

യുഎഇയുടെ ടൂറിസം മേഖല വീണ്ടും സജീവമാകുന്നു. പ്രധാന വിനോദ കേന്ദ്രമായ റാസ് അല്‍ ഖൈമയില്‍ സ്റ്റേക്കേഷനായി എത്തുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവ് ഉണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതോടെ ഹോട്ടലുകളിലെ ബുക്കിംഗുകളും വര്‍ദ്ധിച്ചു. വരും ആഴ്ചകളില്‍ അന്താരാഷ്ട്ര സന്ദര്‍ശകര്‍ ഉള്‍പ്പെടെ കൂടുതല്‍ ആളുകള്‍ ഇവിടേക്ക് എത്തുമെന്നാണ് പ്രതീക്ഷ.
പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ വിനോദസഞ്ചാരികളുടെ വരവില്‍ കുറവുണ്ടായിട്ടും റാസ് അല്‍ ഖൈമയില്‍ ടൂറിസം മേഖല ഇപ്പോള്‍ സജീവമാണ്. ഇവിടുത്തെ ഹോട്ടലുകളില്‍ 70 മുതല്‍ 90 ശതമാനം വരെയാണ് നിലവിലത്തെ ബുക്കിങ്. യുഎഇയിലെ തന്നെ താമസക്കാരാണ് സ്റ്റേക്കേഷന് വേണ്ടി റാസല്‍ ഖൈമയിലേക്ക് എത്തുന്നത്. വാരാന്ത്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്നത്. ബീച്ച് ഫ്രണ്ട് റിസോര്‍ട്ടുകള്‍, ഡെസേര്‍ട്ട് സഫാരി, ജബല്‍ ജെയ്സിലെ സാഹസിക യാത്രകള്‍ അങ്ങനെ നിരവധി ആകര്‍ഷണങ്ങളാണ് റാസല്‍ഖൈമയിലുള്ളത്.
എമിറേറ്റിലെ ജിഡിപിയുടെ അഞ്ച് ശതമാനവും സംഭാവന ചെയ്യുന്നത് ടൂറിസം മേഖലയാണ്. 2030 ആകുമ്പോഴേക്കും പ്രതിവര്‍ഷം 3.5 ദശലക്ഷം സന്ദര്‍ശകരെ ഇവിടെക്ക് എത്തിക്കാനാണ് റാക് ടൂറിസം ലക്ഷ്യമിടുന്നത്. വരാനിരിക്കുന്ന ബലിപ്പെരുന്നാള്‍ അവധി ദിനങ്ങളിലും വലിയ തിരക്ക് പ്രതീക്ഷിക്കുന്നു. പ്രത്യേക പാക്കേജുകളും വെല്‍നസ് പരിപാടികളും ഒരുക്കി വേനല്‍ക്കാല സന്ദര്‍കരെ വരവേല്‍ക്കാനും ഹോട്ടലുകളും തയ്യാറെടുത്തുകഴിഞ്ഞു. വരും ആഴ്ചകളില്‍ അന്താരാഷ്ട്രസന്ദര്‍ശകരുടെ എണ്ണത്തിലും വലിയ വര്‍ദ്ധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യ, റഷ്യ അടക്കമുള്ള രാജ്യങ്ങളില്‍നിന്ന് കൂടുതല്‍ സന്ദര്‍ശകരെത്തുമെന്നും ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റ് വിലയിരുത്തുന്നു.
Content Highlights: The UAE tourism sector is showing strong signs of recovery with a sharp increase in tourist arrivals. The rise in visitor numbers is expected to strengthen the hospitality industry and contribute positively to the country’s economy.