

2026 മാര്‍ച്ചില്‍ ഏഷ്യയിലെ എല്‍എന്‍ജി ഇറക്കുമതി 21.12 മില്ല്യണ്‍ ടണ്ണായി കുറഞ്ഞു. 2019ന് ശേഷമുള്ള ഏറ്റവും താഴ്ന്ന പ്രതിമാസനിരക്കാണിത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഖത്തറില്‍ നിന്നും യുഎഇയില്‍ നിന്നുമുള്ള എല്‍എന്‍ജി വിതരണം തടസപ്പെട്ടതാണ് ഇടിവിന് പിന്നിലെ പ്രധാന കാരണം.

ചൈന, ഇന്ത്യ, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ ഇറക്കുമതി വലിയ തോതില്‍ കുറഞ്ഞു. ഗ്യാസ് എക്‌സ്‌പോര്‍ട്ടിങ് രാജ്യങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരമുള്ള കണക്കുകളാണ് പുറത്ത് വന്നിരിക്കുന്നത്. വര്‍ഷംതോറും 4.3% (0.94 മില്ല്യണ്‍ ടണ്‍) കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഖത്തറില്‍ നിന്നുള്ള എല്‍എന്‍ജി വിതരണം കുറഞ്ഞത് ഈ മൂന്ന് രാജ്യങ്ങളിലും ഇറക്കുമതി ഇടിവിന് കാരണമായി. കൂടാതെ യുഎഇയില്‍ നിന്നുള്ള വിതരണം കുറഞ്ഞത് ഇന്ത്യയെ കൂടുതല്‍ ബാധിച്ചു. ചൈനയില്‍ ആഭ്യന്തര വിപണി ആവശ്യത്തിന് ഗ്യാസ് ലഭ്യമായതിനാല്‍ സ്‌പോട്ട് എല്‍എന്‍ജി ആവശ്യവും കുറഞ്ഞു.
അതേസമയം തായ്‌ലന്റും തായ് വാനും ഇറക്കുമതി വര്‍ധിപ്പിച്ചു. തായ് വാന്‍, ബ്രൂണേ, കാനഡ, യുണൈറ്റഡ് സ്റ്റേറ്റ്‌സ് എന്നീ രാജ്യങ്ങളില്‍ നിന്ന് എല്‍എന്‍ജി വാങ്ങി ആവശ്യകത നിറവേറ്റി. തായ്‌ലന്‍ഡ് ചൈനയില്‍ നിന്ന് പുനര്‍ കയറ്റുമതി ചെയ്ത എല്‍എന്‍ജി ഉപയോഗിച്ച് കുറവ് നികത്തി.
2026 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കണക്കുകള്‍ പ്രകാരം ഏഷ്യയിലെ എല്‍എന്‍ജി ഇറക്കുമതി 69.25 മില്ല്യണ്‍ ടണ്ണാണ്. ഇത് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 3.8% വര്‍ധനയാണ്.
ആഗോള തലത്തില്‍, മാര്‍ച്ച് 2026ല്‍ എല്‍എന്‍ജി കയറ്റുമതി 6.8% കുറഞ്ഞ് 35.80 മില്ല്യണ്‍ ടണ്ണായി. 2020 ജൂലൈക്ക് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണിത്. ഇതില്‍ ഗ്യാസ് എക്‌സ്‌പോര്‍ട്ടിങ് കണ്‍ട്രീസ് ഫോറം അംഗരാജ്യങ്ങളിലെ കയറ്റുമതി കുറഞ്ഞതാണ് പ്രധാന കാരണമായത്.
മിഡില്‍ ഈസ്റ്റ് സംഘര്‍ഷം ഹോര്‍മുസ് വഴിയുള്ള എല്‍എന്‍ജി ചരക്കുനീക്കത്തെ ബാധിച്ചു. ഖത്തറും യുഎഇയും എല്‍എന്‍ജി കയറ്റുമതിക്ക് ആശ്രയിക്കുന്ന ഏക പ്രധാന കടലിടുക്കാണിത്. കൂടാതെ ഖത്തറിലെ രണ്ട് എല്‍എന്‍ജി പ്ലാന്റുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതും (12.8 മില്ല്യണ്‍ ടണ്‍ വാര്‍ഷിക ശേഷി) വിതരണം കുറയാന്‍ കാരണമായേക്കും.

മാര്‍ച്ച് മാസത്തില്‍ അമേരിക്ക, ഓസ്‌ട്രേലിയ, റഷ്യ എന്നീ രാജ്യങ്ങളാണ് ഏറ്റവും പ്രധാന എല്‍എന്‍ജി കയറ്റുമതിക്കാരായി മാറിയത്. അമേരിക്ക 11.74 മില്ല്യണ്‍ ടണ്‍ കയറ്റുമതി ചെയ്ത് റെക്കോര്‍ഡിട്ടു.
Content Highlights: Asia’s LNG imports fell to 21.12 million tonnes in March 2026, the lowest since 2019, due to supply disruptions from Qatar and the UAE