയും പങ്ക് ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് അധികൃതര്‍ വ്യക്തമാക്കി. ബഹ്‌റൈന്‍ സ്വദേശികള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ ഉറപ്പാക്കുന്നതില്‍ ചെറുകിട സംരംഭങ്ങള്‍ നിര്‍ണായക പങ്കുവഹിക്കുന്നതായി ഷെയ്ഖ് ഈസ ചൂണ്ടിക്കാട്ടി. ഏകദേശം 7,250 കമ്പനികള്‍ക്ക് ഗുണകരമാകുന്ന പദ്ധതിയില്‍ മൂന്ന് പ്രധാന സഹായ ഘട്ടങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
സംഘര്‍ഷത്തെ തുടര്‍ന്ന് അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നാശനഷ്ടം സംഭവിക്കുകയോ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാതിരിക്കുകയോ ചെയ്ത സ്ഥാപനങ്ങള്‍ക്ക് നേരിട്ടുള്ള സാമ്പത്തിക സഹായം നല്‍കും. ബിസിനസ് തുടര്‍ച്ചയും ജീവനക്കാരുടെ തൊഴില്‍ സുരക്ഷയും ഉറപ്പാക്കുന്നതിനായി പ്രവര്‍ത്തനച്ചെലവുകള്‍ക്കായി ഗ്രാന്റുകളും അനുവദിക്കും. കൂടാതെ ദീര്‍ഘകാല പ്രവര്‍ത്തനങ്ങള്‍ക്കും പണലഭ്യത ഉറപ്പാക്കുന്നതിനുമായി കുറഞ്ഞ പലിശനിരക്കില്‍ വായ്പാ സൗകര്യങ്ങളും ഏര്‍പ്പെടുത്തും. സ്വകാര്യ മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്താനും സാമ്പത്തിക വെല്ലുവിളികള്‍ മറികടന്ന് വളര്‍ച്ച നിലനിര്‍ത്താനും സാമ്പത്തിക പാക്കേജ് സഹായകമാകുമെന്നാണ് വിലയിരുത്തല്‍.
Content Highlights: Bahrain has unveiled a special support package aimed at strengthening small and medium enterprises (SMEs), boosting business growth, and enhancing economic development.